എല്ലാരും വന്ന് ഉപദേശിച്ച് പോയി, പക്ഷേ മമ്മൂട്ടി ഒന്നുംമിണ്ടാതെ കൈപിടിച്ച് അടുത്തിരുന്നു; ആ മനസ് ഞാനറിഞ്ഞു!
മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവൻ. നാല് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ സജീവമായി നിൽക്കുന്ന നടന് പ്രേക്ഷകർ സമ്മാനിച്ച പേരാണത്. നായകനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ദേവൻ ഏറ്റവും കൂടുതൽ തിളങ്ങിയത് വില്ലൻ വേഷങ്ങളിലാണ്. നിർമാതാവായാണ് ദേവൻ സിനിമയിലേക്ക് എത്തുന്നത്. പിന്നീടാണ് അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ദേവൻ സാന്നിധ്യമറിയിച്ചു. മിനിസ്ക്രീൻ പരമ്പരകളിലും അദ്ദേഹം തിളങ്ങി.
മലയാളത്തിന്റെ അതുല്യ സംവിധായകരിൽ ഒരാളുടെ മരുമകൻ കൂടിയാണ് ദേവൻ. സംവിധായകൻ രാമു കാര്യാട്ടിന്റെ മകൾ സുമയെ ആണ് നടൻ വിവാഹം ചെയ്തത്. ലക്ഷ്മി എന്നൊരു മകളാണ് ഇവർക്കുള്ളത്. നാല് വർഷം മുൻപ് സുമ അന്തരിച്ചു. എച്ച്1എൻ1 രോഗം ബാധിച്ചായിരുന്നു മരണം. ഭാര്യയുടെ അപ്രതീക്ഷിത വിയോഗം തന്നെ തളർത്തിയെന്ന് ദേവൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഭാര്യ മരിച്ച സമയത്ത് മമ്മൂട്ടി നൽകിയ ആശ്വാസത്തെ കുറിച്ചുള്ള ദേവന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാൻ വന്ന എല്ലാവരും വന്ന് തന്നെ ഉപദേശിച്ച് പോയെന്നും എന്നാൽ മമ്മൂട്ടി ഒന്നും പറയാതെ തന്റെ കൈ പിടിക്കുകയാണുണ്ടായതെന്നും ദേവൻ പറയുന്നു. അതാണ് തനിക്ക് ഏറ്റവും വലിയ ആശ്വാസമായതെന്നും അദ്ദേഹത്തിന്റെ മനസ് അറിയാൻ കഴിഞ്ഞെന്നും നടൻ പറഞ്ഞു. അടുത്തിടെ കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം പറഞ്ഞത്.
'ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു ഭാര്യയുടെ മരണം. അപ്രതീക്ഷിതമായി സംഭവിച്ചതാണ്. കുറെ ആളുകൾ വന്ന് സംസാരിക്കും. എല്ലാവരും മരിക്കേണ്ടവരല്ലേ, ജീവിതമെന്ന് പറഞ്ഞാൽ.... എന്നൊക്കെ പറഞ്ഞ് ചില ഉപദേശങ്ങളൊക്കെ പറയും, ഒരു മരണവീട്ടിൽ ചെന്നാൽ ഇന്നല്ലെങ്കിൽ നാളെ എല്ലാവരും പോകും, നീ വിഷമിക്കരുത് എന്ന് പറയുന്നവരാണ് കൂടുതലും',
'മമ്മൂട്ടിയും വന്നു. വിഷമിച്ചിരിക്കുന്ന എന്റെ അടുത്തു വന്നിരുന്നു. എന്റെ കൈയിൽ പിടിച്ചു. ഒരക്ഷരം പറയുന്നില്ല, അതിലും വലിയ ഒരു ആശ്വാസം ഇല്ല. അതാണ് ഏറ്റവും വലിയ സംഗതി. കാരണം മമ്മൂട്ടിയുടെ ആ കൈ പിടിത്തത്തിലൂടെ ഞാൻ ആ മനസ് അറിഞ്ഞു. അതിലൂടെ ഒരു കറണ്ട് പോവുന്നതായി തോന്നി. ആ ഇരിപ്പ് കുറേ നേരം അദ്ദേഹം ഇരുന്നു. കുറച്ചുകഴിഞ്ഞ് ഒന്ന് മൂളിയിട്ട് എഴുന്നേറ്റ് പോയി.' ദേവൻ ഓർമിച്ചു.

മുൻപും ഭാര്യയെ കുറിച്ച് ദേവൻ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ഭാര്യ പറഞ്ഞ ഒരു ആഗ്രഹം സാധിക്കാൻ കഴിയാതെ പോയതിന്റെ സങ്കടം ഒരിക്കൽ പങ്കുവച്ചിരുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യങ്ങളും താന്‍ മുന്‍പ് സാധിച്ചു കൊടുത്തിട്ടുണ്ടെങ്കിലും എന്റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞൊരു കാര്യം താന്‍ അനുസരിച്ചില്ലെന്നാണ് നടൻ പറഞ്ഞത്. ഭാര്യക്ക് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. അത് വേണ്ടെന്ന് കണ്ണീരോടെ പറഞ്ഞിട്ടും തനിക്ക് അനുസരിക്കാൻ ആയില്ലെന്ന് ദേവൻ പറഞ്ഞു.
ഇപ്പോഴും രാഷ്ട്രിയത്തിൽ സജീവമാണ് ദേവൻ. കേരള പീപ്പിൾസ് പാർട്ടി എന്ന പാർട്ടി നേതാവാണ് അദ്ദേഹം. 2021 ൽ ദേവന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു. സിനിമയ്ക്ക് ഒപ്പം രാഷ്ട്രീയ പ്രവർത്തനവും മുന്നോട്ട് കൊണ്ടുപോകാനാണ് താൽപര്യമെന്ന് ദേവൻ മുൻപ് പറഞ്ഞിട്ടുണ്ട്. കാവ്യധാനം എന്ന പരമ്പരയിലാണ് ദേവൻ ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിലെ കേന്ദ്ര കഥാപാത്രമാണ് ദേവന്റേത്.


Click it and Unblock the Notifications











