10 കൊല്ലത്തെ പ്രണയം, വീട്ടുകാര്‍ എതിര്‍ത്തു; ബുദ്ധിമുട്ടുകള്‍ ആരേയും ഞങ്ങള്‍ അറിയിച്ചില്ല: ഹരീഷ് കണാരന്‍
മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഹരീഷ് കാണാരന്‍. മിമിക്രി വേദികളില്‍ നിന്നും മിനി സ്‌ക്രീനിലെത്തിയ ഹരീഷ് താരമാകുന്നത് മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ്. അന്ന് അവതരപ്പിച്ച ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രം വന്‍ ഹിറ്റ് ആയി മാറിയതോടെയാണ് പേര് ഹരീഷ് കണാരന്‍ എന്നാകുന്നത്.
പിന്നാലെ സിനിമയിലെത്തുകയായിരുന്നു. പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് നിരവധി സിനിമകളില്‍ അ്‌ദ്ദേഹം അറിഞ്ഞാടിയിട്ടുണ്ട്. ഓഫ് സ്‌ക്രീനില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും ഹരീഷിന് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. ഹരീഷിന്റെ പ്രണയവും സിനിമ പോലെ സംഭവബഹുലമായിരുന്നു. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

പത്താം ക്ലാസ് തോറ്റതോടെ ഞാന്‍ ജോലിയ്ക്ക് പോയിത്തുടങ്ങി. പെയിന്റിങ് ജോലിയും ഓട്ടോറിക്ഷ ഓടിക്കലുമൊക്കെ പരീക്ഷിച്ചു. വീട്ടുകാരുടെ നിര്‍ബന്ധം കാരണം പത്തൊന്‍പതാം വയസില്‍ പിന്നേയും എസ്എസ്എല്‍സി എഴുതാന്‍ തീരുമാനിച്ചു. പ്രോഗ്രസ് ട്യൂട്ടോറിയല്‍ കോളേജില്‍ ചേര്‍ന്നു. സന്ധ്യ പത്താം ക്ലാസില്‍ പഠിക്കുകയാണ്. അവളും അവിടെയാണ് ട്യൂഷനു വന്നിരുന്നത്. എനിക്ക് സന്ധ്യയെ ഇഷ്ടപ്പെട്ടു. ഒരു കൊല്ലം പിന്നാലെ നടന്ന് ലൈനാക്കി. പത്തു കൊല്ലം പ്രേമിച്ചു. കല്യാണം കഴിഞ്ഞിട്ട് 15 കൊല്ലമായി. കഴിഞ്ഞ 26 വര്‍ഷമായി അവള്‍ എനിക്കൊപ്പമുണ്ടെന്നാണ് ഹരീഷ് പറയുന്നത്.
ഞാനും സന്ധ്യയും പലിയിടത്തും വച്ച് സംസാരിക്കുന്നത് ആളുകള്‍ കണ്ടതോടെ പ്രേമക്കാര്യം എല്ലാവരും അറിഞ്ഞു. അവളുടെ ചേച്ചിമാരൊക്കെ മുട്ടന്‍ എതിര്‍പ്പിലായിരുന്നു. ഒരു ചേച്ചി അധ്യാപികയാണ്. മറ്റൊരു ചേച്ചി സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥയുമായിരുന്നുവെന്ന് ഹരീഷ് പറയുന്നു. ഇവളെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാണ് അവരുടെ അഗ്രഹം. അതിനിടെയാണ് എന്റെ എന്‍ട്രിയെന്ന് ഹരീഷ് പറയുന്നു.
ഞാനാണെങ്കില്‍ മിമിക്രിയും പെയിന്റിങ്ങും ആയി നടക്കുന്നു. അധ്യാപികയായ ചേച്ചിയുടെ പേര് നിര്‍മല എന്നാണ്. നിര്‍മലചേച്ചി രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു പാലത്തിന്റെ മുകളില്‍ ഇരിക്കുന്നത് കാണാം. വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുമ്പോഴും അതേ ഇരിപ്പ്. എപ്പോഴെങ്കിലും ഒരു മിമിക്രി പരിപാടി കിട്ടിയാല്‍ കിട്ടി. അങ്ങനെ നടക്കുന്ന ഒരാളെ അനയിത്തി പ്രേമിക്കുമ്പോള്‍ എന്തായാലും എതിര്‍പ്പ് കാണുമല്ലോ എന്നും ഹരീഷ് പറയുന്നു.

എന്റെ അച്ഛനും അമ്മാവന്മാരും സന്ധ്യയുടെ വീട്ടില്‍ പോയി സംസാരിച്ചു അവരെക്കൊണ്ട് സമ്മതിപ്പിച്ചു. എന്റെ അമ്മയുടെ കുറച്ച് സ്ഥലം ഉണ്ടായിരുന്നു. കല്യാണത്തിന് മുമ്പ് അത് വിറ്റ്, അമ്മയുടെ വേറൊരു സ്ഥലത്ത് വീടു വച്ചു. സന്ധ്യയുടെ വീട്ടുകാര്‍ ഇടയ്ക്ക് ഇടയ്ക്ക് വന്നു നോക്കും. ശരിക്കും വീടു പണി നടക്കുന്നുണ്ടോ എന്നറിയാനായിരുന്നുവെന്നും ഹരീഷ് പറയുന്നു.
കല്യാണം കഴിഞ്ഞ സമയത്ത് ജീവിതം കുറച്ചു ബുദ്ധിമുട്ടിലായിരുന്നു. പക്ഷെ ഞങ്ങള്‍ ആരേയും ബുദ്ധിമുട്ടിക്കാന്‍ പോയിട്ടില്ലെന്നും ഹരീഷ് കണാരന്‍ പറയുന്നു. ഇതിനിടെ ഇപ്പോഴിതാ നായകനായും മാറുകയാണ് ഹരീഷ് കണാരന്‍.


Click it and Unblock the Notifications











