നടി ആക്രമിച്ച കേസില്‍ ഇപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല, പ്രചരിക്കുന്നത് മുമ്പ് പറഞ്ഞത്; പ്രതികരണവുമായി ലാല്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ താന്‍ നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. താന്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞുവെന്ന തരത്തില്‍ ദൃശ്യങ്ങളില്ലാതെ പ്രചരിക്കുന്നതായാണ് ലാല്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് താന്‍ പുതിയ പ്രസ്താവനകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നും ലാല്‍ പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രസ്താവനയിലൂടെയായിരുന്നു ലാലിന്റെ വിശദീകരണം. നടി തന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും തന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീട് ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നാണ് ലാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം.

പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് 4 വര്‍ഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീട് ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല എന്നാണ് ലാല്‍ പറയുന്നത്. കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതു തന്നെയാണെന്നും ലാല്‍ പറയുന്നു.

എന്നാല്‍, നാലുവര്‍ഷം മുന്‍പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നുവെന്നും ലാല്‍ ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ ഉണ്ടായ കാരണവും അദ്ദേഹം പറയുന്നു. അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ ശബ്ദം മാത്രമായി ഇന്ന് ഞാന്‍ യുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാടു പേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലര്‍ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലര്‍ അസഭ്യ വര്‍ഷങ്ങളും ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതു കൊണ്ടുമാണെന്നാണ് താരം പറയുന്നത്.

ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസുണ്ട്, നിയമമുണ്ട്. കോടതിയുണ്ട്; അവരുടെ ജോലി അവര്‍ ചെയ്യട്ടെ എന്നാണ് ലാല്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ടെന്നും പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ടുതന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ലെന്നും ലാല്‍ വ്യക്തമാക്കുന്നു.
Recommended Video

എന്റെ ഈ കുറിപ്പ് കണ്ടതിനു ശേഷം 'അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു' എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യര്‍ഥിച്ചുകൊണ്ട്, യഥാര്‍ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ... ഇരയ്ക്ക് നീതി ലഭിക്കട്ടെ.. പ്രാര്‍ഥനകളുമായി എന്നു പറഞ്ഞാണ് ലാല്‍ താന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട സമയത്ത് ലാല്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ മറ്റൊരു തരത്തില്‍ പ്രചരിക്കപ്പെടുന്നത്. ഓഡിയോ മാത്രമായിട്ടാണ് താരത്തിന്റെ വാക്കുകള്‍ പ്രചരിക്കുന്നത്. അതില്‍ ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ലാലിന്റെ മറുപടിയുമുണ്ട്. ഇത് പ്രചരിക്കാന്‍ തുടങ്ങിയതോടെ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാണ് ലാല്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കു്‌നനത്. അതേസമയം കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കോളിളക്കം സൃഷ്ടിക്കുകയാണ്.


Click it and Unblock the Notifications