'കോമഡി റോളുകൾ ചെയ്യാൻ താൽപര്യമുണ്ട് പക്ഷെ ആരും എന്നെ വിളിക്കുന്നില്ല'; നടൻ ഇന്ദ്രജിത്ത് സുകുമാരൻ!
പോലീസുകാരൻ, പട്ടാളക്കാരൻ, ബോട്ട് മുതലാളി, നാടൻ ഗുണ്ട, അർബൻ സ്റ്റൈലിഷ് ഗുണ്ട, ഡോൺ, ജേണലിസ്റ്റ്, പള്ളീലച്ചൻ, ഡോക്ടർ, ബിസിനസ്മാൻ, തീവ്രവാദി, കോളേജ് സ്റ്റുഡന്റ്, സ്കൂൾ ടീച്ചർ, രാഷ്ട്രീയക്കാരൻ, കഥകളി ആർട്ടിസ്റ്റ്, ശിൽപ്പി, എന്തിന് പറയണം പിസ ബോയ് ആയി വരെ സ്ക്രീനിൽ നിറഞ്ഞാടുന്ന മലയാളത്തിന്റെ സ്വന്തം നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. തുടക്കത്തിൽ മീശമാധവനിലൂടെ ഈപ്പൻ പാപ്പച്ചി ആയി വില്ലൻ റോൾ ചെയ്‌തെങ്കിലും കോമഡി കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവുള്ള നടൻ ആണ് ഇന്ദ്രജിത്ത്. അത് അമർ അക്ബർ അന്തോണി, ത്രീ കിങ്സ് തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുള്ളതുമാണ്.
ഇപ്പോഴുള്ള പല മുൻനിര നടന്മാരെക്കാളും കോമഡി അവതരിപ്പിക്കാൻ ഒരുപടി മുന്നിലാണ് ഇന്ദ്രജിത്ത് എന്ന നടൻ. മലയാള സിനിമയിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ നടനാണ് ഇന്ദ്രജിത്ത് എന്ന് പലരും പറയാറുണ്ട്. സംവിധായകർ വേണ്ട വിധം ഇന്ദ്രജിത്തിനെ ഉപയോഗിക്കുന്നില്ലെന്നും പ്രേക്ഷകർ പരാതിപ്പെടാറുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ,തെലുങ്കു ഭാഷകളിലും ഇദ്ദേഹം ഇദേഹത്തിന്റെ സാന്നിധ്യമറിയിച്ചടുണ്ട്. ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഇന്ദ്രജിത്ത് മീശമാധവനിലെ ഈപ്പൻ പാപ്പച്ചി, റൺവേയിലെ ബാലു, ക്ലാസ്മേറ്റ്സിലെ പയസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി.
Also Read: 'കഴുത്തിൽ കത്തിവെച്ച് ഒറ്റ വലി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ അനൂപ് മേനോന്റെ 21 ഗ്രാംസ് എത്തുന്നു!

ഇന്ദ്രജിത്തിന്റെ ആമേൻ സിനിമയിലെ ഫാദർ വിൻസെന്റ് വട്ടോളിക്ക് മാത്രം വലിയൊരു ഫാൻസുണ്ട് കേരളത്തിൽ. 2018ലെ വെള്ളപ്പൊക്ക സമയത്താണ് താൻ വെറുമൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യസ്നേഹി കൂടിയാണെന്ന് മറ്റുള്ളവർക്ക് ഇന്ദ്രജിത്ത് മനസിലാക്കിക്കൊടുത്തത്. തന്റെ ഭാര്യ പൂർണിമ ഇന്ദ്രജിത്തിനൊപ്പം അൻപോട് കൊച്ചി എന്ന സംഘടനയോടൊപ്പം രാപ്പകലില്ലാതെ ഇന്ദ്രജിത്ത് ഒപ്പം നിന്നു. ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ റിലീസാകാൻ പോകുന്ന സിനിമ നൈറ്റ് ഡ്രൈവാണ്. ഇന്ദ്രജിത്തിന് പുറമെ റോഷൻ മാത്യു, അന്നാ ബെൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്നാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്. വൈശാഖാണ് സിനിമയുടെ സംവിധായകൻ.

റിയാലിറ്റിയും കോമേഴ്സ്യൽ സംഭവങ്ങളും ഇടകലർത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലറിൽ നിന്നും വ്യക്തമാണ്. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈവിനെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ. 'ത്രില്ലർ സ്വഭാവമുള്ള സിനിമയാണ്. ഒരു രാത്രി നടക്കുന്ന സംഭങ്ങളാണ് സിനിമയുടെ കഥ. ഒരു വിഭാഗത്തിന് വേണ്ടി മാത്രമുള്ള സിനിമയല്ല. എല്ലാവർക്കും കുടുംബസമേതം കാണാം.'

'ഇപ്പോൾ തുടരെ തുടരെ നിരവധി പൊലീസ് വേഷങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്ക് കോമഡി കഥാത്രങ്ങൾ ചെയ്യാൻ ഒരുപാട് താൽപര്യമാണ്. പക്ഷെ പത്ത് സിനിമകൾ ചെയ്താൽ മാത്രമാണ് അതിൽ ഒരെണ്ണം ഇത്തരം കോമഡി റോളുള്ള സിനിമകൾ വരുന്നത്. അമർ അക്ബർ അന്തോണി ചെയ്ത സമയത്ത് അന്തോണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും പക്ഷെ പിന്നീട് അത്തരത്തിലുള്ള റോളുകൾ വന്നിട്ടില്ല. ലോക്ക് ഡൗണിന് മുമ്പ് റാമിന്റെ ഷൂട്ടിങിന് വേണ്ടി ലണ്ടനിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷെ ലോക്ക് ഡൗൺ കാരണം അതെല്ലാം മുടങ്ങി. ജൂൺ, ജൂലൈ ആകുമ്പോൾ ചിത്രീകരണം വീണ്ടും തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്' ഇന്ദ്രജിത്ത് സുകുമാരൻ പറയുന്നു.


Click it and Unblock the Notifications