ലക്ഷ്വറി എന്ന വാക്ക് കേള്‍ക്കുന്നത് പോലും എനിക്കിഷ്ടമല്ലെന്ന് സിദ്ധീഖ്; കയ്യിലെ വാച്ച് 39 ലക്ഷത്തിന്റെ ആണല്ലോ?
മലയാള സിനിമയിലെ മുതിര്‍ന്ന നടനാണ് സിദ്ധീഖ്. നായകനായും സഹനടനായും വില്ലനായുമെല്ലാം സിദ്ധീഖ് കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ലാളിത്യത്തെക്കുറിച്ചുള്ള സിദ്ധീഖിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഇപ്പോഴും അംബാസിഡര്‍ കാറില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ചായിരുന്നു സിദ്ധീഖ് സംസാരിച്ചത്.
കേരളത്തിന് അകത്തുള്ള യാത്രകളൊക്കെ അംബാസിഡര്‍ കാറിലാണ്. എനിക്ക് ലക്ഷ്വറി എന്ന വാക്ക് തന്നെ ഇഷ്ടമല്ല. ആഢംബരത്തോടും ഇഷ്ടമല്ല, ആഢംബരം എന്ന വാക്ക് പറയുന്നത് പോലും ഇഷ്ടമല്ല. ലക്ഷ്വറി ഫ്‌ളാറ്റ് എന്ന് പറയും. എന്തിനാണത്? നമുക്ക് താമസിക്കാനല്ലേ ഒരു ഫ്‌ളാറ്റ് വേണ്ടത്? അതിനകത്ത് എന്തിനാണ് ലക്ഷ്വറി. ഒരു ലക്ഷ്വറി സാധനത്തോടും എനിക്ക് താല്‍പര്യമില്ല. കാറുപയോഗിക്കുന്നത് ഒരുപാട് കാലമായിട്ട് ഉപയോഗിക്കുന്ന കാര്‍ ആയതിനാലാണ്. അത് കളയണം എന്ന് തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്.

പിന്നെ ഈ കാറില്‍ വരുന്നയാള്‍ എന്നും ഞാന്‍ അറിയപ്പെടുന്നുണ്ട്. നടന്‍ സിദ്ധീഖ് എന്നതിലുപരിയായി അംബാസിഡര്‍ കാര്‍ ഉപയോഗിക്കുന്നയാള്‍. അപ്പോള്‍ കാര്‍ എനിക്ക് അങ്ങനൊരു പേരും തരുന്നുണ്ട്. ഒന്നിനേയും വില കുറഞ്ഞ് കാണേണ്ടതില്ല. നമുക്കിപ്പോള്‍ കിട്ടാവുന്നതില്‍ ഏറ്റവും വില കുറഞ്ഞ കാറാണെങ്കിലും ആ കാറും എനിക്കൊരു വില തരുന്നുണ്ട്. അതിനേയും നിസാരയമായി കാണേണ്ടതില്ലെന്നും സിദ്ധീഖ് പറയുന്നു.

ഒരിക്കല്‍ പുറത്ത് പോയി വന്ന ശേഷം കാര്‍ മാറ്റിയിടാന്‍ വേണ്ടി ഡ്രൈവര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയിട്ട് സ്റ്റാര്‍ട്ടാകുന്നില്ല. അന്ന് ഞാന്‍ ഒരുപാട് ആളുകള്‍ കൂടുന്ന വലിയൊരു കല്യാണത്തിന് പോയിരുന്നു. മമ്മൂക്കയൊക്കെ ഉണ്ടായിരുന്നു. അന്ന് കുറേ പേര്‍ കാറിനെക്കുറിച്ച് സംസാരിക്കുകയും മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്തിരുന്നു. അത് കഴിഞ്ഞ് വന്നാണ്. നോക്കിയപ്പോള്‍ കാര്യമായ പ്രശ്‌നമായിരുന്നു. പത്ത് പന്ത്രണ്ട് ദിവസത്തോളം പണിയെടുത്താന്‍ ഇറക്കിയത്. പക്ഷെ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഞാന്‍ അന്ന് ഒരുപാട് അപമാനിതന്‍ ആയേനെ എന്നാണ് താരം പറയുന്നത്.

ആ കാര്‍ എന്നെ അത്രയും രക്ഷിച്ചിട്ടുണ്ട്. അത്രയും അറ്റാച്ച്‌മെന്റുള്ള വാഹനമാണ്. അതൊന്നും എന്റെ ജീവിതത്തില്‍ നിന്നും മാറരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. ആദ്യത്തെ കാര്‍ മാരുതി 800 ആയിരുന്നു. അത് വാങ്ങാനുള്ള കാശ് ജയറാമിന്റെ അമ്മയുടെ കൈയ്യില്‍ നിന്നുമാണ് വാങ്ങിയത്. പിന്നീട് വീട് വെക്കാനുള്ള കാശും വാങ്ങുന്നത് ജയറാമിന്റെ അമ്മയില്‍ നിന്നുമാണെന്നും മുമ്പൊരിക്കല്‍ സിദ്ധീഖ് പറഞ്ഞത് അവതാരകന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
അതൊക്കെ സുഹൃത്ത് ബന്ധങ്ങളാണ്. ഒരുപാട് അടുപ്പവും സ്‌നേഹവുമുള്ള ആളുകള്‍ തരുന്ന ഭാഗ്യത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് അക്കാര്യം പറഞ്ഞതെന്നായിരുന്നു സിദ്ധീഖിന്റെ പ്രതികരണം. അതേസമയം ലാളിത്യത്തെക്കുറിച്ചുള്ള സിദ്ധീഖിന്റെ വാക്കുകള്‍ക്ക് കയ്യടിച്ചും ട്രോളിയും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഒരിക്കല്‍ കോഴിക്കോട് വച്ച് സിദ്ധീഖിനെ ബിഎംഡബ്ല്യു കാറില്‍ കണ്ടിട്ടുണ്ടെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അതേസമയം സിദ്ധീഖ് പറഞ്ഞത് ശരിയാണെന്നും എപ്പോഴും നല്ലത് സാധാരണ ജീവിതമാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ സിദ്ധീഖിന്റെ കയ്യിലുള്ളത് റോളക്‌സിന്റെ വാച്ചാണെന്നും അതിന്റെ വില 39 ലക്ഷമാണെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന് കയ്യടിച്ചും എതിർത്തുമൊക്കെ നിരവധി പേരാണ് എത്തിയിരിക്കുന്നത്.
അതേസമയം, എന്നാലും എന്‍റളിയാ ആണ് സിദ്ധീഖ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. നിരവധി സിനിമകളാണ് സിദ്ധീഖിന്റേതായി അണിയറയിലുള്ളത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ആണ് സിദ്ധീഖിന്റെ പുതിയ സിനിമ. പിന്നാലെ മോഹന്‍ലാല്‍ ചിത്രം റാം, വോയ്സ് ഓഫ് സത്യനാഥന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.


Click it and Unblock the Notifications