ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, ഇതും കടന്നുപോകും; ഉപദ്രവിക്കാതെ ഇരിക്കുക: എലിസബത്ത്
മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടനാണ് ബാല. തമിഴ്‌നാട്ടിൽ നിന്നെത്തി മലയാളികളുടെ സ്വന്തമായി മാറിയ നടനാണ് അദ്ദേഹം. ബാലയുടെ വളർച്ചയും തളർച്ചയുമെല്ലാം പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. നടന്റെ വ്യക്തിജീവിതമുൾപ്പടെ പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഒരു തുറന്ന പുസ്തകം പോലെ ജീവിക്കുന്ന നടനാണ് ബാല. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് എലിസബത്ത്. യൂട്യൂബ് ചാനലിലൂടെ വ്ലോഗുകളും മറ്റും പങ്കുവെച്ച് താരപത്നി എത്താറുണ്ട്. ഏറെനാളുകളായി യൂട്യൂബിൽ സജീവമാണെങ്കിലും അടുത്തിടെ ബാലയ്ക്ക് ഒപ്പമുള്ള വീഡിയോകളുമായി എത്തിയതോടെയാണ് എലിസബത്ത് കൂടുതൽ ശ്രദ്ധനേടുന്നത്. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ബാലയുടെ എല്ലാ കാര്യങ്ങൾക്കും എലിസബത്ത് ഒപ്പമുണ്ടായിരുന്നു. എന്നാലിപ്പോൾ ബാലയ്ക്ക് ഒപ്പമല്ല എലിസബത്ത്.

ഏകദേശം ഒരു മാസത്തോളമായി അച്ഛനും അമ്മയ്ക്കും ഒപ്പമാണ് എലിസബത്തിന്റെ താമസം. ബാലയെയും എലിസബത്തിനെയും ഒരുമിച്ചു കാണാതായതോടെ പ്രേക്ഷകർ ചോദ്യങ്ങളുമായി എത്തുന്നുണ്ടെങ്കിലും ഇരുവരും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതിനിടെ കഴിഞ്ഞദിവസം തനിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അറിയിച്ച് എലിസബത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ വാർത്ത വളച്ചൊടിച്ചവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എലിസബത്ത്.
'ഞാൻ ഡിസ്ചാർജ് ആയി റൂമിലെത്തി. വൈറൽ ഇൻഫെക്ഷൻ ആയിരുന്നു. ലീവ് എടുക്കണ്ട എന്നതുകൊണ്ടാണ് വയ്യെങ്കിലും ജോലിക്ക് പോയത്. എന്നാൽ അപ്പോഴേക്കും ടയേർഡ് ആയി. അതാണ് അഡ്മിറ്റ് ആയത്. ഞാൻ അഡ്മിറ്റ് ആയ കാര്യങ്ങൾ ചില ആളുകൾ വളച്ചൊടിച്ചു വാർത്തകൾ പ്രചരിപ്പിച്ചു. ഞാൻ ഡ്യൂട്ടിക്ക് വരുമ്പോൾ അധികം പൈസ കയ്യിൽ കരുതാറില്ല, അതാണ് കൈയ്യിൽ ആ സമയത്ത് പൈസ ഇല്ലാതെ ഇരുന്നത്. അതാണ് ഞാൻ പറഞ്ഞത്. പക്ഷേ അത് നെഗറ്റീവായി മാറി',
'വലിയ വലിയ സംഭവങ്ങൾ മാത്രമേ ജീവിതത്തിൽ ഉണ്ടാകാവൂ എന്ന് നമുക്ക് പറയാനാകില്ല. അയാൾ എന്നെ ചതിച്ചു, ഇയാൾ എന്നോട് ഇത് ചെയ്തില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കണ്ടാൽ അതിനേ നേരം കാണൂ. നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാൽ സന്തോഷം നമുക്ക് ലഭിക്കും. എനിക്ക് ചെറിയ കാര്യങ്ങൾ മതി സന്തോഷിക്കാൻ. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ ആളുകൾ സഹായിച്ചു, അക്കാര്യം എന്റെ സന്തോഷം കൊണ്ടാണ് വീഡിയോയിൽ പങ്കിട്ടത്',
'അതിൽ എന്താണ് ഇത്ര നെഗറ്റീവ് പറയാനുള്ളത്. എന്നെ സപ്പോർട്ട് ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും. അതിലൊക്കെ എന്തിനാണ് നെഗറ്റിവ് കാണുന്നതെന്ന് മനസിലാകുന്നില്ല. ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, എന്നാൽ പോസിറ്റിവ് വശങ്ങൾ ചിന്തിക്കുമ്പോൾ ആ സങ്കടം അങ്ങുമാറിപോകും. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ട്',

'നമ്മൾ എത്ര മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ആ സമയം കടന്നു പോകും എന്ന രീതിയിൽ ജീവിക്കുക. ഇതും കടന്നുപോകും എന്ന ഗാനം ഞാൻ ഇടക്ക് കേൾക്കാറുണ്ട്. എല്ലാ വിഷമങ്ങളും മാറാൻ ഒരു സമയമുണ്ടാകും. കുറെ ഫേക്ക് ന്യൂസുകളും ഫേക്ക് എക്സ്പ്ലനേഷനും കാണുന്നുണ്ട്. ചില ആളുകൾക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം',
'ചിലർ എല്ലാം അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്. ചിലർക്ക് മനസിലാകില്ല എന്നും മനസ്സിലാകുന്നുണ്ട്. ഇതിനൊന്നും നമ്മൾ ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. നെഗറ്റീവ് പറഞ്ഞു പരത്തുമ്പോൾ അത് കാണുന്ന എനിക്കും, അതിടുന്ന നിങ്ങളും നെഗറ്റീവ് ചിന്തിക്കുകയാണ്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കാതെ ഇരിക്കാൻ ശ്രമിക്കുക',
'എല്ലാവരും വളരെ സന്തോഷിച്ച് ആറുമാദിച്ചു നടക്കുന്ന ആളുകൾ ഒന്നുമല്ല, എല്ലാവർക്കും അവരവരുടേതായ വിഷയങ്ങൾ ഉണ്ടാകും', എലിസബത്ത് പറയുന്നു. ഒരുപാട് പേർ എലിസബത്തിന്റെ വാക്കുകളെ പിന്തുണച്ച് കമന്റ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











