അന്ന് തീരുമാനിച്ചു മദ്യപാനം നിർത്തണമെന്ന്, ഒരുപാട് ബുദ്ധിമുട്ടി! വീട്ടിലും പ്രശ്നങ്ങളായി; തുറന്നു പറഞ്ഞ് അർജുൻ
മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് നടൻ അർജുൻ അശോകൻ. അച്ഛൻ ഹരിശ്രീ അശോകന്റെ പാതയിലൂടെയാണ് അർജുൻ സിനിമയിലേക്ക് എത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് അർജുന്റെ സിനിമ അരങ്ങേറ്റം. ആദ്യ സിനിമ പരാജയമായെങ്കിലും അതിനെ വിജയത്തിന്റെ ചവിട്ടുപടിയായി കണ്ട് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു അർജുൻ.
നായക വേഷങ്ങളിലടക്കം തിളങ്ങി നിൽക്കുകയാണ് അർജുൻ ഇന്ന്. ഈ വർഷം പുറത്തിറങ്ങിയ തുറമുഖം, രോമാഞ്ചം തുടങ്ങിയ സിനിമകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് തിളങ്ങി നിൽക്കുകയാണ് അർജുൻ. നിരവധി മികച്ച സിനിമകളാണ് അർജുന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. സിനിമകളുടെ തിരഞ്ഞെടുപ്പിൽ വരെ വളരെ സൂക്ഷമതയോടെയാണ് അർജുൻ മുന്നോട്ട് പോകുന്നത്.

എന്നാൽ അതൊന്നുമില്ലാതെ ജീവിതത്തിലും കരിയറിലും താൻ ശ്രദ്ധിക്കാതെ നടന്ന സമയമുണ്ടെന്ന് പറയുകയാണ് അർജുൻ ഇപ്പോൾ. ഒരു വർഷം മുൻപ് താൻ മദ്യപാനത്തിന് അടിമപ്പെട്ടിരിക്കുകയായിരുന്നെന്നും കരിയറിൽ ഉൾപ്പടെ താൻ കെയർലസ് ആയി മാറിയെന്നും അർജുൻ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് അർജുൻ മനസ് തുറന്നത്.
'കോവിഡ് സമയത്താണ് മദ്യപാനം കൂടിയത്. അതോടെ ഞാൻ തടിവെച്ചു. അങ്ങനെ ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് തന്നെ മനസിലായി ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന്. സിനിമയിൽ എത്തിപ്പെടാൻ ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. അതിനുശേഷം നല്ല കുറച്ച് കഥാപാത്രങ്ങൾ കിട്ടി. ആളുകൾ അതൊക്കെ ആക്സെപ്റ്റ് ചെയ്തു. എന്നാൽ ഒരു സമയത്ത് ഞാൻ കെയർലെസ് ആയപോലെ എനിക്ക് തോന്നി',
'ശരീരം നോക്കുന്നില്ല, ചെയ്യാൻ പോകുന്ന കഥാപാത്രങ്ങൾ നോക്കുന്നില്ല. അങ്ങനെ വന്നപ്പോൾ മദ്യപാനത്തിന് സ്റ്റോപ്പിട്ടു. അപ്പോഴാണ് തടിയൊക്കെ കുറഞ്ഞ് ഒന്ന് കൺട്രോളിലായത്. ആ സമയത്താണ് രോമാഞ്ചം ചെയ്യുന്നത്. മദ്യപാനം നിർത്തിയാൽ നല്ലതാകുമെന്ന് എനിക്ക് തന്നെ തോന്നി. നിർത്തിയാൽ നല്ല കുറെ കഥാപാത്രങ്ങൾ ചെയ്യമെന്നൊക്കെ കരുതി. അപ്പോൾ തന്നെ നിർത്തി', അർജുൻ അശോകൻ പറയുന്നു.
'ഒന്നും ഒരു അഡിക്ഷൻ അല്ല. നമ്മൾ നിർത്തണം എന്ന് കരുതിയാൽ നിർത്താവുന്നതേ ഉള്ളു. ഡയറ്റ് ചെയ്യുമ്പോൾ ആണെങ്കിൽ പോലും നമ്മൾ സ്വയം മനസുകൊണ്ട് വിചാരിക്കണം. അങ്ങനെ ഒരു തീരുമാനം നമ്മൾ എടുത്താൽ മാത്രമേ നമുക്ക് പലതും ഒഴിവാക്കി നിൽക്കാൻ സാധിക്കൂ. മദ്യപാനം ഞാൻ നിർത്താൻ തീരുമാനിച്ചപ്പോൾ, ഇനി അടിക്കരുതെന്ന് ഞാൻ സ്വയം തീരുമാനിച്ചു, എനിക്ക് വേറെ കുറെ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഉറപ്പിച്ചു',

'നിർത്താൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഞാൻ നിർത്തി. അടിക്കാതെ പിടിച്ചു നിൽക്കാനൊക്കെ ബുദ്ധിമുട്ടി. പക്ഷെ പിടിച്ചു നിന്നു. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. മദ്യപാനം അമിതമായ സമയത്ത് ഭാര്യ നിഖിതയുമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതുകാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ഇപ്പോൾ അതൊക്കെ മാറി. വീട്ടുകാർ പോലും വിചാരിച്ചിരുന്നില്ല ഞാൻ വെള്ളമടി നിർത്തുമെന്ന്', അർജുൻ പറയുന്നു.
'ഇപ്പോൾ ഒരു വർഷമായി. കഴിഞ്ഞ ദിവസമാണ് വൺ ഇയർ ആഘോഷിച്ചത്. കൂട്ടുകാർക്കെല്ലാം കുപ്പി വാങ്ങി കൊടുത്തു. ഞാൻ അടിച്ചില്ല. ഇതിനിടയിൽ അടിക്കാവുന്ന പല സാഹചര്യങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഞാൻ എന്റെ അഡിക്ഷൻ സിനിമയിലേക്ക് ആക്കി മാറ്റി. ആദ്യം സിനിമ തന്നെയായിരുന്നു. പിന്നീടത് മാറി. അത് ഞാൻ തിരിച്ചു പിടിച്ചു. വലിയൊരു അച്ചീവ്മെന്റായാണ് അതിനെ കാണുന്നത്', അർജുൻ പറഞ്ഞു. സിനിമകൾ കൂടിയപ്പോൾ ടെൻഷനും കമ്മിറ്റ്മെന്റ്‌സും കൂടി. അതോടെയാണ് മദ്യപാനവും കൂടിയതെന്നും അർജുൻ അശോകൻ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











