'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ധ്യാനും നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ്. അടുത്തിടെയായി സിനിമകളേക്കാൾ ധ്യാനിന്റെ അഭിമുഖങ്ങളാണ് ചർച്ചയായി മാറാറുള്ളത്.
മറയില്ലാതെ സംസാരിക്കുന്ന പ്രകൃതക്കാരനാണ് ധ്യാൻ. എന്തും തുറന്നു പറയുന്ന ധ്യാനിന്റെ രീതിയാണ് ആരാധകരിലേക്ക് നടനെ കൂടുതൽ അടുപ്പിച്ചത്. താരപുത്രൻ എന്ന ഇമേജും നടന് ഗുണമായി. തന്റെ കുടുംബത്തിലേയും സുഹൃത്തുക്കൾക്കിടയിലെയും രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ പറയാറുണ്ട്.

താരകുടുംബത്തിലെ രസകരമായ പല സംഭവങ്ങളും ധ്യാനിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. അതേസമയ, തന്റെ ഭൂതകാലത്തെ കുറിച്ചുള്ള ധ്യാനിന്റെ ചില വാക്കുകൾ നടനെ വിവാദങ്ങളിലും ചാടിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ആരാധകര്‍ക്ക് ധ്യാനിനോടുള്ള സ്‌നേഹവും ഇല്ലാതാക്കിയിട്ടില്ല.
അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ അഭിമുഖങ്ങളുടെ കാര്യത്തിൽ ജഗജില്ലിയായ ധ്യാൻ അഭിമുഖങ്ങളിലൂടെ മാത്രം നിരവധി പേരെയാണ് ആരാധകരാക്കി മാറ്റിയത്. അച്ഛനെ കുറിച്ചൊക്കെ ഒരുപാട് സംസാരിക്കുന്നത് കൊണ്ട് തന്നെ അച്ഛൻ ഈ അഭിമുഖങ്ങൾ എല്ലാം കാണാറുണ്ടോ എന്നത് ധ്യാൻ എപ്പോഴും നേരിടുന്ന ചോദ്യം കൂടിയാണ്.

ഇപ്പോഴിതാ, അച്ഛൻ തന്റെ അഭിമുഖങ്ങൾ കാണാറുണ്ട് എന്ന് പറയുകയാണ് ധ്യാൻ. അഭിമുഖങ്ങൾ കണ്ട് അച്ഛന് തന്നോടുള്ള നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. തന്റെ വൈറൽ അഭിമുഖങ്ങളെ അച്ഛൻ എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി.

'അച്ഛന് എന്നോടുള്ള നിലപാടിൽ ചെറിയ മാറ്റം വന്നിട്ടുണ്ട് എന്നാണ് അമ്മ പറഞ്ഞത്. അതിൽ എന്റെ ഇന്റർവ്യൂസിന് വലിയ പങ്കുണ്ട്. കുട്ടികൾ കാർട്ടൂൺ കാണുന്നതു പോലെ അച്ഛൻ ഇരുന്ന് എന്റെ ഇന്റർവ്യൂ കാണുന്നു, ആസ്വദിക്കുന്നു, ചിരിക്കുന്നു. എന്റെ കാര്യത്തിൽ അച്ഛൻ ഇപ്പോൾ വളരെ ഹാപ്പിയാണ്. കാരണം സിനിമകളില്ലെങ്കിലും ഞാൻ ജീവിക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായി' എന്നും ധ്യാൻ പറയുന്നു.
മുൻപ് ധ്യാനിന്റെ അഭിമുഖങ്ങൾ കുറിച്ച് വിനീത് പ്രതികരിച്ചിരുന്നു. അവൻ പറയുന്ന കഥകളിൽ കുറച്ചു മാത്രം സത്യവും ബാക്കി അവന്റെ കയ്യിൽ നിന്ന് ഇടുന്നതുമാണെന്നാണ് വിനീത് പറഞ്ഞത്. ചേട്ടന്റെ ഈ അഭിപ്രായത്തോടും ധ്യാൻ പ്രതികരിക്കുന്നുണ്ട്. കഥകളിൽ പൊടിപ്പും തൊങ്ങലും ചേർക്കുന്നതല്ലേ ക്രിയേറ്റിവിറ്റി എന്നാണ് ധ്യാൻ പറഞ്ഞത്. ചേട്ടന് അസൂയ ആണെന്നും ധ്യാൻ പറഞ്ഞു.

'ഏട്ടൻ അങ്ങനെയൊക്കെ പറയുന്നത് അസൂയ കൊണ്ടാണ്. നടനും തിരക്കഥകൃത്തും സംവിധായകനുമായ ശ്രീനിവാസൻ പോലും ഇപ്പോൾ എന്റെ ആരാധകനല്ലേ', എന്നും ധ്യാൻ പറഞ്ഞു. നാട്ടിൽ ആയിരുന്നപ്പോൾ അമ്മയ്ക്കും ചേട്ടനുമൊപ്പം സിനിമ കാണാൻ പോകുന്നതിനെ കുറിച്ചും ധ്യാൻ പറയുന്നുണ്ട്.

'അച്ഛന്റെ സിനിമ കാണാൻ മാത്രമേ അമ്മ തിയേറ്ററിൽ പോകാറുള്ളൂ. അച്ഛനു പങ്കില്ലാത്ത സിനിമകൾ അമ്മ കാണാറുമില്ല. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യം. അതായിരുന്നു അമ്മയുടെ ഭാവം', ധ്യാൻ പറഞ്ഞു.
വീകമാണ് ധ്യാനിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്ത നാല് വർഷത്തേക്ക് തനിക്ക് ഡേറ്റില്ലെന്നും 32 സിനിമകൾക്ക് ഡേറ്റ് നൽകിയിട്ടുണ്ടെന്നും അച്ഛൻ ചോദിച്ചാൽ പോലും ഡേറ്റ് ഇല്ലെന്ന് പറയേണ്ടി വരുമെന്നും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ആപ്പ് കൈസേ ഹോ എന്നിവയാണ് ധ്യാനിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.


Click it and Unblock the Notifications