ഭാര്യ ഡോക്ടറാണ്, അവൾ ജോലിക്ക് പോയാൽ മക്കളെ നോക്കുന്നത് ഞാനാണ്; ആൾക്കൊരു ടെൻഷനുമില്ല; ഭരത് പറയുന്നു
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഭരത്. ശങ്കർ സംവിധാനം ചെയ്ത ബോയ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഭരത്തിനെ മലയാളികള്‍ അന്നും ഇന്നും ഓര്‍ക്കുന്നത് ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലൂടെയാണ്. മലയാളികളുടെ മനസ്സിൽ പതിഞ്ഞ ലജ്ജാവതിയെ എന്ന ഗാനരംഗത്തിൽ ആടിതിമിർത്ത ഭരത് ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുപിടി സിനിമകളില്‍ നടൻ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ കരിയറിൽ പ്രതീക്ഷിച്ചതുപോലെ ഉയരാൻ ഭരത്തിന് സാധിച്ചില്ല. നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും വളരെ കുറച്ചു സിനിമകളിലെ നായക വേഷങ്ങൾ താരത്തിനെ തേടി എത്തിയിട്ടുള്ളു. അതേസമയം സ്വകാര്യ ജീവിതത്തിൽ ഭരത് ഒരു സൂപ്പർ ഹീറോ ആണെന്നാണ് ഭാര്യ പറയുന്നത്. പങ്കാളി എന്ന നിലയിൽ ഭരത്തിന് ഭാര്യ നൂറിൽ നൂറ് മാർക്കും നൽകും. ഒരു ഭർത്താവ് എന്ന നിലയിലും അച്ഛൻ എന്ന നിലയിലും നൂറു ശതമാനം പെർഫക്ട് ഫാമിലിമാനാണ് ഭരത് എന്ന് ഭാര്യ ജെഷ്‌ലി ജോഷ്വ പറയുന്നു.

ഭരത് വളരെ കൂളായ വ്യക്തിയാണ്. പൊതുവെ ഒരു ആർട്ടിസ്റ്റിന്റെ ജീവിതം ടെൻഷൻ നിറഞ്ഞതായിരിക്കും. പക്ഷെ ഭരത്തിനെ സംബന്ധിച്ച് എത്ര ടെൻഷനുണ്ടാക്കുന്ന കാര്യങ്ങൾ നടന്നാലും അത് തന്നെയും മക്കളെയും ബാധിക്കാതെ നോക്കും. വളരെ കൂളായി എല്ലാം കൈകാര്യം ചെയ്യും. മക്കളുമായി വളരെ അറ്റാച്ചഡ് ആണ്.
എത്ര ഷൂട്ടിങ് തിരക്കുകൾ ഉണ്ടെങ്കിലും ഞങ്ങളുടെ കാര്യങ്ങളിലൊന്നും വീഴ്ച വരുത്താറില്ല. മക്കളെ നോക്കുന്ന കാര്യത്തിലും ഭരത് പെർഫക്ട് ആണ്. മക്കളെ ഭരത്തിനെ ഏൽപ്പിച്ച് തനിക്ക് ധൈര്യമായി ജോലിക്ക് പോകാൻ സാധിക്കുമെന്നും ഡോക്ടറായ ഭാര്യ പറയുന്നു.
ഭാര്യ ജെഷ്‌ലിയെ കുറിച്ച് ഭരതും വാചാലനാകുന്നുണ്ട്. വളരെ അണ്ടർസ്റ്റാന്റിങ്ങായ വ്യക്തിയാണ് ഭാര്യയെന്ന് ഭരത് പറയുന്നു. ഞാനൊരു നടനാണ് എന്നതും, പുറത്തുപോയാൽ ആളുകൾ ചുറ്റുംകൂടും എന്ന കാര്യങ്ങളൊക്കെ ഉൾക്കൊള്ളാൻ അവൾക്ക് കുറച്ചു വർഷങ്ങൾ വേണ്ടി വന്നു. അത് മനസ്സിലാക്കിയതിന് ശേഷം ഞങ്ങളുടെ ജീവിതം മനോഹരമാണ്. എന്റെ പ്രൊഫഷനെയും തിരക്കുകളെയും വളരെയധികം മനസ്സിലാക്കുന്ന ഭാര്യയാണ് ജെഷ്‌ലി, ഭരത് പറഞ്ഞു.

മനസിലാക്കുക എന്നതാണ് പ്രധാനം. എന്റെ പ്രൊഫഷനോ താത്പര്യത്തിനോ ജെഷ്‌ലി ഒരിക്കലും തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ പറയാറില്ല, തിരിച്ച് ഞാനും. എനിക്ക് ഷൂട്ടില്ലാത്ത ദിവസങ്ങളിൽ ഞാനാണ് മക്കളെ നോക്കുന്നത്. ഡയപ്പർ മാറ്റുന്നതു മുതൽ മക്കളുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ എനിക്കറിയാം. ഭക്ഷണം പാകം ചെയ്യാൻ മാത്രമാണ് അറിയാത്തത്. എത്രയൊക്കെയായാലും അമ്മമാർക്ക് മക്കളെ തനിച്ച് അച്ഛന്റെ അടുത്താക്കി പോകാൻ ചെറിയ പേടിയുണ്ടാവും. ഇരട്ടക്കുട്ടികളാവുമ്പോൾ പ്രത്യേകിച്ചും. പക്ഷെ തന്റെ ഭാര്യയ്ക്ക് ആ ഒരു ടെൻഷനില്ലെന്നും ഭരത് പറയുന്നു.
രണ്ടു ആൺകുട്ടികളാണ് ഭരത്തിന്. ആദ്യന്‍, ജയന്‍ എന്നാണ് മക്കളുടെ പേര്. ഒരു പെൺകുട്ടി വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഭരത് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇനിയൊരു കുട്ടി കൂടി വേണമെന്നില്ല രണ്ടു പേർ മതിയെന്നും നടൻ പറയുകയുണ്ടായി. ലവ് എന്ന തമിഴ് ചിത്രമാണ് ഭരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ഇതേ പേരിലുള്ള മലയാള സിനിമയുടെ തമിഴ് റീമേക്കാണ് ഇത്. മലയാളത്തിൽ സമാര എന്ന ചിത്രമാണ് ഭാരത്തിന്റേതായി അണിയറയിൽ ഉള്ളത്.


Click it and Unblock the Notifications











