ആ നിമിഷങ്ങളിൽ കരച്ചിൽ വന്നു, വല്ലാത്തൊരു മൊമൻ്റായിരുന്നു അത്: കമൽഹാസൻ
നീണ്ട ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും സേനാപതി വരുന്നു. ഇത്തവണ ഇന്ത്യൻ താത്ത നേരിടാൻ പോകുന്ന വെല്ലുവിളികൾ എന്തൊക്കെയാവും. പഴയ പോലെ അല്ല വയസ് ഒരുപാടായി. ഏകദേശം 100 വയസിനു മുകളിലുണ്ടാവും സേനാപതിക്ക്. പക്ഷേ പ്രായത്തെ വെല്ലുന്ന ആക്ഷനുമായാണ് ഈ രണ്ടാം വരവിലും കാണാൻ സാധിക്കുക. ഇന്ത്യൻ 2 ൻ്റെ വിശേഷങ്ങളുമായി കമൽഹാസനും, സംവിധായകൻ ശങ്കറും ഫിലിം കമ്പാനിയന് കൊടുത്ത ഇൻ്റർവ്യൂവിൽ നിന്ന്.
"ഒരിക്കൽ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ നിരവധി കൈക്കൂലി കേസുകൾ കാണുകയുണ്ടായി. ഇന്ത്യൻ സിനിമക്ക് റിലീസിന് ഇപ്പുറവും ഇതേ വാർത്തകൾ കാണാൻ തുടങ്ങി. അപ്പോഴാണ് ഓർത്തത് ഒരു പക്ഷേ ഇന്ത്യൻ 2 ഇപ്പോൾ വന്നാൽ എങ്ങനെയിരിക്കും എന്ന്. എന്നാൽ നല്ലൊരു തിരക്കഥാ രൂപത്തിലേക്ക് എത്താൻ വർഷങ്ങളെടുത്തു. അങ്ങനെയാണ് ഇന്ത്യൻ 2 പിറക്കുന്നത്." സംവിധാകൻ ശങ്കർ പറഞ്ഞു.

ഇന്ത്യൻ 2 വരുന്നു എന്നറിഞ്ഞ മുതൽ ഒരുപോലെ കേൾക്കുന്ന കാര്യമാണ് സേനാപതിയുടെ വയസിനെ സംബന്ധിച്ച ആശയകുഴപ്പം. "ആദ്യ ഭാഗത്തിൽ സ്വാതന്ത്യത്തിന് മുൻപുള്ള കാലഘട്ടം കാണിക്കുന്നുണ്ട്. അപ്പോൾ പിന്നെ അതിനു മുന്നേ സേനാപതി ജനിച്ചിരിക്കുമല്ലോ. സത്യത്തിൽ ഏത് വർഷമാണ് സേനാപതിയുടെ ജനനം എന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. എല്ലാവരും സേനാപതിയുടെ വയസു കാൽക്കുലേറ്റ് ചെയ്യുകയാണ്." ശങ്കർ തുറന്നടിച്ചു.
ഇന്ത്യൻ ചിത്രം കൈക്കൂലിക്കെതിരെ ഒറ്റയാൾ പോരാട്ടം ചെയ്യുന്ന സേനാപതിയുടെ കഥയാണ്. വർഷങ്ങൾ കടന്നു പോയിട്ടും ആ കഥാപാത്രം ഉണ്ടാക്കിയ പവർ ഇന്നും മാഞ്ഞു പോയിട്ടില്ല. എന്നാൽ ചില നഷ്ടങ്ങൾ അത് വളരെ വലുതാണ്.
"ചില മൊമൻ്റിൽ ഒരു ആക്ടറിനെ സംബന്ധിച്ച് കൺഫ്യൂഷനുകൾ ഉണ്ടാവാറുണ്ട്. അങ്ങനെയുണ്ടായത് നെടുമുടി വേണുവിനൊപ്പമുള്ള സീനായിരുന്നു. ഷൂട്ടിംഗ് പൂർത്തീകരിക്കുന്നതിനു മുന്നേ അദ്ദഹം മരിച്ചു. അദ്ദേഹത്തിന് പകരം മറ്റൊരാളെ വെച്ച് ഷൂട്ട് ചെയ്തു. സത്യത്തിൽ ആ നിമിഷങ്ങളിൽ കരച്ചിൽ വന്നു. വല്ലാത്തൊരു മൊമൻ്റായിരുന്നു അത്." കമൽഹാസൻ പറഞ്ഞു. സേനാപതിയും എസ് പി കൃഷ്ണസ്വാമിയും തമ്മിലുളള സീനുകൾ വരുമ്പോൾ പ്രേക്ഷകരുടെ കണ്ണ് നിറയും എന്നത് കമൽഹാസൻ്റെ വാക്കുകളിലൂടെ മനസിലാക്കാം.
നെടുമുടി വേണുവിന് പകരം നന്ദു പൊതുവാളാണ് അഭിനയിച്ചത്. എന്നാൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലൂടെ നെടുമുടിവേണു എന്ന അതുല്യ കലാകാരനെ ഒരിക്കൽ കൂടെ സ്ക്രീനിൽ കാണാൻ സാധിക്കും. വിവേക്, മനോബാല എന്നിവരും റിലീസിനു മുന്നേ വിടവാങ്ങിയവരാണ്.

ഇത്രയും വ്യത്യസ്തമാർന്ന രീതിയിൽ ചിത്രങ്ങൾ എങ്ങനെ എടുക്കുന്നു, പ്രത്യേകിച്ച് 2.0 എന്ന ചിത്രം എങ്ങനെയുണ്ടായി എന്ന ആങ്കറിൻ്റെ ചോദ്യത്തിന് ശങ്കറിൻ്റെ രസകരമായ മറുപടി ഇങ്ങനെ. "2.0 എടുക്കുന്നതിനു മുന്നേ എൻ്റെ മനസിൽ വന്നത് ഒരു പുഴയിലൂടെ ഫ്ലാഷ് അടിച്ചു കൊണ്ട് നിറയെ സെൽഫോണുകൾ ഒഴുകുന്നതാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു ചിന്ത വന്നതെന്ന് എനിക്കറിയില്ല. അതാണ് ആ സിനിമയിലേക്കു നയിച്ചത്. "
വലിയൊരു താരസംഗമമാണ് ഇന്ത്യൻ 2 ൽ കാണാൻ കഴിയുന്നത്. സിദ്ദാർത്ഥ്, കാജൽ അഗർവാൾ, രാഖുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ, ബോബി സിൻഹ, യോഗി ബാബു തുടങ്ങി നിരവധി പേരാണ് അണിനിരക്കുന്നത്. ചിത്രം ജൂലൈ 12ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.


Click it and Unblock the Notifications











