കണ്ണമ്മ... എനിക്ക് ലഭിച്ച നിധിയാണ് നീ, ഇനിയും ഒരുപാട് ഓർമ്മകൾ ശേഖരിക്കണം; പിറന്നാൾ ദിനത്തിൽ സ്നേഹയോട് പ്രസന്ന
തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് സ്നേഹ പ്രസന്ന. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് താരം. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച സ്നേഹ തമിഴകത്താണ് കൂടുതൽ തിളങ്ങിയത്. കുഞ്ചാക്കോ ബോബന്റെ നായികയായി ഇങ്ങനെ ഒരു നിലാപക്ഷിയിൽ അഭിനയിച്ച സ്നേഹ അതേവർഷം തന്നെ തമിഴിലും നായികയായി അരങ്ങേറി. എന്നവളെ എന്ന സിനിമയിൽ മാധവനൊപ്പമായിരുന്നു അരങ്ങേറ്റം. പിന്നീട് സ്നേഹയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തൊട്ടടുത്ത വർഷം ലിംഗുസ്വാമിയുടെ മൾട്ടിസ്റ്റാർ ചിത്രം ആനന്ദത്തിൽ അഭിനയിച്ചതോടെ മുൻനിര നായികയിലേക്കുള്ള സ്നേഹയുടെ വളർച്ച ആരംഭിക്കുകയായിരുന്നു. പിന്നീട് തുടർച്ചയായി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സ്നേഹയ്ക്ക് സാധിച്ചു. വിജയ് അടക്കമുള്ള താരങ്ങളുടെ നായികയായെത്തി സ്നേഹ കയ്യടി നേടി. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹിതയായെങ്കിലും ഇന്നും കൈനിറയെ സിനിമകളുമായി തിളങ്ങി നിൽക്കുകയാണ് താരം.

നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. 2012ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇന്ന് തമിഴകത്തെ മേഡ് ഫോർ ഈച്ച് അദർ കപ്പിളായാണ് സ്നേഹയും പ്രസന്നയും അറിയപ്പെടുന്നത്. കഴിഞ്ഞ പതിനൊന്ന് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. തമിഴ് സിനിമയിലെ മാതൃക ദമ്പതികളായാണ് ഇവരെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളുമെല്ലാം സ്നേഹയും പ്രസന്നയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രിയ പത്നിയുടെ പിറന്നാൾ ദിനത്തിൽ പ്രസന്ന പങ്കുവച്ച പോസ്റ്റും ആരാധകരുടെ ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തിലെ നിധിയെന്ന് സ്നേഹയെ വിശേഷിപ്പിച്ചു കൊണ്ടാണ് പ്രസന്നയുടെ പോസ്റ്റ്.
'ജന്മദിനാശംസകൾ കണ്ണമ്മ. എന്റെ നിധിയാണ് നീ! നിങ്ങൾക്കൊപ്പം മനോഹരമായ ചിത്രങ്ങളും കൂടുതൽ മനോഹരമായ ഓർമ്മകളും ശേഖരിക്കുന്നത് തുടരും', എന്നാണ് പ്രസന്ന കുറിച്ചത്. സ്‌നേഹയ്‌ക്കൊപ്പമുള്ള ഒരുപാട് നല്ല നിമിഷങ്ങളുടെ ചിത്രങ്ങൾ ഒരു വീഡിയോ രൂപത്തിൽ പോസ്റ്റിനൊപ്പം പ്രസന്ന ചേർത്തിട്ടുണ്ട്. പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ച് സ്‌നേഹയും എത്തി. 'ലവ് യു ഡാഡ' എന്നാണ് സ്‌നേഹയുടെ കമന്റ്. താരങ്ങളും ആരാധകരും അടക്കം നിരവധിപേർ പ്രസന്നയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. നല്ല ചിത്രങ്ങളാണെന്നും പോസ്റ്റിന് താഴെ കമന്റുകളുണ്ട്.

രണ്ടു മക്കളാണ് സ്നേഹയ്ക്കും പ്രസന്നയ്ക്കും. 2020ലാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് കൂടി പിറന്നത്. എട്ട് വയസുള്ള ഒരു മകനും ഇവർക്കുണ്ട്. വിഹാൻ എന്നാണ് മകന്റെ പേര്. നേരത്തെ വീട്ടിൽ നിന്നുള്ള എതിർപ്പുകളെ മറികടന്നാണ് ഇരുവരും വിവാഹിതരായത്. പ്രസന്നയുടെ പ്രായമാണ് എതിർപ്പിന് കാരണമായത്. തന്നെക്കാള്‍ ഒരു വയസ്സ് കുറവുള്ള ആളെ വിവാഹം ചെയ്യുന്നതിന് സ്‌നേഹയുടെ വീട്ടില്‍ ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട് അവരെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്ത ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു.
പ്രസന്നയുടെ വീട്ടിലും എതിർപ്പുകൾ ഉണ്ടായിരുന്നു. രണ്ടു ജാതിയിൽ പെട്ടവരായത് കൊണ്ട് തന്നെ അച്ഛൻ എതിർത്തു. ആറ് മാസം കൊണ്ടാണ് അച്ഛനെ സമ്മതിപ്പിച്ചതെന്ന് പ്രസന്ന മുൻപ് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ഏറ്റവും നല്ല കാര്യം സ്നേഹയാണെന്ന് മനസിലാക്കിയത് കൊണ്ടാണ് സ്നേഹയെ വിവാഹം കഴിച്ചതെന്നും പ്രസന്ന പറഞ്ഞിരുന്നു.


Click it and Unblock the Notifications











