സിന്ധു വലിയ വീട്ടിലെ കുട്ടിയാണ്; വിവാഹം നടത്തിയെങ്കിലും വീട്ടുകാർക്ക് ഇപ്പോഴും ഇഷ്ടക്കുറവുണ്ട്: കൃഷ്ണ കുമാർ
കൃഷ്ണ കുമാറിനെയും കുടുംബത്തേയും മലയാളികൾക്കെല്ലാം വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഭാര്യയും നാലു മക്കളും പ്രേക്ഷകർക്ക് സുപരിചിതരാണ്. രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം ഈ മാസമായിരുന്നു. 90 ശതമാനം ചിലവും സ്വന്തമായി വഹിച്ചായിരുന്നു ദിയ വിവാഹം നടത്തിയത്. ഓസിയുടെ സന്തോഷം ഞങ്ങളുടേയും എന്നായിരുന്നു വിവാഹം ഉറപ്പിച്ചപ്പോൾ കൃഷണ കുമാർ പറഞ്ഞത്.
മക്കളുടെ എല്ലാ കാര്യങ്ങൾക്കും നിയന്ത്രണം വെക്കാത്ത മാതാപിതാക്കളാണ് സിന്ധുവും കൃഷ്ണ കുമാറും. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തിനു ശേഷം നേരിട്ട പ്രശ്നങ്ങളെ കുറിച്ചും കൃഷ്ണ കുമാറും സിന്ധവും കൈരളി ടിവിയിലൂടെ ഭാഗ്യ ലക്ഷ്മി ഹോസ്റ്റ് ചെയ്ത ഷോയിൽ മനസു തുറന്നിരുന്നു. ആ വീഡിയോ വീണ്ടും വൈറലാവുന്നു.

"കിച്ചുനെ ആദ്യം സംസാരിക്കുന്നതിനു മുന്നേ രണ്ടു മൂന്ന് സ്ഥലത്ത് വെച്ചിട്ട് ഞാൻ കണ്ടിട്ടുണ്ട്. കിച്ചു പണ്ട് വർക്ക് ചെയ്തിരുന്ന സ്ഥലത്ത് പലപ്പോഴായിട്ട് പോവേണ്ടി വന്നിട്ടുണ്ട്. ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്, വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി പോകുമ്പോൾ കിച്ചു അവിടെ ഇരിക്കുന്നത് കാണാം. അന്ന് കിച്ചു ദൂരദർശനിൽ ഉണ്ട്. ഞാനും എന്റെ സുഹൃത്തുക്കളും അതുവഴി പോകുമ്പോൾ ഞങ്ങൾ ഒരുമിച്ച് വായ് നോക്കാറുണ്ടായിരുന്നു." സിന്ധു പറഞ്ഞു.
1994 ലാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നത്. അന്ന് ഒരു ഷൂ കടയിൽ വെച്ചായിരുന്നു പരസ്പരം സംസാരിച്ചത്. കൃഷ്ണ കുമാറിനെ സിന്ധുവിന് നേരത്തെ അറിയാമായിരുന്നു. പക്ഷേ സിന്ധുവിന്റെ പേര് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അന്നത്തെ സംസാരത്തിലാണ് എല്ലാം അറിയുന്നത്. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത കാശ്മീരം എന്ന സിനിമയിലാണ് കൃഷ്ണ കുമാർ ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രം കാണാനായി സിന്ധുവും സുഹൃത്തും കൃപ തിയേറ്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു ഇവരുടെ കൂടിക്കാഴ്ചയും സംഭവിക്കുന്നത്.
"എന്റെ ഏറ്റവും അടുത്ത സുഹൃത്തും ശക്തിയുമാണ് നടൻ ഹാജ. വർഷങ്ങളായുള്ള ബന്ധമാണ് ഞങ്ങൾക്കിടയിൽ. അപ്പോഴാണ് ഇവർ ഷൂ കടയിലേക്ക് വരുന്നത്. ഞാനും അവിടെ ഉണ്ടായിരുന്നു. അന്ന് ഹാജയോട് സിന്ധുവിനെ കുറിച്ച് സംസാരിച്ചു. എനിക്ക് ആ സമയത്ത് ഒന്നും തുറന്നു പറയാൻ പറ്റാത്ത അവസ്ഥയായി. ഹാജക്ക് എല്ലാവരോടും ഇടപഴകാൻ പ്രത്യേക കഴിവുണ്ട്. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നതും, ഇന്ന് ഇവിടെ വരെ ഈ ബന്ധം എത്തി നിൽക്കുന്നതും." കൃഷ്ണ കുമാർ പറഞ്ഞു.
"എം. എ ക്കു പഠിക്കുമ്പോഴാണ് ഞങ്ങൾ കാണുന്നതും പ്രണയിക്കുന്നതും. ആ സമയത്ത് എനിക്ക് ഒരു പ്രപ്പോസൽ വന്നിരുന്നു. അത് വീട്ടിൽ എല്ലാവർക്കും താത്പര്യമായിരുന്നു. ഒരു പക്ഷേ ആ പ്രപ്പോസൽ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ കുറച്ച് നാൾ കൂടെ പ്രണയിച്ചിട്ട് ചിലപ്പോൾ അടിച്ച് പിരിഞ്ഞേനെ. അത് പറയാൻ പറ്റില്ല. അങ്ങനെ കിച്ചു തന്നെയാണ് വീട്ടിൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ വിളിച്ചു പറഞ്ഞയുടൻ വിദേശത്ത് നിന്നും വീട്ടുകാർ വന്നു." സിന്ധു പറഞ്ഞു.

സിന്ധുവിന്റെ മാതാപിതാക്കളെല്ലാം വിദേശത്തായിരുന്നു. കൃഷ്ണ കുമാറിൻെ കുടുംബത്തേക്കൾ സാമ്പത്തികമായി വളരെ ഉയരത്തിലായിരുന്നു സിന്ധുവിന്റെ കുടുംബം. മാത്രമല്ല ഇരുവരും രണ്ട് ജാതിയിൽ ജനിച്ചവരാണ്. സിന്ധുവിന്റെ വീട്ടുകാരെ എർപോർട്ടിൽ ചെന്ന് കൃഷ്ണ കുമാർ തന്നെ കൂട്ടിക്കൊണ്ടു വരികയും അദ്ദേഹത്തിന്റെ വീടും പരിസരവും പരിചയപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം ഉടൻ തന്നെ ഇത് വിവാഹത്തിലേക്കും തീരുമാനമായി.
പക്ഷേ പിന്നീട് ജാതി പ്രശ്നം ഉയർന്നു വന്നു. ആരു കാരണമാണ് ഈ പ്രശ്നം അവരുടെ മനസിൽ ഉണ്ടായതെന്ന് അറിയില്ല. ചെറിയ പ്രശ്നങ്ങൾ അതുമായി ബന്ധപ്പെട്ട് ഉണ്ടായി എങ്കിലും അതൊന്നും കല്യാണത്തിനെ ബാധിച്ചിട്ടില്ല. കല്യാണം ഗംഭീരമായിട്ടായിരുന്നു നടത്തിയത്. എങ്കിലും അവർ പൂർണ ഇഷ്ടത്തോടെയായിരുന്നില്ല ഈ വിവാഹം നടത്തിയത്. ഇപ്പോഴും അതിൽ മാറ്റമൊന്നും വന്നിട്ടില്ല. എല്ലാവരോടും സംസാരിക്കാറുണ്ട്, പരിപാടികളിൽ പങ്കെടുക്കാറുണ്ട്. പക്ഷേ ഒരു ഇഷ്ടക്കുറവ് വളരെ പ്രകടമാണ്.


Click it and Unblock the Notifications











