പാപ്പു എന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ ഞാനും അമൃതയുമായുള്ളൂ; അച്ഛനെയും മകളെയും പിരിക്കാൻ ആർക്കും അവകാശമില്ല!
അന്യഭാഷയിൽ നിന്നെത്തി മലയാളികളുടെ സ്വന്തമായി മാറിയ നടനാണ് ബാല. തമിഴിലെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ബാലയെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിനോടുള്ള ആരാധകരുടെ സ്നേഹത്തിൽ യാതൊരു കുറവും വന്നിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാല ആശുപത്രിയിലായപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ആരാധകരുടെ ആ സ്നേഹം കണ്ടതാണ്.
മരണക്കിടയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബാലയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കരൾമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടടെടുത്ത ബാല, പഴയതുപോലെ സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ്. കഴിഞ്ഞ ദിവസം ഭാര്യക്ക് ഒപ്പം ബാല പങ്കുവച്ച ഒരു വീഡിയോ വൈറലായിരുന്നു. ഭാര്യഭർതൃ ബന്ധത്തെ കുറിച്ചായിരുന്നു വീഡിയോ. അമൃത സുരേഷ്-ഗോപി സുന്ദർ വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെയാണ് ബാലയുടെ വീഡിയോ പുറത്ത് വന്നത്. അതുകൊണ്ട് തന്നെ വീഡിയോ ചർച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ അതിനു പിന്നാലെ ബാല മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണവും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം ഭാര്യ എലിസബത്തിനൊപ്പം രാത്രി ഭക്ഷണത്തിൽ ഇറങ്ങിയപ്പോഴാണ് ബാല മാധ്യമങ്ങളെ കണ്ടത്. അമൃതയും താനും തമ്മിലുള്ള ബന്ധം മകൾ പാപ്പു മാത്രമാണെന്നും അതിനപ്പുറം ഉള്ളതെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണെന്നും ബാല പ്രതികരിച്ചു.
'എനിക്കും അമൃതയ്ക്കും ഇടയിലുള്ള ഒരു ബന്ധം എന്ന് പറഞ്ഞാൽ അത് പാപ്പു മാത്രമാണ്, അല്ലേ? എന്റെ മകൾക്ക് ഞാൻ ആണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ കഴിയില്ല. എന്നെ കാണിക്കാതെ ഇരുന്നാലും, എത്ര കാലം കണ്മുൻപിൽ കൊണ്ടുവരാതെ അടച്ചുവച്ചാലും പാപ്പു എന്റെ മകൾ തന്നെയാണ്. ദൈവത്തിന് പോലും അച്ഛനെയും മകളെയും വേർപിരിക്കാൻ അവകാശമില്ല',
'പാപ്പുവിന്റെ കാര്യത്തിൽ മാത്രമാണ് എനിക്കും അമൃതയ്ക്കും ഇടയിൽ ഒരു ചെറിയ കണക്ഷൻ ഉള്ളത്. ബാക്കിയുള്ള കാര്യങ്ങൾ അവരുടെ പേഴ്സണൽ കാര്യങ്ങൾ ആണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും, അത് റിലേഷൻഷിപ്പിൽ മാത്രമല്ല എല്ലാ കാര്യത്തിലും നല്ലത് ചെയ്‌താൽ നല്ലതുവരും. മോശം ചെയ്‌താൽ മോശം വരും', ബാല പറഞ്ഞു. വീണ്ടും അമൃത-ഗോപി സുന്ദർ വിഷയം മാധ്യമങ്ങൾ എടുത്തിട്ടപ്പോൾ ട്രോളായിട്ടായിരുന്നു ബാലയുടെ മറുപടി.
ഏറ്റവും പവിത്രമായ ബന്ധമാണ് ഭാര്യക്കും ഭർത്താവിനും ഇടയിലുള്ളതെന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ലെന്നുമാണ് കഴിഞ്ഞ ദിവസം വൈറലായ വീഡിയോയിൽ ബാല പറഞ്ഞത്. മമ്മൂട്ടി ഒരിക്കൽ പറഞ്ഞ വാക്കുകൾ കടമെടുത്തുകൊണ്ടായിരുന്നു ബാല സംസാരിച്ചത്. ആളുകൾ തുടർച്ചയായി ബന്ധങ്ങൾ മാറ്റിയാലും അതിൽ അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ബാല വ്യക്തമാക്കി.

അതേസമയം തന്റെ തിരിച്ചുവരവിനെ കുറിച്ചും ബാല മാധ്യമങ്ങളോട് സംസാരിച്ചു. അതൊരു മിറക്കിൾ ആയിരുന്നു എന്നാണ് നടൻ പറഞ്ഞത്. കേരളത്തിൽ ഒരു ആശുപത്രിയിലും നടക്കാത്ത ഒന്നായിരുന്നു അത്. ദൈവത്തിന്റെ അനുഗ്രഹവും എല്ലാവരുടെയും പ്രാർത്ഥനയുമാണ് അതിന് കാരണം.
പുതിയ ജീവിതം, എല്ലാ മാറിയല്ലോ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. എന്നാൽ ഒന്നും മാറിയിട്ടില്ല. എല്ലാം അതുപോലെ തന്നെയാണ് പക്ഷേ എന്റെ കാഴ്ചപ്പാട് മാറി. എന്റെ ചിന്താഗതി മാറി. നമ്മുടെ മനസ്സിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതിലും വലിയ സമ്പാദ്യം ഇല്ലെന്നും ബാല കൂട്ടിച്ചേർത്തു.
ഷഫീഖിന്റെ സന്തോഷം എന്ന സിനിമയിലാണ് ബാല അവസാനമായി അഭിനയിച്ചത്. പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് നടൻ. ശസ്ത്രക്രിയക്ക് ശേഷം വർക്ക്ഔട്ടും മറ്റും ആരംഭിച്ച ബാല തന്റെ പഴയ ലുക്കിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. ഉടനെ നടനെ വീണ്ടും വെള്ളിത്തിരയിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications