മമ്മൂക്ക ഒരു ഭൂതമാണ്, മോഹൻലാൽ ഒരു അത്ഭുതവും; ലോക സിനിമയിൽ അത്ഭുതമായി തോന്നിയ നടൻ അദ്ദേഹമാണ്!: ബൈജു
മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചുള്ള ബൈജു സന്തോഷിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ ബൈജു സന്തോഷ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളാണ് അദ്ദേഹം മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. ബാല താരമായി സിനിമയിൽ എത്തിയ നടൻ മലയാള സിനിമയിലെ ഇരുത്തം വന്ന നടന്മാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ചെറിയ വേഷങ്ങളാണെങ്കിലും ഡയലോഗ് ഡെലിവറിയിലൂടെ ബൈജു തന്റെ കഥാപാത്രത്തെ വ്യത്യസ്തമാക്കാറുണ്ട്.
അടുത്തിടെ ലൂസിഫറിലുൾപ്പെടെ നടൻ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങളായുള്ള അനുഭവ സമ്പത്തുള്ള ബൈജു മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ഇവരുടെ വളർച്ചയൊക്കെ വളരെ അടുത്ത് നിന്ന് കണ്ട നടനാണ് അദ്ദേഹം. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് ബൈജു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബൈജു. തന്റെ സിനിമ വിശേഷങ്ങൾ, ബിസിനസ്, ജീവിതം എന്നിവയെ കുറിച്ചും ബൈജു സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.
അധികം സിനിമകളിൽ ഒന്നും അഭിനയിക്കുന്നിലെങ്കിലും തരക്കേടില്ലാതെയാണ് താൻ മുന്നോട്ട് പോകുന്നതെന്ന് ബൈജു പറയുന്നുണ്ട്. 'പണം ധൂർത്തടിക്കാത്ത കൊണ്ടാണ് ഞാനൊക്കെ പിടിച്ചു നിൽക്കുന്നത്. ആർക്കും ആരും ഉണ്ടാവില്ല. നല്ല കാലത്ത് എല്ലാവര്ക്കും എല്ലാവരും ഉണ്ടാകും. മോശം സമയത്ത് ആരും ഉണ്ടാവില്ല. അതുകൊണ്ട് അങ്ങനെയൊരു മണ്ടത്തരം കാണിക്കാതിരിക്കുക എന്നതാണ്. ചിരിച്ചു കാണിക്കുന്ന എല്ലാവരും നമ്മുടെ സുഹൃത്തുക്കളും അല്ല,'
'ഒതുങ്ങി ജീവിക്കേണ്ടപ്പോൾ ഒതുങ്ങി ജീവിക്കണം. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ഒക്കെ പോയി ചീത്തപ്പേര് കിട്ടിയാൽ പ്രശ്‌നമാണ്. സൗഹൃദങ്ങളും സൂക്ഷിക്കണം. നമ്മുടെ കൂടെ ഉള്ള ഒരാൾ എന്തെങ്കിലും ചെയ്താൽ ആദ്യം വരുന്ന പേര് നമ്മുടെ ആയിരിക്കും. അങ്ങനെ ഒരുപാട് പേര് എനിക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെയൊക്കെ ഒതുങ്ങിയതാണ് ഞാൻ. വെറുതെ വഴക്കും കാര്യങ്ങളുമൊക്കെ എന്തിനാണ്. സ്നേഹിച്ചാൽ പോരെ ആ സമയത്ത്,' ബൈജു പറഞ്ഞു.
താൻ വേണ്ടെന്ന് വെച്ച ബിസിനസ് സംരംഭത്തെ കുറിച്ചും റിയലെസ്റ്റേറ് ബിസിനസിനെ കുറിച്ചും ബൈജു പറഞ്ഞു. 'ബേക്കറി തുടങ്ങിയിട്ട് ഞാൻ അത് വിട്ടതാണ്. റിയൽ എസ്റ്റേറ്റ് ചെയ്തിരുന്നു. അതിന്റെ കാലമൊക്കെ പോയി. ഇപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കുക വലിയ പാടാണ്. എനിക്ക് വലിയ കോടിശ്വരനായി റേഞ്ച് റോവർ വാങ്ങി നടക്കണമെന്ന ആഗ്രഹമൊന്നുമില്ല. നമ്മുക്ക് ഇങ്ങനെ അങ്ങോട്ട് പോയാൽ മതി. താഴോട്ട് പോകരുതെന്ന് മാത്രമാണ്,'

തനിക്ക് ഇമേജിനെ ഭയമില്ലെന്നും ബൈജു പറയുന്നു. 'ഇമേജിനെ ഭയന്ന് ജീവിക്കാൻ പോയാൽ ജീവിതത്തിൽ സന്തോഷമുണ്ടാവില്ല. ഞാൻ ഒരു ഇമേജിലും വിശ്വസിക്കുന്നില്ല, നമ്മളൊരു മനുഷ്യനായി ജീവിക്കുക എന്നത് മാത്രമാണ്. ഇമേജൊക്കെ വരും വരാതെയിരിക്കും അതിന്റെ വഴിക്ക് പോകും. ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. ആൾകാർ എന്നെക്കുറിച്ച് എന്ത് പറയുന്നു എന്നൊന്നും നോക്കാറില്ല. എനിക്ക് ഭയം ഒന്നുമില്ല.തെറ്റ് ചെയ്യുന്നവർ ഭയന്നാൽ പോരെ,' നടൻ പറഞ്ഞു.
മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചുള്ള വാക്കുകൾ ഇങ്ങനെ ആയിരുന്നു. 'മോഹൻലാൽ എന്നൊരു നടൻ ഒരു അത്ഭുതമാണ്. എന്നോട് ചോദിച്ചാൽ ഞാൻ അങ്ങനെയേ പറയൂ. മമ്മൂക്കയെ കുറിച്ച് ചോദിച്ചാൽ ഭൂതമാണെന്ന് പറയും. കുടത്തിൽ ഒളിച്ചിരിക്കുന്ന ഒരു ഭൂതത്തിന് എങ്ങനെ വേണമെങ്കിലും ഏത് രൂപത്തിലും വരാൻ പറ്റും. അങ്ങനെയാണ് മമ്മൂക്ക. ഏത് വേഷത്തിലും വരും. ഏത് ഭാവത്തിലും വരും,'
'ലോക സിനിമയിൽ എനിക്കൊരു അത്ഭുതം ആയി തോന്നിയേക്കുന്ന ആൾ ജാക്കി ചാനാണ്. ഇതുപോലെ ഫൈറ്റ് ചെയ്യാൻ ആർക്ക് പറ്റും. ഒരാളെ കൊണ്ടും പറ്റില്ല. ഫൈറ്റിനിടയിൽ ഹ്യുമർ കൂടിയുണ്ട്. അത് ആർക്കും പറ്റില്ല. അസാധ്യ മനുഷ്യനാണ് അയാൾ. ചെറുപ്പത്തിൽ എനിക്ക് ജയനെ ആയിരുന്നു ഇഷ്ടം. അദ്ദേഹത്തെ കണ്ടാൽ ആരാധിച്ചു പോകും' ബൈജു പറഞ്ഞു.


Click it and Unblock the Notifications











