'പള്ളീലച്ചനാകാൻ പോയി, മൂന്ന് കാരണങ്ങൾ കൊണ്ട് അവിടെന്ന് ചാടി; എന്റെ ഭ്രാന്തിന് പിന്തുണ നൽകുന്ന ആളാണ് ഭാര്യ!'
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് അലൻസിയർ. നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. സഹനടനായും വില്ലനായുമെല്ലാം നിരവധി സിനിമകളിൽ ശ്രദ്ധയാ വേഷങ്ങളിൽ അദ്ദേഹം എത്തിയിട്ടുണ്ട്.
അതേസമയം ചെറുപ്പത്തിൽ പള്ളിയിലച്ചൻ ആകാൻ വേണ്ടി സെമിനാരിയിൽ പോയിട്ടുണ്ട് അലൻസിയർ. സ്വന്തം നിർബന്ധത്തിൽ പള്ളിയിലച്ചനാകാൻ പോയ നടൻ ഒരു വർഷത്തിന് ശേഷം അവിടെ നിന്ന് ചാടുകയായിരുന്നു.

ഇപ്പോഴിതാ, ആ കഥ പറയുകയാണ് അലൻസിയർ ക്യാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുടുംബത്തെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചുമേല്ലാം അദ്ദേഹം സംസാരിക്കുന്നുണ്ട്. നഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും അലൻസിയർ പറയുന്നുണ്ട്.
'ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ സുരാജ് ചെയ്ത വേഷം ഞാൻ ചെയ്യേണ്ടിയിരുന്നതാണ്. ഓരോ അരിമണിയിലും ഓരോരുത്തർക്ക് ഉള്ളത് എഴുതിയിട്ടുണ്ട് എന്ന് പറയുന്നത് പോലെയാണ്. എന്നോട് കഥ പറഞ്ഞതാണ്. കുറേ കാലം കഴിഞ്ഞപ്പോൾ ഞാൻ മറ്റു സിനിമകളിലേക്ക് അങ്ങനെ മാറിപോയതാണ്. എനിക്ക് ഇഷ്ടപ്പെട്ട സിനിമ ആയിരുന്നു,'

'നഷ്ടമായതിന്റെ പേരിൽ സങ്കടമുള്ള സിനിമകൾ ഒന്നുമില്ല. കിട്ടിയതിൽ എല്ലാം സന്തോഷമേയുള്ളൂ. എനിക്ക് പത്മരാജൻ, ഭരതൻ എന്നിവരുടെ സിനിമയിലൊക്കെ അഭിനയിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഭരതൻ സാറിന്റെ മകന്റെ സിനിമ ചെയ്യാൻ പറ്റി. ലളിത ചേച്ചിക്ക് ഒപ്പം രണ്ടു സിനിമ ചെയ്യാൻ പറ്റി,'
'തൊണ്ടിമുതൽ എന്ന സിനിമയിൽ ആദ്യത്തെ കാസ്റ്റിംഗ് സുധീർ കരമനയും ഇന്ദ്രൻസും ഒക്കെ ആയിരുന്നു. അതാണ് പിന്നീട് എന്നിലേക്ക് എത്തിയത്. അവരുടെ വേഷങ്ങളും എനിക്ക് വന്നിട്ടുണ്ട്. മലയാള സിനിമയിലെ ബന്ധങ്ങൾ കാരവനിൽ ഒതുങ്ങുന്നു എന്ന് പറയുന്നിടത് നല്ല സൗഹൃദങ്ങൾ എനിക്കുണ്ട്. ഇന്ദ്രൻസൊക്കെ നല്ല സുഹൃത്തുക്കളാണ്,'

'അങ്ങനെ കുറെ പേരുണ്ട്. ബിജു മേനോൻ, വിനയ് ഫോർട്ട്, ടൊവിനോ, മമ്മൂക്ക - എന്തെങ്കിലും ഒരു മെസേജ് അയച്ചാൽ അപ്പോൾ പ്രതികരിക്കുന്ന ആളാണ്. അതുപോലെ മഞ്ജു, നിമിഷ ഇവരെല്ലാം നല്ല സുഹൃത്തുക്കളാണ്. ചിലർ ആ സമയത്ത് മാത്രം ഉള്ളതാണ്. ബിജുവൊക്കെ ഞാൻ അങ്ങോട്ട് വിളിച്ചില്ലെങ്കിലും ഇങ്ങോട്ട് വിളിക്കുന്ന ആളാണ്. ഞാൻ എന്തെങ്കിലും പൊളിറ്റിക്കൽ വിഷയങ്ങളിൽ ഇടപെട്ടാൽ ഒരു കോൾ പ്രതീക്ഷിക്കാം.ഇത് വേണോ എന്ന് ചോദിച്ച്. സ്നേഹം കൊണ്ടാണ്,'

'എന്റെ അച്ഛനും അമ്മയും നേരത്തെ ചോദിച്ചിരുന്നത് പോലെയാണ് ഞാൻ അതിനെ കാണുന്നത്. പക്ഷേ എനിക്ക് ഞാൻ അല്ലാതെ ഇരിക്കാൻ പറ്റില്ല. എനിക്ക് എന്റേതായ ഭ്രാന്തുകളുണ്ട്. അതെല്ലാം സഹിക്കുന്ന ഒരു കുടുംബവുമുണ്ട്. എന്റെ ഭ്രാന്തിന് പിന്തുണ നൽകുന്ന ആളാണ് ഭാര്യ. എനിക്ക് ഭ്രാന്ത് കൂടുമ്പോൾ ചിലപ്പോൾ ഭാര്യക്കും ഭ്രാന്താകും. അത് പകരുമെന്നതിൽ സംശയം വേണ്ടല്ലോ,'
'ഞാൻ സെമിനാരിയിൽ പോയിട്ടുണ്ട്. ഒരു വർഷം പോയി. അച്ഛൻ സെമിനാരിയിൽ പോയിട്ട് ലോഹ ഇടനായപ്പോൾ അമ്മയെ പ്രേമിച്ച് കെട്ടിയ ആളാണ്. അതുകൊണ്ട് അച്ഛന് താല്പര്യമില്ലായിരുന്നു. എന്റെ ആഗ്രഹത്തിൽ പോയതാണ്. അമ്മുമ്മ സപ്പോർട്ട് ആണ്. അങ്ങനെ ഞാൻ പോയി. അവിടെ മുണ്ടും ഷർട്ടുമാണ് വേഷം,'

'ഇത് ഇട്ട് സ്‌കൂളിൽ പോകണം. ക്ലാസിലെ ഒരു വികൃതി പയ്യൻ ബെഞ്ചിൽ മഷി കുടഞ്ഞിട്ട് മുണ്ട് വൃത്തികേടാകും. മടക്കി കുത്താൻ പോലും പറ്റില്ല. പിന്നെ പ്രാർത്ഥന ഇംഗ്ലീഷിൽ ചൊല്ലണം. അതും എനിക്ക് വശമാകുന്നില്ല,'
'സ്പൂൺ കൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത് അതും സ്പൂൺ പാത്രത്തിൽ തട്ടി ശബ്ദം കേൾക്കാൻ പാടില്ല. ഈ മൂന്ന് കാരണങ്ങൾ കൊണ്ട് ഞാൻ പള്ളീലച്ചൻ ആകണ്ടെന്ന് തീരുമാനിച്ചു. മാതാവിനോട് പ്രാർത്ഥിച്ച്. അവിടെന്ന് ഞാൻ മതിൽ ചാടി. അച്ഛനായാലും അഭിനയം തന്നെയാണ്. എല്ലാ കുപ്പായത്തിനുള്ളിലും അഭിനേതാവുണ്ട്,' അലൻസിയർ പറഞ്ഞു.


Click it and Unblock the Notifications











