ഒഴിവാക്കുന്നതോ മാറ്റിനിർത്തുന്നതോ എന്നെ ബാധിക്കില്ല, ഇതിലും വലുത് കടന്ന് വന്നതാണ്: അപ്പാനി ശരത്
അങ്കമാലി ഡയറീസ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടന്മാരിൽ ഒരാളാണ് ശരത് കുമാർ എന്ന അപ്പാനി ശരത്. അപ്പാനി രവി എന്ന കഥാപാത്രത്തെയാണ് ശരത് സിനിമയിൽ അവതരിപ്പിച്ചത്. എങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി അത് മാറി. തുടർന്നാണ് പേരിനൊപ്പം അപ്പാനി എന്ന പേരും നടന് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം വമ്പൻ ഹിറ്റായതോടെ തമിഴിൽ നിന്നുൾപ്പെടെ കൂടുതൽ അവസരങ്ങൾ ശരത്തിനെ തേടിയെത്തി.
മലയാളത്തിലും നിരവധി സിനിമകളുടെ ഭാഗമാകാൻ ശരത്തിന് കഴിഞ്ഞു. എന്നാൽ അങ്കമാലി ഡയറീസിലെ പോലെ കയ്യടി നേടിയ ഒരു വേഷമോ അതുപോലൊരു സൂപ്പർ ഹിറ്റ് സിനിമയോ ശരത്തിന് ലഭിച്ചിട്ടില്ല. കരിയറിൽ പിന്നീട് അങ്കമാലി പോലെ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ ശരത്തിന് കഴിഞ്ഞില്ല. നാടകത്തിൽ നിന്നുമാണ് ശരത് സിനിമയിലേക്ക് എത്തുന്നത്. യാതൊരു സിനിമാ പശ്ചാത്തലമില്ലാതെ ഇന്ന് കാണുന്ന അപ്പാനി ശരത്തിലേക്ക് എത്താൻ നടൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്.

മുൻപ് പല അവസരങ്ങളിലും ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെ ജീവിതത്തിലും താൻ അനുഭവിച്ചിട്ടുള്ള അവഗണനയെ കുറിച്ച് സംസാരിക്കുകയാണ് നടൻ. പുതിയ ചിത്രമായ അച്ഛനൊരു വാഴ വെച്ചു എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അപ്പാനി ശരത്.
'ആളുകൾ ഒഴിവാക്കുന്നതോ മാറ്റി നിർത്തുന്നതോ എന്നെ അങ്ങനെ ബാധിക്കില്ല. ഞാൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നടനായി മാറിയ ആളല്ല. വിഷമം ആവില്ലേ എന്ന് ചോദിച്ചാൽ ആകും, എന്നാൽ ഇതിലും വലുത് കണ്ടുവന്നതാണ് ഞാൻ. നൂറും ഇരുന്നൂറും പേരുള്ള ക്യാമ്പിൽ നിന്നൊക്കെ ഇറക്കി വിട്ടിട്ട്, പട്ടി കരയും പോലെ ഇരുന്ന് കരഞ്ഞിട്ടൊക്കെ ഉള്ളതാണ് ഞാൻ. നാടക ക്യാമ്പിൽ താമസിച്ച് വന്നതിന്റെ പേരിൽ പുറത്താക്കിയത് ആണ് അതൊക്കെ',
'താമസിക്കാൻ കാരണം വീട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർത്തിട്ടാണ് എത്തുന്നത് എന്നത് കൊണ്ടാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ തീർത്ത ശേഷമാണ് നമ്മൾ നമ്മുടെ സ്വപ്നത്തിന്റെ പുറകെ പോകുന്നത്. അപ്പോൾ അൽപം താമസിച്ചെന്നൊക്കെ വരും. അതുകാരണം വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഞാൻ എപ്പോഴും ഇത് തന്നെയാണല്ലോ പറയുന്നതെന്ന് ഭാര്യ പറയാറുണ്ട്. എനിക്ക് പറയാൻ അത് മാത്രമേയുള്ളു. അതുകൊണ്ടാണ്. വന്ന വഴി നമ്മൾ ഒരിക്കലും മറക്കരുത്' ശരത് പറയുന്നു.

മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കാതെ പോകുമ്പോൾ വിഷമം തോന്നാറുണ്ടെന്നും എന്നാൽ അവസരങ്ങൾ ചോദിച്ചുപോകാതെ ഇരിക്കാറില്ലെന്നും ശരത് പറഞ്ഞു. 'നല്ല വേഷങ്ങൾ ലഭിക്കാതെ പോകുമ്പോൾ വിഷമം തോന്നാറുണ്ട്. എന്നാൽ അതിൽ വലിയ കാര്യമില്ലല്ലോ. കിട്ടിയതിൽ സന്തോഷിച്ച് മുന്നോട്ട് പോവുക എന്നതാണ്. കിട്ടുന്ന അവസരങ്ങൾ നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കാറുണ്ട്. പിന്നെ ഇത് സിനിമയാണ്. സിനിമയ്ക്ക് നമ്മളെയല്ല, നമുക്ക് സിനിമയെ ആണ് ആവശ്യം',
'മാലിക്കിലെ അവസരം ഞാൻ ചോദിച്ചു വാങ്ങിയതാണ്. സൗബിന് വെച്ചിരുന്ന കഥാപാത്രമാണ്. സൗബിൻ ഇല്ലെന്ന് പറഞ്ഞ ശേഷമാണു എനിക്ക് വരുന്നത്. അത് ഞാൻ രണ്ടുമൂന്ന് വട്ടം വിളിച്ചശേഷമാണ്. ഞാൻ മലയാളത്തിലെ മിക്ക നിർമാതാക്കളെയും വിളിക്കാറുണ്ട്. പിന്നെ എന്നെ ചിലപ്പോൾ വിളിക്കാത്തത് എനിക്ക് പറ്റിയ വേഷങ്ങൾ ഇല്ലാത്തത് കൊണ്ടാകും. ഞാൻ അതിന് കരഞ്ഞുപിടിച്ച് ഇരുന്നാൽ കാര്യമില്ല. എനിക്ക് അതല്ലാതെ ഒരുപാട് സിനിമകൾ ചെയ്യാനുണ്ടാകും',
'പിന്നെ നേരത്തെ പറഞ്ഞപോലെ, അവഗണനകളും ഒഴിവാക്കലുകളും എല്ലാം കിട്ടിയിട്ടുണ്ട്. കിട്ടിക്കൊണ്ട് ഇരിക്കുന്നുമുണ്ട്. ഇനിയും കിട്ടുകയും ചെയ്യും. അതെല്ലാം എനിക്ക് അറിയാം', അപ്പാനി ശരത് പറഞ്ഞു.


Click it and Unblock the Notifications











