മോഹൻലാൽ പറഞ്ഞത് കേട്ടപ്പോൾ ഇന്നസെന്റ് പേടിച്ചു; ഷൂട്ട് നിർത്തി പോവാമെന്ന് തീരുമാനിച്ചു: മുകേഷ്
മലയാളത്തിന്റെ സ്വന്തം ഇന്നച്ചൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും അദ്ദേഹത്തിന്റെ കോമഡികൾ കേൾക്കുമ്പോൾ ചിരി അടക്കിപ്പിടിക്കാൻ സാധിക്കില്ല. പ്രിയദർശൻ സിനിമകളിൽ മോഹൻലാലിനെ പോലെ സ്ഥിരം സാന്നിധ്യമാണ് ഇന്നസെന്റും. മിഥുനം, ചന്ദ്രലേഖ, കാക്കക്കുയിൽ, ഗീതാഞ്ജലി തുടങ്ങി നിരവധി സിനിമകളുണ്ട്. എല്ലാം വേറിട്ട വേഷങ്ങളായിരുന്നു.
കാക്കക്കുയിൽ സിനിമയിലെ പൊതുവാൾ എന്ന കഥാപാത്രത്തിന് ഇന്നും ഫാൻസ് കൂടുതലാണ്. സിനിമയുടെ തുടക്കം മുതൽ പൂർണമായും കോമഡി നിറഞ്ഞ വേഷമായിരുന്നു. എന്നാൽ ക്ലൈമാക്സ് ആവുമ്പോൾ ഇമോഷണലി പ്രേക്ഷകരെ പൊതുവാൾ കരയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഇന്നസെന്റ് പെട്ടുപോയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. തമാശ കലർന്ന ആ സംഭവത്തെ കുറിച്ച് മുകേഷ് അമൃത ടിവിയിലൂടെ തുറന്നു പറയുന്നു.

"കാക്കക്കുയിൽ സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി ഹൈദരബാദിലെ ഗോൾകൊണ്ട ഹോട്ടലിൽ നിൽക്കുകയാണ്. ഞാനും ഇന്നസെന്റ് ചേട്ടനും റൂമിന്റെ താക്കോൽ വാങ്ങിയിട്ട് റിസപ്ഷന്റെ തൊട്ടടുത്ത് നിന്നപ്പോൾ പെട്ടെന്നൊരു സ്ത്രീ ശബ്ദം. കുറച്ച് പ്രായമായ സ്ത്രീ വന്നു മുകേഷ് അല്ലെ എന്ന് എന്നോട് ചോദിച്ചു. ഒപ്പം വേറെയും സ്ത്രീകൾ ഉണ്ട്. അവർക്കൊന്നും മലയാളം അറിയില്ല. അവരെല്ലാം തെലുങ്കു ദേശം പാർട്ടിയുടെ പ്രധാനപ്പെട്ട ആളുകളായിരുന്നു. എന്നോട് സംസാരിച്ച സ്ത്രീ കൂടെയുള്ളവരെയെല്ലാം പരിചയപ്പെടുത്തി.
ഇതൊന്നും അറിയാതെ അപ്പുറത്ത് ഇന്നസെന്റ് ചേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു. എന്നോട് സംസാരിച്ചയുടൻ ആ സ്ത്രീ നോക്കിയത് ഇന്നസെന്റ് ചേട്ടനെയാണ്. ചേട്ടനെ കണ്ട സന്തോഷത്തിൽ അവർ ഓടി ഇന്നസെന്റ് ചേട്ടന്റെ അരികിലേക്ക് ചെന്നു. ഇന്നസെന്റിനെ കുറിച്ച് കൂടെയുള്ളവരോട് ആ സ്ത്രീ പറഞ്ഞു കൊടുത്തു. ഇദ്ദേഹത്തിന് കുറച്ച് ഹിന്ദി അറിയാലോ. പൊതുവേ ഹൈദരബാദിൽ ഉള്ളവർക്ക് തെലുങ്കും ഒപ്പം ഹിന്ദിയും അറിയാം. അങ്ങനെ അദ്ദേഹം അവരോടെല്ലാം ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങി.
എനിക്കാണെങ്കിൽ ഹിന്ദി അത്ര വശമില്ല. പെട്ടെന്ന് തന്നെ ഇവർ സൗഹൃദത്തിലായി. ഒരു ദിവസം ഷൂട്ടിംഗ് കാണാൻ വരണമെന്ന് അദ്ദേഹം അവരോട് പറയുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവർ അതുവഴി പോയി. അടുത്ത ദിവസം ലൊക്കേഷനിൽ എത്തിയപ്പോൾ പ്രിയദർശനും മോഹൻലാലിനോടും ഈ സംഭവങ്ങളെ കുറിച്ച് വിശദമായിട്ട് ഞാൻ പറഞ്ഞു. അന്ന് ഇന്നസെന്റ് ചേട്ടന് അൽപം താമസിച്ചേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഇത് കേട്ടപ്പോൾ മോഹൻലാൽ പറഞ്ഞു. ഇന്നച്ചന് ഒരു പണി കൊടുക്കാമെന്ന്. അങ്ങനെയാണ് രസകരമായ കാര്യം ഉണ്ടാവുന്നത്. "

തലേ ദിവസം കാണാൻ വന്ന സ്ത്രീകൾ ഇന്നസെന്റിനോട് സംസാരിച്ചപ്പോൾ അവരുടെ പാർട്ടിയിലേക്ക് 50000 രൂപ സംഭാവന നൽകാമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയെന്ന് ഒരു കള്ളം പറയാൻ ലാലേട്ടനും മുകേഷും തീരുമാനിച്ചു. ഇത് വേണ്ടെന്ന് പ്രിയദർശൻ ആദ്യം എതിർത്തെങ്കിലും അവസാനം മൂവരും ചേർന്നാണ് ഇന്നസെന്റിനെ പറ്റിക്കുന്നത്. ഇന്നസെന്റ് സെറ്റിൽ എത്തിയപ്പോൾ കഴിഞ്ഞ ദിവസത്തെ സംഭവത്തെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞു. ഉടനെ മോഹൻലാൽ പറഞ്ഞത് താങ്കൾ ക്ഷണിച്ചിട്ട് അവർ ഇന്ന് വന്നിരുന്നു.
പാർട്ടി ഫണ്ടിലേക്ക് വാഗ്ദാനം ചെയ്ത 50000 രൂപ വാങ്ങാൻ വേണ്ടി വീണ്ടും വരാമെന്ന് പറഞ്ഞുവെന്ന് മോഹൻലാൽ പറഞ്ഞു. ഇത് കേട്ടയുടൻ ഇന്നസെന്റ് വിശ്വസിച്ചു. ഒപ്പം ടെൻഷനായി. അദ്ദേഹം ഒരുപാട് തവണ പറഞ്ഞത് താൻ വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ്. പക്ഷേ സ്ത്രീകൾ ഒരുമിച്ച് ഇത്രയും തുക വേണമെന്ന് ആവശ്യപ്പെടുന്നത് ഓർത്തപ്പോൾ അദ്ദേഹത്തിന് പേടി വന്നു. അവസാനം വീട്ടിൽ പോകാമെന്ന് വരെ ഇന്നസെന്റ് തീരുമാനിച്ചു. ഷൂട്ടിംഗിനെ ബാധിക്കുമെന്ന ഘട്ടമെത്തിയപ്പോൾ മോഹൻലാൽ തന്നെയാണ് സത്യം തുറന്നു പറയുന്നത്.


Click it and Unblock the Notifications











