എന്നെ കൂടുതൽ ഇഷ്ടപ്പെടുന്നത് ഗേ ആയവരാണ്, ഭയങ്കര സന്തോഷമാണത്! മറ്റാരും ഇത് പറയില്ല; റിയാസ് ഖാൻ
വില്ലൻ എന്ന് പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖങ്ങളിൽ ഒന്നാകും റിയാസ് ഖാന്റേത്. ബോളിവുഡ് താരങ്ങളുടേതിന് സമാനമായ ശരീര ഭംഗിയുമായി എത്തിയ റിയാസ് ഖാനെ വളരെ പെട്ടെന്നാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. 2000ന് ശേഷം വില്ലൻ വേഷങ്ങളിലെത്തി ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ നടനും റിയാസ് ആയിരിക്കും. 90കളിൽ സിനിമയിൽ എത്തിയതാണെങ്കിലും 2003ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ബാലേട്ടനാണ് റിയാസിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീട് കൈനിറയെ അവസരങ്ങളാണ് നടന് ലഭിച്ചത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും റിയാസ് സാന്നിധ്യമറിയിച്ചു. മലയാളത്തിലെന്ന പോലെ തമിഴകത്തും താരമാണ് റിയാസ് ഖാൻ. മലയാളത്തിൽ ബ്രേക്ക് ത്രൂ ലഭിക്കുന്നതിന് മുന്നേ തന്നെ തമിഴിൽ തിളങ്ങാൻ റിയാസിന് സാധിച്ചു. പ്രായം അമ്പത് കടന്നെങ്കിലും ഫിറ്റ്നസും ശരീരവുമൊക്കെ മുപ്പതുകളിലെ പോലെ നിലനിർത്തുന്ന താരത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

സ്വവർഗാനുരാഗികളായ പുരുഷൻമാർക്കാണ് തന്നെ കൂടുതൽ ഇഷ്ടമെന്ന് റിയാസ് പറയുന്നു. അവരുടെ പ്രതികരണം ഏറെ സന്തോഷം നല്കാറുണ്ടെന്നും നടൻ പറഞ്ഞു. സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ, സ്ത്രീകൾ ഫോട്ടോയ്ക്ക് ഹോട്ട് എന്ന തരത്തിലൊക്കെ കമന്റ് ഇടുന്നതിനെ എങ്ങനെ കാണുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിയാസ് ഖാൻ.
അതൊന്നും വലിയ കാര്യമായി തോന്നിയിട്ടില്ല എന്ന് പറഞ്ഞാണ് റിയാസ് ഖാൻ പറഞ്ഞു തുടങ്ങിയത്. എന്നെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഗേ ആയവരാണ്. ഞാൻ സീരിയസ് ആയി പറയുകയാണ്. സ്ത്രീകളേക്കാൾ അധികം റെസ്പോൺസ് ആണുങ്ങളിൽ നിന്നും കിട്ടുന്നുണ്ട്. നോട്ട് മെൻ, ഗേയ്സ്. അവർ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് വീഴുകയാണ്.
ഭയങ്കര സന്തോഷമാണത്. അവരുടെ ഇമോഷനാണത്. പെണ്ണുങ്ങൾ അത്തരത്തിലുള്ള കമന്റുകൾ പറയുന്നു. അതിലൊന്നുമില്ല. പക്ഷേ ഇത് എന്നെ ഭയങ്കരമായി സന്തോഷിപ്പിച്ചു. അത് ഒരു ഭയങ്കര ഫീൽ ആണ്. റിയാസ് ഖാൻ പറഞ്ഞു.

ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു നടൻ തനിക്ക് ഗേ ആയ ആരാധകരുണ്ട് എന്ന കാര്യം ഓൺ ദി റെക്കോഡായി വെളിപ്പെടുത്തുന്നതെന്ന് അവതാരകൻ ചൂണ്ടിക്കാട്ടുമ്പോൾ ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇക്കാര്യം പറയുക എന്നാണ് റിയാസ് ചോദിക്കുന്നത്.
'എല്ലാവർക്കും ഇത്തരത്തിൽ ആരാധകരുണ്ടാകും, പക്ഷേ പറയില്ല എന്ന് മാത്രം. അത് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ പറയും, ഈ ഇന്റർവ്യൂ അവരും കാണും, അവർ വളരെ ഹാപ്പിയാകും. ഞാൻ ഗേ ആണ് എന്നല്ല പറയുന്നത്. അത്തരത്തിലുള്ള ആളുകളുണ്ടാകും. അവരും മനുഷ്യരാണ്. അതുപോലെ ട്രാൻസ് ജെൻഡേഴ്സും ഉണ്ടാകും, അവർക്കും എന്നെ വലിയ ഇഷ്ടമാണ്. നിങ്ങൾ ലോകത്തുള്ള എല്ലാ ആളുകളെയും വാല്യു ചെയ്യണം, എല്ലാ ഇമോഷൻസിനെയും വാല്യു ചെയ്യണം,'
'ജീവജാലങ്ങളിൽ മനുഷ്യന് മാത്രമേ സംസാരിക്കാൻ സാധിക്കൂ. അതുകൊണ്ട് നമ്മുടെ വാക്കുകളിലൂടെ ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിൽ മറ്റൊന്നും ചെയ്യാൻ സാധിക്കില്ല. കെട്ടിപ്പിടിക്കാൻ എല്ലാ ജീവികൾക്കും പറ്റും. അവർക്ക് രണ്ട് കയ്യും രണ്ട് കാലും ഉണ്ട്. ഞാൻ ഒരു വീഡിയോയിൽ ഒരു പട്ടി മുയലിന് തടവിക്കൊടുക്കുന്നത് കണ്ടിരുന്നു. അവർക്ക് ചെയ്യാമെങ്കിൽ നമുക്കും ചെയ്യാൻ പറ്റുമല്ലോ', റിയാസ് ഖാൻ പറയുന്നു.


Click it and Unblock the Notifications