'മക്കളിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് പറയാൻ കഴിയില്ലല്ലോ!'; തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് മനോജ് കെ ജയൻ
മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് മനോജ് കെ ജയൻ. മലയാള ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. സീരിയലിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്തിരുന്ന കുമിളകൾ എന്ന പരമ്പരയിൽ തിളങ്ങിയ മനോജ് കെ ജയന് അവിടെ നിന്ന് സിനിമയിലേക്ക് അവസരം ലഭിക്കുകയായിരുന്നു.
1987 ൽ പുറത്തിറങ്ങിയ എന്റെ സോണിയ എന്ന ചിത്രത്തിൽ ആദ്യമായി തല കാണിച്ച നടൻ 1988 ൽ ഇറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലാണ് നല്ലൊരു വേഷം ചെയ്യുന്നത്. പിന്നീട് 1990 ൽ ഇറങ്ങിയ പെരുന്തച്ചൻ, 1992 ൽ പുറത്തിറങ്ങിയ സർഗ്ഗം തുടങ്ങിയ സിനിമകളിലൂടെ മനോജ് കെ ജയൻ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.
സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് നടന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. പിന്നീട് നടനായും സഹനടനായും വില്ലനായുമെല്ലാം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ മനോജ് കെ ജയൻ എത്തി. ഇടയ്ക്ക് കോമഡി ട്രാക്കിലേക്കും നടൻ കയറിയിരുന്നു. അനന്തഭദ്രത്തിലെ ദിഗംബരൻ അടക്കമുള്ള ശ്രദ്ധേയ വേഷങ്ങളും നടൻ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, തന്റെ കരിയറിനെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മനോജ് കെ ജയൻ. മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'മലയാള സിനിമയിൽ പിടിച്ചു നിൽക്കാൻ വേണ്ടി ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. അതാണ് സത്യം. എനിക്ക് വേണ്ടി പ്രവർത്തിക്കാൻ നിർമ്മാതാക്കളോ, സംവിധയകരോ നടൻമാരോ ഒന്നും ഉണ്ടായിട്ടില്ല. ആദ്യകാലം മുതൽ അങ്ങനെ വേറിട്ട പാതയിലൂടെ വന്നതാണ്. കുട്ടൻ തമ്പുരാനായി എന്റെ ഗുരു ഹരിഹരൻ സാർ കൊണ്ടുവന്നിടത്തു നിന്ന് ആ പാതയിലൂടെ ഇങ്ങനെ എത്തിയതാണ്,'
'അത് തുടർന്ന് പോവുകയാണ്. എനിക്ക് വന്ന് ചേർന്ന കഥാപാത്രങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. അതിനു വേണ്ടി ശ്രമിക്കുകയൊന്നും ചെയ്തിട്ടില്ല. അത് മനപൂർവ്വമല്ല. എനിക്ക് അതിനെ കുറിച്ച് വലിയ ധർണയില്ല. അതുകൊണ്ടാണ്. നമ്മളെ ആവശ്യമുള്ള സിനിമകൾ ആണെങ്കിലെ ആ കഥാപാത്രം നന്നാവൂ. അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്,'
'തട്ടത്തിൻ മറയത്തിലെ കഥാപാത്രം എന്നെ മൂന്നോ നാലോ മാസം മുൻപ് വിനീത് വിളിച്ച് പറയുന്നതാണ്. ചിലത് ആ സമയത്ത് വന്ന് വിളിച്ച് ചെയ്യാറുണ്ട്. വിനീത് എന്നെ വിളിച്ച് പറഞ്ഞത് മൂന്ന് മാസം കഴിഞ്ഞേ ചെയ്യുന്നുള്ളു. പക്ഷെ ഈ കഥാപാത്രം ചേട്ടൻ തന്നെ ചെയ്യണം എന്നാണ്. അങ്ങനെ വരുന്ന കഥാപാത്രങ്ങളുണ്ട്. അങ്ങനെയാണ് കൂടുതൽ വേഷങ്ങളും വരുന്നത്,'

'അങ്ങനെ ഒന്നിൽ മാത്രം കംഫർട്ടബിൾ ആകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു നടൻ വെള്ളം പോലെ ആയിരിക്കണം എന്നാണ്. ഒഴിക്കുന്ന പത്രത്തിന്റെ ഷേപ്പിലേക്ക് മാറണം. ആ കഥാപാത്രത്തിലേക്ക് മാറണം. ആ ഒരു മൈൻഡ് സെറ്റിലാണ് പോയി കൊണ്ടിരിക്കുന്നത്. ഇന്നത് മാത്രമേ ചെയ്യൂ എന്നൊരു തടങ്കലിൽ ഇരുന്നാൽ നമ്മൾ അവിടെ ആയി പോകും. അങ്ങനെ ആവാത്തത് കൊണ്ടാണ് 36 വർഷമായിട്ടും നില്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്,'
'ദിഗംബരനിലും കുട്ടൻ തമ്പുരാനിലും ഏതാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിക്കുന്നത് എന്റെ രണ്ടു മക്കളുടെ കാര്യം ചോദിക്കുന്നത് പോലെയാണ്. കുഞ്ഞാറ്റയെയാണോ അമൃതിനെ ആണോ ഇഷ്ടമെന്ന് ചോദിച്ചാൽ പ്രശ്നമാണ്. പക്ഷെ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ ഇല്ലെങ്കിൽ മനോജ് കെ ജയൻ എന്നൊരു കഥാപാത്രം ഒരിക്കലും ഉണ്ടാവില്ല, ഇവിടെ വരെ എത്തില്ല,'
'അതുകൊണ്ട് രണ്ടു കഥാപാത്രത്തിന് തുല്യ തൂക്കമാണെങ്കിലും തമ്പുരാനോട് അൽപം കൂടുതൽ ഇഷ്ടമുണ്ട്. ഇന്ന് എനിക്ക് ദിഗംബരനെ അവതരിപ്പിക്കാനുള്ള കോൺഫിഡൻസ് ഇല്ല. അന്ന് ഞാൻ അത് ചെയ്തു. ഇത്രയും വർഷങ്ങൾക്ക് ശേഷം അതിലേക്ക് വീണ്ടും എത്തുക പ്രയാസമാണ്.അത് വേറൊരു തലത്തിൽ നിൽക്കുന്ന കഥാപാത്രമാണ്. അവിടെ എത്താൻ പ്രായസമായിരിക്കും. അറിയില്ല. ഒരു കോൺഫിഡൻസ് കുറവുണ്ട്,' മനോജ് കെ ജയൻ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications