എന്നെ കണ്ടതോടെ അവർ തകർന്നു പോയി! അമലയുടെ നായകനാകാനുള്ള അവസരവും നഷ്ടമായി; ഞാൻ പൊട്ടിക്കരഞ്ഞു: മനോജ് കെ ജയൻ
നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായ നടന്മാരിൽ ഒരാളാണ് മനോജ് കെ ജയൻ. 1988ൽ ആണ് മനോജ് കെ ജയൻ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് 1990ൽ ഇറങ്ങിയ പെരുന്തച്ചൻ, 1992ൽ പുറത്തിറങ്ങിയ സർഗ്ഗം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു നടൻ.
നായകനായും സഹനടനായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുണ്ട് മനോജ് കെ ജയൻ. അതേസമയം മറ്റെല്ലാ താരങ്ങളെയും പോലെ ചില കഥാപാത്രങ്ങൾ നടന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത ഉള്ളടക്കം സിനിമയിലും മനോജ് കെ ജയന് ഒരു വേഷം നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ, അതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ. എംജി ശ്രീകുമാറിന്റെ പാടാം നേടാം പണം നേടാം എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു മനോജ് കെ ജയൻ.

എനിക്കൊരു കദനകഥ പറയാനുണ്ട് എന്ന് പറഞ്ഞാണ് മനോജ് കെ ജയൻ സംസാരിച്ചു തുടങ്ങിയത്. 'ഉള്ളടക്കം എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു. സിനിമയിൽ എന്റെ തുടക്കകാലമാണ്. പെരുന്തച്ചനിൽ അഭിനയിച്ചു നിൽക്കുകയാണ്. മണിരത്‌നം സാറിന്റെ ദളപതിയാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തലയൊക്കെ മൊട്ടയടിച്ച ശേഷം കുറ്റി രോമം പോലെ ഓരോന്ന് വളർന്നു വരുന്നതേയുള്ളു. ആ സമയത്താണ് ഉള്ളടക്കത്തിലേക്ക് വിളിക്കുന്നത്',
'അമലയുടെ കാമുകന്റെ വേഷമാണ്. എന്നെ സംബന്ധിച്ച് അതൊരു ഗോൾഡൻ ചാൻസാണ്. അന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമാണ് അമല. ആ അമലയുടെ നായകനായിട്ടാണ് വിളിച്ചിരിക്കുന്നത്. ജാസ് വായിക്കുന്ന ആളുടെ വേഷമാണ്. ഫ്ലാഷ് ബാക്കിൽ വരുന്ന കഥാപാത്രമാണ്. അങ്ങനെ കമലിന്റെ സെറ്റിൽ നിന്ന് എന്നെ വിളിച്ചു. ഞാൻ മദ്രാസിൽ ദളപതി സെറ്റിലാണ്. എനിക്ക് മുടിയില്ലെന്ന് ഉള്ള കാര്യമൊന്നും ഇവർ അറിഞ്ഞില്ലെന്ന് തോന്നുന്നു',
'ജാസ് വായിക്കുന്ന ആൾക്ക് മുടിയൊക്കെ വേണം. നേരത്തെ എനിക്ക് മുടിയുണ്ടായിരുന്നു. ആ ഉദ്ദേശത്തിലാകും അവർ വിളിച്ചത്. ഞാൻ അവിടെന്ന് പെട്ടെന്ന് ഒരു അഡ്ജസ്റ്റുമെന്റിൽ അമലയുടെ നായകനായിട്ട് ആണെന്ന് ഒക്കെ പറഞ്ഞ് രണ്ടു ദിവസം ബ്രേക്ക് എടുത്ത് തിരുവനന്തപുരത്ത് വന്നു. എന്നെ കണ്ടതോടെ ഇവർ തകർന്നു പോയി. കമലിക്കയ്ക്ക് എന്നോട് ഇത് പറയാനും ബുദ്ധിമുട്ട്. അന്ന് ലാൽ ജോസ് അദ്ദേഹത്തിന്റെ അസോസിയേറ്റ് ആണ്',

'ലാൽ ജോസ് എന്നെയും കൂടി ബാറിൽ പോയി ഒരു ബിയറൊക്കെ വാങ്ങി തന്നിട്ട്, നിങ്ങളുടെ തലയിൽ മുടിയില്ലാത്തത് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇത് മുടിയൊക്കെയുള്ള സ്റ്റൈലിഷായ കഥാപാത്രമാണ്. ജാസ് വായിക്കുമ്പോൾ മുടിയൊക്കെ പറക്കുന്ന പോലൊരാൾ, അതാണ് കമലിക്കയുടെ മനസിലുള്ളത്. അതുകൊണ്ട് ഇത് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. മനോജ് തിരിച്ചുപോകേണ്ടി വരുമെന്ന് പറഞ്ഞു. എനിക്കിതുപോലൊരു സങ്കടം ഉണ്ടായിട്ടില്ല',
'മദ്രാസിൽ നിന്ന് വലിയ ജാഡയൊക്കെ ഇട്ട് പോന്നതാണ്. അമലയുടെ നായകനെന്ന് പറഞ്ഞപ്പോൾ മണിരത്‌നം സാറൊക്കെ അഭിനന്ദിച്ചാണ് വിട്ടത്. ഞാൻ കമലിക്കയുടെ റൂമിൽ ചെന്നു. അദ്ദേഹം ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ ഇരിക്കുന്നു. ഞാൻ നിന്നങ്ങോട്ട് കരഞ്ഞു. പിന്നെ അവിടെന്ന് തിരിച്ചുപോയി',
'ആ സംഭവം ഇന്നും ഞാൻ മറക്കില്ല. എന്നാൽ അടുത്ത വർഷം തന്നെ കമലിക്ക ഗസൽ എന്ന സിനിമയിൽ വലിയൊരു റോളിലേക്ക് എന്നെ വിളിച്ചു. ആ കടം തീർത്തു. അതിനിടയിൽ സർഗവും വന്ന് ഞാൻ തിരക്കുള്ള നടനായി മാറിയിരുന്നു', മനോജ് കെ ജയൻ ഓർമിച്ചു.


Click it and Unblock the Notifications