പ്രേമത്തിന്റെ പേരില്‍ വീടുവിട്ടിറങ്ങിയ വിക്രം എന്റെ വീട്ടിലാണ് താമസിച്ചത്; കൂട്ടുകാരനെക്കുറിച്ച് റഹ്‌മാന്‍

റഹ്‌മാന്‍ എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് എവര്‍ഗ്രീന്‍ എന്നാണ് അര്‍ത്ഥം. പിന്നോട്ടിറക്കിയ നീളന്‍ മുടിയും, പൊടിമീശയും, മെലിഞ്ഞ ശരീരവുമായി കയറി വന്നൊരു പതിനാറുകാരന്‍. കാലങ്ങള്‍ക്കിപ്പുറം മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച, പുരസ്‌കാരങ്ങള്‍ നേടിയ നടനായി വളര്‍ന്നു നില്‍ക്കുകയാണ് റഹ്‌മാന്‍. കാലത്തിനൊപ്പം സഞ്ചരിക്കുന്ന, സിനിമയുടെ മാറിയ ട്രെന്റുകളുടെ ഭാഗമായിക്കൊണ്ട് തന്നെ റഹ്‌മാന്‍ തന്റെ യാത്ര തുടരുകയാണ്.

ഇപ്പോഴിതാ രസകരമായ തന്റെ ജീവിതാനുഭവങ്ങളും അഭിപ്രായങ്ങളുമൊക്കെ പങ്കുവെക്കുകയാണ് റഹ്‌മാന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നടന്‍ വിക്രമിനെക്കുറിച്ചും അഭിമുഖത്തില്‍ റഹ്‌മാന്‍ സംസാരിക്കുന്നുണ്ട്. ആ സൗഹൃദത്തിന്റെ കാലപ്പഴക്കവും ആഴവും റഹ്‌മാന്റെ വാക്കുകളിലുണ്ടായിരുന്നു.

Rahman

ചിയാന്‍ വിക്രം റഹ്മാന് 'കെന്നി'യാണ്. തമിഴ് സിനിമയില്‍ അഭിനയം തുടങ്ങിയപ്പോള്‍ കിട്ടിയ കൂട്ടാണ് ഇരുവരും തമ്മില്‍. എങ്കിലും തന്റെ കൂട്ടുകാരനായ വിക്രം സിനിമയില്‍ വരുമെന്ന് അന്ന് തനിക്കു തോന്നിയിട്ടില്ലെന്നാണ് റഹ്മാന്‍ പറയുന്നത്. ഒരിക്കല്‍ പ്രണയവുമായി ബന്ധപ്പെട്ടു വിക്രമും അച്ഛനും തമ്മില്‍ ചില സൗന്ദര്യ പിണക്കമുണ്ടായി. അന്നു വീടു വിട്ടിറങ്ങിയ വിക്രം തന്റെ വീട്ടിലായിരുന്നു താമസം എന്നും റഹ്മാന്‍ വെളിപ്പെടുത്തുന്നുണ്ട്. അത്ര അടുത്ത സുഹൃത്തുക്കളാണ് റഹ്മാനും വിക്രമും.

സിനിമയിലെത്തിയ കാലം മുതല്‍ക്കു തന്നെ ഗോസിപ്പ് കോളങ്ങളിലും റഹ്‌മാന്‍ ഇടം നേടിയിട്ടുണ്ട്. തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്. ശോഭനയുമായി ഡേറ്റിങ്ങിലാണ്. രോഹിണിക്കൊപ്പം ഡേറ്റിങ്ങിന് പോകുന്നു. എന്നെല്ലാം ഒരുപാടു കേട്ടിട്ടുണ്ടെന്ന് റഹ്മാന്‍ ഗോസിപ്പുകളെക്കുറിച്ച് പറയുന്നു. ആരോട് മിണ്ടിയാലും അത് ഡേറ്റിങ്ങാണ് എന്നാണു പറഞ്ഞിരുന്നതെന്നാണ് റഹ്‌മാന്‍ ഓര്‍ക്കുന്നത്.

ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ തന്‍റെ അച്ഛനും അമ്മയും കണ്ടാല്‍ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപെടുമായിരുന്നു താനെന്നാണ് റഹ്മാന്‍ പറയുന്നത്. എന്നാല്‍ പിന്നീട് അതു ശീലമായി മാറുകയായിരുന്നു. ജോലിയുടെ ഭാഗമാണെല്ലോ എന്ന് ചിന്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ 'ഗോസിപ്പുകള്‍ ഒന്നും ഇല്ലല്ലോ' എന്ന് ഭാര്യയോട് പറയുമെന്നാണ് റഹ്മാന്‍ ചിരിച്ചു കൊണ്ട് പറയുന്നത്. 'അത്ര ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെ'ന്നാകും ഭാര്യയുടെ മറുപടി.

ഗോസിപ്പുകള്‍ അറിയാന്‍ ആളുകള്‍ക്ക് ഇഷ്ടമാണല്ലോ. എന്റെ കള്‍ച്ചര്‍ അനുസരിച്ചു ഞാന്‍ കുറച്ച് ഓപ്പണായിരുന്നു. വളര്‍ന്നതും, പഠിച്ച രീതിയും അങ്ങിനെയായിരുന്നുവെന്നാണ് റഹ്‌മാന്‍ പറയുന്നത്. പിന്നാലെ ഗോസിപ്പുകളുണ്ടാകാനുള്ള കാരണവും റഹ്മാന്‍ പങ്കുവെക്കുന്നുണ്ട്.

റഹ്മാന്റെ കൂടെ അഭിനയിച്ചിരുന്ന ശോഭനയും, രോഹിണിയുമൊക്കെ സമപ്രായക്കാരായിരുന്നു. അന്നു സെറ്റില്‍ ഉപയോഗിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ തരും. താന്‍ ഇവരെയും കൂട്ടി ഐസ്‌ക്രീം കഴിക്കാനും, ഫുഡ് കഴിക്കാനും പോകുമായിരുന്നു എന്നാണ് റഹ്മാന്‍ പറയുന്നത്. അങ്ങനെയൊക്കെ പബ്ലിക്കായിട്ട് ചെയ്യുന്നതാണ് ഗോസിപ്പുകളുടെ കാരണമായി റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, തനിക്ക് ഒളിക്കാന്‍ അധികമൊന്നും ഇല്ല. എനിക്കുണ്ടായിരുന്ന ആ ഒരു ഇഷ്ടം വരെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും റഹ്‌മാന്‍ തുറന്നു പറയുന്നുണ്ട്. എല്ലാവരും ചര്‍ച്ചചെയ്തിട്ടുള്ള കാര്യവുമായിരുന്നു. സാധാരണ മനുഷ്യനാണ് ഞാനും. വികാരങ്ങള്‍ എല്ലാവരെയും പോലെ എനിക്കും ഉണ്ടെന്നും താരം പറയുന്നു. ഞാന്‍ പുസ്തകം എഴുതുമെങ്കില്‍ അതിലും സത്യങ്ങളല്ലേ എഴുതാനാകൂവെന്നും എന്നാല്‍ നിലവില്‍ പുസ്തകത്തിന് പ്ലാന്‍ ഇല്ലെന്നും പേടിയാണെന്നും അദ്ദേഹം പറയുന്നു.

സമീപകാലത്തായി സിനിമാ മേഖലയിലെ അച്ചടക്കമില്ലായ്മയും ലഹരി ഉപയോഗവുമെല്ലാം ചര്‍ച്ചയായി മാറുന്നുണ്ട്. അതേക്കുറിച്ചും റഹ്‌മാന്‍ സംസാരിക്കുന്നുണ്ട്. ഒരു പ്രൊഡ്യൂസര്‍ നമ്മളെ വിശ്വസിച്ച് ഒരുപാടു പൈസ മുടക്കി സിനിമ ചെയ്യുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ് എന്നാണ് റഹ്മാന്റെ അഭിപ്രായം. അതിനാല്‍ പടം തകര്‍ന്നാല്‍ നഷ്ടം എല്ലാവര്‍ക്കുമാണെന്നും അദ്ദേഹം പറയുന്നു. എന്തെങ്കിലും ചെറിയ അപകടം വന്നാലും വലിയ നഷ്ടങ്ങളുണ്ടാകും. അതിനാല്‍ അച്ചടക്കം തീര്‍ച്ചയായും പാലിക്കേണ്ടതാണെന്നാണ് റഹ്‌മാന്‍ പറയുന്നത്.

Rahman

പ്രഫഷനോട് ഭയവും ഭക്തിയും വേണം എന്നതാണ് റഹ്‌മാന്റെ നിലപാട്. ക്രിയേറ്റിവിറ്റിക്ക് ലഹരിയോന്നും ആവശ്യമില്ലെന്നാണ് റഹ്‌മാന്‍ അഭിപ്രായപ്പെടുന്നത്. ഇതൊന്നുമില്ലാത്ത അതുല്യ അഭിനേതാക്കള്‍ ഉണ്ടായിട്ടില്ലേ? മമ്മൂട്ടി, മോഹന്‍ലാല്‍, വേണുച്ചേട്ടന്‍, മധു സര്‍, നസീര്‍ സര്‍, ജോസ് പ്രകാശ്, ശിവാജി ഗണേശന്‍, നമ്പ്യാര്‍ സര്‍ ഇവരുടെയൊക്കെ ഒപ്പം അഭിനയിച്ചിരുന്നു എന്നും റഹ്‌മാന്‍ പറയുന്നു.

അവരൊക്കെ വലിയ സ്റ്റാര്‍സാണ്. നേരത്തേ ഉറങ്ങി നേരത്തേ തന്നെ സെറ്റില്‍ എത്തും. അത്ര ഡെഡിക്കേഷന്‍ ആയിരുന്നു. സ്വാതന്ത്ര്യം എന്നൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതൊരു ജോലിയാണ്. അല്ലെങ്കില്‍ നേരത്തേ തന്നെ എഗ്രിമെന്റ് വയ്ക്കണം, ഇത്ര സമയമേ അഭിനയിക്കാന്‍ പറ്റു എന്നും റഹ്മാന്‍ അഭിപ്രായപ്പെടുന്നുണ്ട്. ആരേയും പ്രത്യേകം കുറ്റപ്പെടുത്തുകയല്ല, പൊതുവേ ലഹരി ഉപയോഗത്തെ പറ്റി കേള്‍ക്കുന്നുണ്ട്. അച്ചടക്കം വളരെ ആവശ്യമായ ഒന്നാണെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X