'അപ്പോൾ മുതൽ ചാരിറ്റി ചെയ്യുന്നുണ്ട്; ഞാൻ ചെയ്യുന്നതെല്ലാം എന്റെ മരണശേഷം പുറത്തുവരും': ബാല
മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടനാണ് ബാല. ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികൾ തങ്ങളിൽ ഒരാളായാണ് ബാലയെ കാണുന്നത്. തമിഴ്‌നാട്ടിലെ സിനിമാ കുടുംബത്തിൽ ജനിച്ച ബാല കളഭം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ ബിഗ് ബിയിലൂടെയാണ് നടൻ താരമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ ബാലയ്ക്ക് സാധിച്ചു.
ഓൺസ്‌ക്രീനിലെന്ന പോലെ ഓഫ്‌സ്ക്രീനിലും ശ്രദ്ധനേടിയിട്ടുള്ള ആളാണ് ബാല. ഒരു തുറന്ന പുസ്തകം പോലെയാണ് ബാലയുടെ ജീവിതം. നടന്റെ വ്യക്തി ജീവിതം എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാർത്തകളിൽ നിറച്ച സംഭവങ്ങളാണ്. അടുത്തിടെ കരൾ രോഗത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിലേക്ക് പോയതും വാർത്തയായിരുന്നു.

ഇപ്പോഴിതാ രോഗത്തെ തോല്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടൻ. ബാല ആശുപത്രിയിൽ ആണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് നടനുവേണ്ടി പ്രാർത്ഥനകളുമായി എത്തിയത്. പ്രാർത്ഥനയെക്കെല്ലാം ഉത്തരം ലഭിച്ചു എന്നത് പോലെ വളരെ പെട്ടെന്ന് തന്നെ രോഗത്തെ അതിജീവിക്കാനും ബാലയ്ക്ക് കഴിഞ്ഞു. മറ്റുള്ളവർക്കായി ചെയ്യുന്ന സഹായങ്ങളൊക്കെ കാരണമാണ് ബാല ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എന്നായിരുന്നു അന്ന് ആരാധകർ അഭിപ്രായപ്പെട്ടത്.
അത്രയധികം പേർക്കാണ് ബാല സഹായങ്ങൾ ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ നടൻ തന്റെ പേജിലൂടെ ഏറ്റവും കൂടുതൽ പങ്കുവെയ്ക്കുന്നത് താൻ ചെയ്യുന്ന സഹായങ്ങളെ കുറിച്ചുള്ള വീഡിയോകളാണ്. പബ്ലിസിറ്റി എന്നതിനപ്പുറം താൻ ചെയ്യുന്നത് കണ്ട് മറ്റുള്ളവർക്കും ചെയ്യാൻ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം പങ്കുവെയ്ക്കുന്നത് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ബാല.
കഴിഞ്ഞ ദിവസം ഒരു കോളേജിൽ സംസാരിക്കവെയാണ് ബാല ഇക്കാര്യം പറഞ്ഞത്. പതിനേഴാം വയസ്സ് മുതൽ താൻ ചാരിറ്റി ചെയ്യുന്നുണ്ടെന്നും നടൻ വ്യക്തമാക്കി. ഇത്രയധികം ചാരിറ്റി ചെയ്യാനുള്ള താങ്കളുടെ ഇൻസ്പിരേഷൻ എന്താണ് ആരാണ് താങ്കളുടെ റോൾ മോഡൽ എന്ന ഒരു വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബാല.

"ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ സഹോദരിക്ക് ഒപ്പം ദീപാവലിക്ക് സ്വീറ്റ്‌സ് കൊടുക്കാനായി ഒരു ആശ്രമത്തിൽ പോയിരുന്നു. അങ്ങനെ അവിടെ എല്ലാവർക്കും സ്വീറ്റ്‌സ് നൽകികൊണ്ടിരിക്കെ ഒരു അമ്മുമ്മ എന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് തമിഴിൽ പറഞ്ഞു, 'തമ്പി നീ എന്നെ വിട്ടിട്ടു പോകാതെടാ, വിട്ടിട്ടു പോകാതെടാ' എന്ന്. ആദ്യം എനിക്കെന്താണ് അവർ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. അവർ എന്നെ മകനായി കണ്ടു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്,"
"പിന്നീട് എന്റെ പതിനേഴാം വയസ്സ് മുതൽ ഞാൻ ചാരിറ്റി ചെയ്യുന്നുണ്ട്. എന്റെ കീഴിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല. പക്ഷെ അതെല്ലാം പുറത്തുവരും. ഞാൻ ജീവനോടെ ഇരിക്കുമ്പോഴല്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും. അപ്പോൾ മനസിലാകും", ബാല പറഞ്ഞു.
അതേസമയം ഷഫീഖിന്റെ സന്തോഷമാണ് ബാല അവസാനം അഭിനയിച്ച സിനിമ. കഴിഞ്ഞ വർഷമാണ് ചിത്രം പുറത്തിറങ്ങിയത്. അധികം വൈകാതെ തന്നെ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ബാല അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും സംവിധാനത്തിലേക്ക് അടക്കം കടക്കാനുള്ള പ്ലാനിലാണ് ബാല. അതിന്റെ തയ്യാറെടുപ്പുകളും നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.


Click it and Unblock the Notifications











