'വേണമെങ്കിൽ ദിനോസറായിട്ടും അഭിനയിക്കും; ഉള്ളിലുള്ള നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് വില്ലനാകാൻ!': ഷൈൻ
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ. കൈനിറയെ ചിത്രങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഷൈൻ കടന്നുപോകുന്നത്. പോയ വർഷം പത്തിലധികം സിനിമകളിലാണ് ഷൈൻ അഭിനയിച്ചത്. ഈ വർഷം ഇതിനകം ഏഴ് സിനിമകളിൽ നടൻ അഭിനയിച്ചു കഴിഞ്ഞു.
മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ഷൈൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിൽ നാനി നായകനായ ദസറ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ഷൈൻ അഭിനയിച്ചിരുന്നു. ഷൈനിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഉണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ പല വിവാദങ്ങളിലും ചെന്ന് ചാടാറുണ്ട് നടൻ. വരുംവരായ്കകളെ കുറിച്ചൊന്നും ചിന്തിക്കാതെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതാണ് പലപ്പോഴും നടന് തിരിച്ചടിയാകാറുള്ളത്.

എന്നാൽ ആ സ്വഭാവം കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ഷൈൻ. നടന്റെ അഭിമുഖങ്ങളൊക്കെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മാധ്യമം ഓണലൈന് നൽകിയ ഷൈനിന്റെ പുതിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. അടുത്തകാലത്തായി നിരവധി വില്ലൻ വേഷങ്ങളിൽ നടൻ അഭിനയിച്ചിരുന്നു. അതിന് പലതിനും വലിയ സ്വീകാര്യതയും ലഭിക്കുകയുണ്ടായി. അതേക്കുറിച്ച് മനസുതുറക്കുകയാണ് ഷൈൻ ടോം ചാക്കോ.
തന്റെ രൂപവും ഇമേജുമൊക്കെയാകാം വില്ലൻ വേഷങ്ങളിൽ കൂടുതൽ കയ്യടി ലഭിക്കാൻ കാരണമെന്നാണ് ഷൈൻ പറയുന്നത്. നായകനേക്കാൾ ഒരു പടി കൂടി പെർഫോം ചെയ്യാൻ കഴിയുന്നത് വില്ലനായിരിക്കും. വില്ലത്തരങ്ങൾ നിത്യജീവിതത്തിൽ കാണാൻ കഴിയില്ലല്ലോ. ചിരിച്ചു കൊണ്ട് പെരുമാറുന്നവരായിരിക്കും വില്ലന്മാർ.
പുറമേക്ക് ആർക്കും വില്ലത്തരം കാണിക്കാൻ പറ്റില്ലല്ലോ. സിനിമയിൽ മാത്രമല്ലേ വില്ലന്മാരാകാൻ പറ്റൂ. അപ്പോൾ നമ്മുടെ ഉള്ളിലുള്ള നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് സിനിമയിൽ വില്ലത്തരം കാണിക്കാനാണ്. സിനിമയിൽ എല്ലാവരുടെയും പൂർണ സമ്മതത്തോടെ അത് ചെയ്യാം. അടിയും കിട്ടില്ലെന്ന് ഷൈൻ പറയുന്നു.
വില്ലൻ വേഷങ്ങൾ ചെയ്യാൻ എളുപ്പമാണെന്നും നടൻ അഭിപ്രായപ്പെട്ടു. കോമഡി അഭിനയിക്കാൻ പറ്റില്ല. ഒരു ടൈമിങ്ങിൽ ചെയ്തില്ലെങ്കിൽ ശരിയാകില്ല. ആ സമയത്ത് എല്ലാവരുടേയും ടൈമിങ് വളരെ പ്രധാനപ്പെട്ടതാണ്. വില്ലൻ അങ്ങനെയല്ല, അയാളുടെ സ്വന്തം പെർഫോമൻസ് ആണ്. വില്ലന് ലൗഡ് ആയിട്ടും പെർഫോം ചെയ്യാം. കുറുപ്പിലേത് ലൗഡ് ആയിട്ടുള്ളതാണ്. എന്നാൽ ദസറയിൽ അങ്ങനെയല്ലെന്ന് ഷൈൻ പറഞ്ഞു.

തനിക്ക് ഇന്ന വേഷങ്ങൾ ചെയ്യണമെന്ന ആഗ്രഹമില്ല. അഭിനയിക്കണമെന്ന് മാത്രമാണ് മോഹമെന്നും ഷൈൻ വ്യക്തമാക്കി. ഒരു വേഷം കഴിഞ്ഞാൽ വീണ്ടും അതേ വേഷം ചോദിക്കും. ഏത് വേഷവും സ്വീകരിക്കും. ദിനോസറായിട്ടും അഭിനയിക്കും. ചെയറായിട്ട് അഭിനയിക്കാൻ പറഞ്ഞാലും ചെയ്യും. സംവിധാന സഹായിയായി സിനിമയിലേക്ക് വന്നത് തന്നെ അഭിനയിക്കാനാണ്. അഭിനയത്തിൽ മാത്രം ആരുടെയും സഹായിയാകാൻ പറ്റില്ല. അതിനാലാണ് സംവിധാന സഹായിയായതെന്നും ഷൈൻ പറഞ്ഞു.
വി.കെ പ്രകാശ് സംവിധാനം ചെയ്ത ലൈവാണ് ഷൈനിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, സൗബിൻ ഷാഹിർ എന്നിവർ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറാം തിരുകൽപന, അയ്യർ കണ്ട ദുബായ് തുടങ്ങിയ സിനിമകളാണ് ഷൈനിന്റെതായി അണിയറയിൽ ഉള്ളത്. തെലുങ്കിൽ ബിഗ് ബജറ്റ് ചിത്രമായ ദേവരയിലാണ് നടൻ അഭിനയിക്കുന്നത്. ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











