ശരിക്കും പട്ടിണിയാണ്, രാത്രി മാമ്പഴം പെറുക്കിക്കൊണ്ട് വന്ന് തിന്ന് വിശപ്പകറ്റിയിട്ടുണ്ട്: ഹക്കീം ഷാ
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഹക്കീം ഷാ. സമീപകാലത്തിറങ്ങിയ സിനിമകളിലൂടെ തമിഴിലും ഹക്കീം ഷാ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയിലെ മുഖ്യധാരയിലേക്ക് എത്താന്‍ തനിക്ക് പത്ത് വര്‍ഷം വേണ്ടി വന്നുവെന്നാണ് ഹക്കീം ഷാ പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കീം ഷാ മനസ് തുറക്കുന്നത്.
താന്‍ നേരിടേണ്ടി വന്ന കഷ്ടതകളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. മാമ്പഴം കഴിച്ച് വിശപ്പടക്കിയ നാളുകളെക്കുറിച്ചും ഹക്കീം ഷാ ഓര്‍മ്മ പുതുക്കുന്നുണ്ട്. എന്നാല്‍ പത്ത് വര്‍ഷം എടുത്തു എന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നാണ് ഹക്കീം ഷാ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''റിഗ്രറ്റുകളില്ല. ജീവിതം ആസ്വദിക്കാനായില്ലെങ്കില്‍ എന്ത് കാര്യമാണുള്ളത്. ഞാന്‍ ജീവിതം ആസ്വദിച്ച് പോകുന്നയാളാണ്. പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. ഞാനും സുഹൃത്ത് സനൂപ് പടവീടനും മൂന്ന് വര്‍ഷം ഒരുമിച്ചായിരുന്നു. ഇപ്പോഴുമുണ്ട്. ഇപ്പോള്‍ രണ്ടു പേരും വേറെ വേറെ ഫ്‌ളാറ്റുകളിലാണ്. ഒരുമിച്ചുണ്ടായിരുന്ന രണ്ടോ മൂന്നോ വര്‍ഷം മാമ്പഴക്കാലം വളരെ സന്തോഷമാണ്. കാരണം, ഞങ്ങള്‍ പട്ടിണിയാണ്. അക്ഷാരാര്‍ത്ഥത്തില്‍ തന്നെ പട്ടിണിയാണ്'' ഹക്കീം ഷാ പറയുന്നു.
മാമ്പഴക്കാലം ആകുമ്പോള്‍ രാത്രി അവന്റെ സ്‌പ്ലെണ്ടറില്‍ കേറി എല്ലാ മാവിന്റേയും ചുവട്ടിലൂടെ പോകും. സ്‌പ്ലെണ്ടര്‍ ആകുമ്പോള്‍ പെട്രോള്‍ കുറച്ച് മതി. പോയി തിരിച്ച് വരുമ്പോഴേക്കും പത്ത് കിലോയോളം മാങ്ങയുണ്ടാകും. പലതരം മാങ്ങയുണ്ടാകും. രാത്രി മൂന്ന്-നാല് മണിയ്ക്ക് ഓരോ കട്ടന്‍ ചായയുമിട്ട് ഇത്രയും മാങ്ങയും ചെത്തി തിന്നും. മാങ്ങയാകുമ്പോള്‍ വേറൊരു കുഴപ്പമുണ്ട്. പുളിയായത് കൊണ്ട് വിശപ്പ് കൂടും. പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കുന്നത് കൂടുതല്‍ വിശപ്പോടെയായിരിക്കും. അങ്ങനെ ഞങ്ങള്‍ ജീവിച്ചിട്ടുണ്ടെന്നാണ് ഹക്കീം ഷാ പറയുന്നത്.
നാലഞ്ച് വര്‍ഷം മുമ്പാണിത്. ഒരു ഓണം ഞങ്ങള്‍ ആഘോഷിച്ചത് പച്ചക്കപ്പളങ്ങ വച്ചാണ്. പക്ഷെ ഈ ഇല്ലായ്മയെ ആശ്ലേഷിക്കാനായാല്‍ ഭയങ്കര സന്തോഷമാണ്. നെല്ലിപ്പടി എന്ന് പറയില്ലേ, അതും തലയില്‍ വച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇനിയും താഴെ പോകാനില്ല. തിരിച്ചു പോക്കില്ല എന്നുറപ്പിച്ചിരുന്നു. വീട്ടില്‍ പറയില്ല. വീട്ടില്‍ പറഞ്ഞാല്‍ സഹിക്കില്ല. അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ്. ഉറപ്പായും വാപ്പയ്ക്കും ഉമ്മയ്ക്കും സഹിക്കാനാകില്ല. ആദ്യമൊക്കെ തിരിച്ചു പോരാന്‍ പറയുമായിരുന്നു. പക്ഷെ എന്നെ ബുദ്ധിമുട്ടിക്കുകയോ വട്ടം നില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ഒന്നും ആകാതെ തിരിച്ചു ചെല്ലാന്‍ പറ്റില്ല. ഇടയ്‌ക്കൊക്കെ വീട്ടീന്ന് സഹായിക്കും. കയ്യിലെ പൈസ തീരുമ്പോള്‍ നാട്ടിലേക്ക് തിരിച്ച് പോകും. അവിടേയും ഇവിടേയുമൊക്കെ തലയും ചൊറിഞ്ഞ് നില്‍ക്കുമ്പോള്‍ കുറച്ച് പൈസ തരും. അഞ്ചാറ് വര്‍ഷമൊക്കെയായപ്പോള്‍ പേടിയായി. സ്വയം ചെയ്ത് നോക്കുക തന്നെ. ഭയങ്കര കഷ്ടപ്പാടായിരുന്നു. ഓരോരുത്തര്‍ക്കും ഒാരോ കഷ്ടപ്പാടാണ്. നല്ല അഭിനേതാക്കള്‍ സാമ്പത്തിക പിന്തുണയില്ലാത്തിനാല്‍ ജോലിക്ക് പോകേണ്ടി വരുന്നതും പിന്നെ ജോലി തുടരേണ്ടി വരുന്നതുമൊക്കെ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.
ഇതൊന്നും എന്നെ ബാധിക്കരുതെന്ന് ഞാന്‍ കരുതി. എന്റെ യാത്ര വളരെ പതുക്കെയുള്ളതാണ്. ഞാന്‍ വളരെ ഫോക്കസ്ഡ് ആയി പോകുന്ന ആളല്ല. വഴിയില്‍ കാണുന്നതിനോടൊക്കെ സംസാരിച്ചേ എനിക്ക് പോകാനാകൂ. അങ്ങനെയാണ് സോ കോള്‍ഡ് മുഖ്യാധാര സിനിമയിലേക്ക് എത്താന്‍ പത്ത് വര്‍ഷം എടുത്തതെന്നാണ് ഹക്കീം ഷാ പറയുന്നത്.


Click it and Unblock the Notifications











