മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മുന്നില്‍ പോലും ഞാന്‍ പതറിയിട്ടില്ല; പക്ഷെ ആ നടിയ്ക്ക് മുന്നില്‍...
താരങ്ങളുടെ ജാഡയെക്കുറിച്ചും അഹങ്കാരത്തെക്കുറിച്ചും പല കഥകളും പ്രചരിക്കാറുണ്ട്. എന്നാല്‍ മലയാളത്തില്‍ യാതൊരു താരജാഡയുമില്ലാത്തൊരു നടനുണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രേം നസീര്‍ ആണെന്നാണ് നടന്‍ കോട്ടയം പത്മന്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്. മമ്മൂട്ടിയ്്ക്കും മോഹന്‍ലാലിനും മുമ്പില്‍ പോലും പതറാത്ത താന്‍ ആകെ പതറിപ്പോയത് ഒരു നടിയുടെ മുന്നിലാണെന്നും അദ്ദേഹം പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്.
താന്‍ പോരിയ്മ എല്ലാ മേഖലയിലുമുണ്ട്. അതെല്ലാം ഓരോരുത്തരുടേയും ജീനിലുള്ളതാണ്. രക്തത്തില്‍ കിടക്കുന്നത്. ഏറ്റവും കൂടുതല്‍ വിനയം കണ്ടിട്ടുള്ളത് പ്രേം നസീറിലാണ്. നസീര്‍ സാറിനെ പോലെ വിനയം ഉള്ള ഒരു നടനും മലയാള സിനിമയില്‍ ഇല്ല. അദ്ദേഹത്തോട് ഏഴ് മണിയ്ക്ക് വരാന്‍ പറഞ്ഞാല്‍ അദ്ദേഹം 6.50 ന് മേക്കപ്പിട്ട് എത്തിയിരിക്കും. സെറ്റിലുള്ള ബാക്കിയുള്ള നടിനടന്മാരോടും വലിപ്പച്ചെറുപ്പം കാണിക്കാറില്ല. എല്ലാവരോടും നല്ല ലോഹ്യത്തോടെയാണ് പെരുമാറുക.

മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. പളുങ്കിലും കടല്‍ കടന്ന് മാത്തുക്കുട്ടിയിലും അഭിനയിച്ചിട്ടുണ്ട്. എന്നെ മമ്മൂക്ക കാണുന്നത് ആ ടേക്ക് എടുക്കാന്‍ നേരത്തായിരിക്കും. അതിന് മുമ്പുള്ള സമയമത്രയും ഞാന്‍ മാറിയിരുന്ന് എന്റെ ഡയലോഗ് പഠിക്കുകയായിരിക്കും. ആരുടേയും കണ്ണില്‍ പെടില്ല. നമ്മള്‍ കാരണം അവരുടെ സമയം പോകരുത്. ഞാനെന്ന നടനേക്കാള്‍ കൂടുതല്‍ വില കൊടുത്താണ് നിര്‍മ്മാതാവ് അവരുടെ സമയം വാങ്ങി വച്ചിരിക്കുന്നത്. അതിനാല്‍ ഞാന്‍ കാരണം ടേക്കിന്റെ എണ്ണം കൂടുമ്പോള്‍ അവരുടെ സമയമാണ് നഷ്്ടമാകുന്നത്.
കഴിവതും ഒരു ടേക്കില്‍ തന്നെ ഓക്കെയായി പോകണം എന്ന പ്രാര്‍ത്ഥനയോടെയാണ് അഭിനയിക്കുന്നത്. അവര്‍ക്ക് മുമ്പില്‍ അഭിനയിക്കുമ്പോള്‍ പതറി പോകാറില്ല. ഞാന്‍ അവരെ കാണുന്നത് മമ്മൂട്ടിയായിട്ടല്ല കഥാപാത്രമായിട്ടാണ്. ലാലേട്ടനുമായി കോമ്പിനേഷന്‍ വന്നിട്ടില്ല. മമ്മൂക്കയായും ദിലീപുമായും അഭിനയിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് എതിരെ നില്‍ക്കുന്നത് എത്ര വലിയ ആളാണെങ്കിലും അങ്ങനെ പേടിക്കില്ല. അങ്ങനെ പേടിച്ചാല്‍ നമുക്ക് അഭിനയിക്കാനാകില്ല.
ഞാന്‍ പതറി പോയത് മീര ജാസ്മിന് മുമ്പില്‍ മാത്രമാണ്. വിനോദയാത്രയിലായിരുന്നു അത്. ഞാന്‍ ബാങ്ക് മാനേജര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. മീര വന്ന് ലോണിന്റെ കുടിശ്ശിക അടക്കാന്‍ പറ്റാത്തതിനെക്കുറിച്ച് സംസാരിക്കുന്ന രംഗമാണ്. ഞാന്‍ അവരെ വഴക്ക് പറയുന്നു. അതിന്റെ റിഹേഴ്‌സല്‍ നടക്കുന്ന സമയം മീരയൊരു നോട്ടം നോക്കി. ഞാന്‍ പതറിപ്പോയി. എനിക്കൊന്നും പറയാന്‍ പറ്റാതായി. അത്ര ഷാര്‍പ്പ് ആയ നോട്ടമായിരുന്നു അത്.

ഞാന്‍ നില്‍ക്കുന്നത് കണ്ട് എന്ത് പറ്റിയെന്ന് സത്യേട്ടന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു മീരയുടെ നോട്ടം എന്ന്. മീര അങ്ങനെ പലതും കാണിക്കും പക്ഷെ പപ്പന്‍ അതൊന്നും നോക്കണ്ട പപ്പന്റെ ഭാഗം ചെയ്താല്‍ മതിയെന്ന് സത്യേട്ടന്‍ പറഞ്ഞു. അദ്ദേഹം തന്ന ആത്മവിശ്വാസത്തിലാണ് ആ രംഗം അഭിനയിച്ചത്. മീര കഥാപാത്രമായി മാറുകയായിരുന്നു. അസാമാന്യമായ നടിയാണ്. ഞാന്‍ തിലകന്‍ ചേട്ടന്റെ മുന്നില്‍ പോലും പതറിയിട്ടില്ല.
തിലകന്‍ ചേട്ടന്റെ പുറമെയുള്ള പരുക്കന്‍ സ്വഭാവം കാണുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണ്. ശരിക്കും തിലകന്‍ ചേട്ടന്‍ ഭയങ്കര പാവമാണ്. എന്റെ അനുഭവത്തില്‍ അദ്ദേഹം വെറും പാവമാണ്. തമാശ അറിയുന്ന നടനാണ്. മമ്മൂക്കയുടെ കാര്യം പറഞ്ഞതു പോലെയാണ്. മമ്മൂക്കയും ആള് ശുദ്ധനാണ്. പക്ഷെ പുറമേന്ന് കാണുമ്പോള്‍ പേടിക്കേണ്ട ആളാണെന്ന് തോന്നുന്നതാണ്.


Click it and Unblock the Notifications











