'തനിക്കില്ലെങ്കിൽ മമ്മൂട്ടിക്കും ദേശീയ അവാർഡ് കിട്ടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു, അത് തുറന്നുപറഞ്ഞു': മുകേഷ്
മലയാള സിനിമയുടെ തീരാ നഷ്ടമാണ് നടൻ ഇന്നസെന്റിന്റെ വിയോഗം. നടന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് പ്രേക്ഷകരും സഹപ്രവർത്തകരുമെല്ലാം മുക്തരാവുന്നതേ ഉള്ളു. സഹപ്രവർത്തകർക്കെല്ലാം ഇന്നസെന്റിനെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ്. കടുത്ത വേദനയിൽ പോലും മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്ന അപൂർവം മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്നസെന്റിനൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് മുകേഷ്.
മാന്നാർ മത്തായി ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളിൽ ഒന്നിച്ച ആ കൂട്ടുകെട്ട് ഇന്നസെന്റിന്റെ അവസാന ചിത്രമായ പാച്ചുവും അത്ഭുതവിളക്കും വരെ തുടർന്നതാണ്. ഇപ്പോഴിതാ, ഇന്നസെന്റിനെ കുറിച്ച് ദേശാഭിമാനിയിൽ എഴുതിയ മുകേഷിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മമ്മൂട്ടി, അമിതാഭ് ബച്ചൻ, ഇന്നസെന്റ് എന്നിവരെ ദേശീയ അവാർഡിന് പരിഗണിച്ചപ്പോൾ എനിക്ക് കിട്ടിയില്ലെങ്കിൽ മമ്മൂട്ടിക്കും കിട്ടരുതെന്ന് ഇന്നസെന്റ് പ്രാർത്ഥിച്ചിരുന്നെന്നും ഇത് മറ്റാരായാലും തുറന്ന് പറയില്ലെന്നുമാണ് മുകേഷ് എഴുതിയത്.

'അദ്ദേഹം അഭിനയിച്ച പത്താം നിലയിലെ തീവണ്ടി എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടുമെന്ന് വിചാരിച്ചിരുന്നു. അവസാന റൗണ്ടിൽ ഇന്നസെന്റ്, മമ്മൂട്ടി, അമിതാഭ് ബച്ചൻ എന്നിങ്ങനെ സ്ക്രോൾ വന്നപ്പോൾ ഇന്നസെന്റ് ചേട്ടൻ പറഞ്ഞത് 'ഞാനപ്പോ പ്രാർഥിച്ചെടാ. എനിക്ക് കിട്ടിയില്ലെങ്കിലും മമ്മൂട്ടിക്ക് കിട്ടരുതെന്ന്. അവസാനം ഞങ്ങൾക്ക് രണ്ടുപേർക്കും കിട്ടാതെ അമിതാബ് ബച്ചന് കിട്ടിയപ്പോ ഞാൻ സന്തോഷിച്ചെടാ.' എന്നാണ്,'
'ആർക്കെങ്കിലുംഇത് മനസ്സിൽ തോന്നിയാൽപ്പോലും ഇങ്ങനെ പുറത്തു പറയുമോ. പക്ഷേ, ഇന്നസെന്റ് പറയും, പറഞ്ഞതാണ്,' ,മുകേഷ് പറഞ്ഞു. മറ്റൊരു അനുഭവവും പങ്കുവച്ചു. 'മമ്മൂട്ടിയെക്കുറിച്ച് സൺഡേ സപ്ലിമെന്റ് ചെയ്യാൻ ഒരു പത്രപ്രവർത്തകൻ എന്റെ അടുത്തുവന്നു. ഞാൻ പറഞ്ഞു, എനിക്ക് പുതിയതായി ഒന്നും പറയാനില്ല. എല്ലാവരും പറഞ്ഞശേഷം വാ, അതിൽ ഇല്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയാമെന്ന്. അടുത്ത് ഇന്നസെന്റേട്ടൻ നിൽപ്പുണ്ട്,'
'എടുത്ത വായ്‌ക്ക് അദ്ദേഹം പറഞ്ഞു. 'ഓർമകളൊക്കെ പഴയതുതന്നെ, വേണമെങ്കിൽ നിങ്ങൾ എഴുതിക്കോ. മമ്മൂട്ടി വലിയ നടനാണ്. പക്ഷേ, ഞാനെടുക്കുന്ന റോൾ മമ്മൂട്ടിക്ക് പറ്റില്ല, മമ്മൂട്ടി എടുക്കുന്ന റോൾ എനിക്കും പറ്റില്ല, എഴുതിക്കോ'. അടുത്തു നിൽക്കുന്നവർക്ക് അത്ഭുതമായി. നമ്മളൊക്കെ മനുഷ്യരാണ്. മനസ്സിൽ തോന്നുന്നത് വെട്ടിത്തുറന്ന് പറയണം, അതിൽ എന്താണ് തെറ്റ്? ഇതാണ് ഇന്നസെന്റ് സിഗ്നേച്ചർ,' മുകേഷ് പറഞ്ഞു.
അവസാനം പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും മുകേഷ് പറഞ്ഞു. 'സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിങ്ക് സൗണ്ടായിരുന്നു ചിത്രത്തിൽ. അതുകൊണ്ട് സംഭാഷണങ്ങളൊക്കെ പഠിക്കണം. ഇന്നസെന്റേട്ടന് പണ്ടുമുതലേ ഹൃദിസ്ഥമാക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. എന്നാൽ, കഷ്ടപ്പെട്ട് പഠിച്ചാണ് ചെയ്‌തത്. അഖിൽ ബുദ്ധിയുടെ കാര്യത്തിൽ സത്യൻ അന്തിക്കാടിനെ കവച്ചുവയ്‌ക്കുമെന്ന് ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു,'

'ഞാൻ കരുതി, അവനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് അഭിനന്ദിച്ചതെന്ന്. അപ്പോഴാണ് പറയുന്നത്, 'എന്റെ അസുഖവും വല്ലായ്‌മയുമൊക്കെ ഇവന് അറിയാം. അതുകൊണ്ടാണ് സിങ്ക് സൗണ്ടാക്കിയത്. കാരണം ഡബ്ബിങ് വരെ നമ്മൾ നിന്നില്ലെങ്കിലോ'. അവിടെ നിന്ന ചിലരൊക്കെ ചിരിച്ചു. പക്ഷേ, എനിക്ക് ചിരിയല്ല വന്നത്.
ഞാൻ ചേട്ടനെ മാറ്റിനിർത്തി പറഞ്ഞു. ചേട്ടൻ അങ്ങനെ പറയരുത്. ഇനിയും 100 സിനിമ ചെയ്യുമെന്ന് കേൾക്കാനാണ് ആഗ്രഹമെന്ന്. അപ്പോൾ തന്നെ വന്നു മറുപടി, '100 സിനിമ ഞാൻ ചെയ്യുമെടാ, പക്ഷേ, അസുഖമില്ലെന്ന് പറയുന്നത് കള്ളത്തരമല്ലേ' എന്ന്. ഇതാണ് ഇന്നസെന്റേട്ടനെ ഇന്നസെന്റ് ആക്കുന്നത്,' മുകേഷ് പറഞ്ഞു.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകനാകുന്നത്. ഫഹദിന്റെ ഏറെ നാളുകൾക്കു ശേഷം എത്തുന്ന കോമഡി ജോണർ ചിത്രമാണ്. ഇന്നസെന്റും മുകേഷും ചിത്രത്തിൽ പ്രധാന വേഷത്തിലാണ് എത്തുന്നത്. ഇവരെ കൂടാതെ രമ്യ സുരേഷ്, അൽത്താഫ് സലിം, ഇന്ദ്രൻസ്, എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇതിനകം വൈറലായതാണ്.


Click it and Unblock the Notifications