60-ാം വയസ്സിൽ വീണ്ടും വിവാഹിതനായി നടൻ ആശിഷ് വിദ്യാർത്ഥി, വധു അസമിൽ നിന്ന്; വൈറലായി ചിത്രങ്ങൾ
മലയാളികൾക്കെല്ലാം സുപരിചിതനായ നടനാണ് ആശിഷ് വിദ്യാർത്ഥി. സി.ഐ.ഡി മൂസ, ചെസ്സ്, ബാച്ചിലർ പാർട്ടി അടക്കമുള്ള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 11 ഭാഷകളിലായി നൂറിലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ, നടന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വ്യാഴാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ വിവാഹം. സംരംഭകയായ രൂപാലി ബറുവയാണ് വധു.
അറുപതുകാരനായ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹമാണിത്. പഴയകാല നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവ ആയിരുന്നു നടന്റെ ആദ്യ ഭാര്യ. കൊൽക്കത്തയിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗുവാഹത്തി സ്വദേശിയാണ് ആശിഷിന്റെ വധു രൂപാലി ബറുവ. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുകയാണ് രൂപാലി.

'എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു തരം ഒരു വികാരമാണ്' എന്നായിരുന്നു വിവാഹശേഷം നടൻ പ്രതികരിച്ചത്. രാവിലെ നിയമപരമായി വിവാഹിതരായ ഞങ്ങൾ വൈകുന്നേരം ഒരു വിവാഹസത്കാരം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എങ്ങനെയാണ് തങ്ങൾ കണ്ടുമുട്ടിയതെന്നോ വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചോ പറയാൻ ആശിഷ് തയ്യാറായില്ല. 'അതൊരു വലിയ കഥയാണ്. മറ്റൊരിക്കൽ പറയാം' എന്നായിരുന്നു പ്രതികരണം.
'കുറച്ചു നാളുകൾക്ക് മുൻപാണ് ഞങ്ങൾ കണ്ടുമുട്ടിയത്. പിന്നീട് ആ ബന്ധം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു', വധു രൂപാലി പറഞ്ഞു. വിവാഹം കുടുംബാംഗങ്ങളോടൊപ്പം ചെറിയ രീതിയിൽ നടത്തണമെന്നത് രണ്ടുപേരുടെയും ആഗ്രഹമായിരുന്നു എന്നും അവർ വ്യക്തമാക്കി. സ്ക്രീനിൽ വില്ലത്തരം കാണിക്കുന്ന ആളാണെങ്കിലും ജീവിതത്തിൽ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി ഇ ടൈംസിനോട് പറഞ്ഞു.
രണ്ടുപേരുടെയും സംസ്‌കാരങ്ങളെ ഇടകലർത്തി കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ. അസമിലെ പരമ്പരാഗത വസ്ത്രമായ മേഖേല ചാദറാണ് രൂപാലി ധരിച്ചത്. കേരള തനിമയിൽ വെള്ള കസവ് മുണ്ടും ജുബ്ബയും ആയിരുന്നു ആശിഷ് വിദ്യാർഥിയുടെ വേഷം. തെന്നിന്ത്യയിൽ നിന്നുള്ള പ്രത്യേക വിവാഹാഭരണങ്ങളാണ് രൂപാലി അണിഞ്ഞത്.
അതേസമയം, ഇവരുടെ വിവാഹ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. താരങ്ങളടക്കം നിരവധിപേർ ഇരുവർക്കും ആശംസകളുമായി എത്തുന്നുണ്ട്. പാതി മലയാളിയാണ് ആശിഷ് വിദ്യാർഥി. അദ്ദേഹത്തിന്റെ അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ ബംഗാളിയുമാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളിലെല്ലാം ആശിഷ് വിദ്യാർത്ഥി അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് അദ്ദേഹം. യൂട്യൂബ് ചാനലിൽ വ്ലോഗുകളും മറ്റുമായി അദ്ദേഹം എത്താറുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോകളാണ് അദ്ദേഹം കൂടുതലായി പങ്കുവയ്ക്കാറുള്ളത്. വെങ്കിടേഷ് ദഗ്ഗുബതി, റാണ ദഗ്ഗുബതി, സുചിത്ര പിള്ള, ഗൗരവ് ചോപ്ര, സുർവീൻ ചൗള എന്നിവർ പ്രധാന വേഷത്തിലെത്തുന്ന റാണാ നായിഡു എന്ന ക്രൈം വെബ് സീരീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ട്രയൽ ബൈ ഫയർ എന്ന നെറ്റ്ഫ്ലിക്സ് സീരീസിന്റെയും ഭാഗമായിരുന്നു ആശിഷ്. അർജുൻ കപൂറും തബുവും പ്രധാന വേഷങ്ങളിൽ എത്തിയ കുട്ടേയ് എന്ന ഹിന്ദി ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











