അന്ന് ഞാനായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നത്; മമ്മൂക്കയുമായുള്ള ബന്ധം വർഷങ്ങളായുള്ളത്: ബൈജു എഴുപുന്ന
1991 മുതൽ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് ബൈജു എഴുപുന്ന. തുടക്ക കാലത്ത് വില്ലൻമാർക്കൊപ്പം നായകനെ തല്ലാനും നായകന്റെ തല്ലു കൊള്ളാനും വിധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു ബൈജുവിന് ലഭിച്ചത്. എന്നാൽ വർഷങ്ങൾക്കിപ്പുറം നല്ല കഥാമൂല്യമുള്ള സിനിമകളിൽ വ്യത്യസ്ഥ രീതിയിലുള്ള ക്യാരക്ടർ റോളുകളും, കോമഡി നിറഞ്ഞ വേഷങ്ങളും ബൈജുവിനെ തേടിയെത്തുന്നുണ്ട്.
സിനിമകളിൽ പല തരത്തിലുള്ള ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ മികവുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ബൈജു പ്രിയപ്പെട്ട താരമാണ്. മകളുടെ വിവാഹ നിശ്ചയത്തിന്റെ ഇടയിൽ മമ്മൂട്ടി എത്തിയ ചില മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. എല്ലാ വിശേഷങ്ങളെ കുറിച്ചും ബിഹൈന്റ് വുഡ്സ് ഐസ് എന്ന ചാനലിലൂടെ ബൈജു എഴുപുന്ന സംസാരിക്കുന്നു.

"ലാലേട്ടന് വേണ്ടി ഞാൻ ഡ്യൂപ്പ് ചെയ്തിട്ടുണ്ട്. മാന്ത്രികം എന്ന സിനിമയിൽ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ ബാക്ക് സൈഡിൽ നിന്നൊരു ഷോട്ട് മിസ്സിംഗ് ആയിരുന്നു. അന്നെനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു. അതിനാൽ ഞാനായിരുന്നു ആ ഷോട്ട് ചെയ്തത്. ദേവസുരത്തിൽ അഭിനയിക്കാൻ പോയിട്ട് പത്തു ദിവസം കഴിഞ്ഞിട്ടാണ് ഞാൻ അതിൽ ഇല്ലെന്ന് അറിഞ്ഞത്. എന്നാൽ ആറാട്ട് എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഒപ്പം മുഴി നീള വേഷം ലഭിച്ചു. ഏകദേശം 90 ദിവസം ഞാൻ അഭിനയിച്ചു"
"ദേവാസുരത്തിൽ മോഹൻലാലിന്റെ നാലു സുഹൃത്തുക്കളായി അഭിനയിക്കേണ്ടിയിരുന്നത് ഞാനും കുറച്ച് ചെറുപ്പക്കാരും ആയിരുന്നു. കൊല്ലം അജിത്തായിരുന്നു എന്നെ അതിലേക്ക് കൊണ്ടു പോയത്. പക്ഷേ പിന്നീട് മനസിലായി മണിയൻപിള്ള രാജു, ശ്രീരാമൻ, അഗസ്റ്റിൻ, രാമു തുടങ്ങിയ സീനിയർ ആക്ടേഴ്സാണ് ആ വേഷം ചെയ്യുന്നതെന്ന്. പ്രതിസന്ധികൾ അന്നും ഇന്നും ഉണ്ട്."
മകളുടെ വിവാഹത്തിരക്കിലാണ് ഇപ്പോൾ താരം. മകളുടെ വിവാഹ നിശ്ചയത്തിന് മമ്മൂട്ടി നേരിട്ടെത്തി മക്കളെ അനുഗ്രഹിക്കുകയും ഫോട്ടോസ് എടുക്കയും ചെയ്തതെല്ലാം വൈറലായിരുന്നു. "ഞാനും ഭാര്യയും കൂടിയാണ് മമ്മൂക്കയെ ക്ഷണിക്കാൻ പോയത്. ആദ്യത്തെ കാർഡ് മമ്മൂക്കക്ക് ആണ് ഞങ്ങൾ കൊടുത്തത്. സിനിമാ മേഖലയിൽ നിന്ന് 10 പേരെ മാത്രമാണ് നിശ്ചയത്തിന് വിളിച്ചത്. അതിൽ ആദ്യം മമ്മൂക്കയാണ്. മമ്മൂക്കയുമായുള്ള ബന്ധം എഴുപുന്ന തരകൻ ചിത്രം മുതലേ ഉള്ളതാണ്. ഇപ്പോഴും ആ സൗഹൃദം നിലനിൽക്കുന്നു എന്നതാണ് ഏറ്റവും സന്തോഷം നൽകുന്നത്."
"അദ്ദേഹത്തിന് ആ വാത്സല്യം എന്നോട് ഒരുപാട് ഉണ്ട്. അതുപോലെ മാമാങ്കം എന്ന സിനിമ ചെയ്യുമ്പോൾ ഒരു ദിവസം എന്നോട് അദ്ദേഹം ചോദിച്ചു നീ വരുന്നോ ദുബായ്ക്ക് പോവാൻ എന്ന്. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ ഒപ്പം ദുബായ്. അബുദാബി വരെ മൂന്ന് ദിവസം കറങ്ങി. അത്രക്കും സ്നേഹവും ബഹുമാനവും എനിക്കും അദ്ദേഹത്തോട് ഇരട്ടിയിലധികം ഉണ്ട്."

പൊതുവേ നായകനിൽ നിന്ന് അടി കൊള്ളുന്ന വേഷങ്ങളിൽ നിന്നു മാറി നല്ല കഥാപാത്രങ്ങൾ ബൈജു ചെയ്യാൻ തുടങ്ങിയിട്ട് അധിക നാളുകളായില്ല. എന്നാൽ തന്റെ കൈയിലെത്തുന്ന അത്തരം വേഷങ്ങളെല്ലാം മികച്ചതാക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ബൈജു എഴുപുന്ന എന്ന നടനിലേക്കുള്ള വളർച്ചയാണ് പലപ്പോഴാണ് മലയാളികൾ കണ്ടത്. അത്തരത്തിലൊരു സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചെറിയൊരു സീൻ ആയിരുന്നു അത്. എന്നാൽ എന്തൊരു മനോഹരമായാണ് ബൈജു അത് ചെയ്തത്.
മധുരരാജ, മനോഹരം, മാമാങ്കം, ആറാട്ട്, ഉപചാരപൂർവ്വം ഗുണ്ട ജയൻ അങ്ങനെ വ്യത്യസ്ഥമാർന്ന കഥാപാത്രങ്ങളാണ് ബൈജു എഴുപുന്ന ചെയ്തത്. മോഹൻലാലിനൊപ്പം മുഴനീള കോമഡി കലർന്ന വേഷമായിരുന്നു ആറാട്ടിൽ ഉണ്ടായിരുന്നത്. അവസാനം റിലീസ് ചെയ്തത് സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം എന്ന ചിത്രമാണ്.


Click it and Unblock the Notifications











