അന്നയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ ക്വാളിറ്റിയാണ്; ആദ്യമായി കാണുന്നത് ലൊക്കേഷനിൽ വെച്ച്: സൂരി പറയുന്നു
കോളിവുഡ് സിനിമയിൽ ഇന്ന് പ്രേക്ഷകർ ഉറ്റു നോക്കുന്ന താരമാണ് സൂരി. വല്ലാത്തൊരു മാറ്റവും വളർച്ചയുമായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ സൂരിയുടെ ഫിലിമോഗ്രാഫിയിൽ സംഭവിച്ചത്. കോമഡി ട്രാക്ക് വിട്ട് നായക പരിവേഷത്തിലേക്ക് മാറാൻ വർഷങ്ങളുടെ അധ്വാനമാണ് സൂരിക്ക് വേണ്ടി വന്നത്. അത്തരത്തിൽ സൂരിയും അന്ന ബെന്നും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കൊട്ടുകാളി. ചിത്രം ബെർലിൻ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഫോറം സെക്ഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തന്റെ ആദ്യ തമിഴ് ചിത്രം ഇത്രയും വലിയ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സന്തോഷത്തിലാണ് അന്ന ബെൻ. പോസ്റ്റർ കാണുമ്പോൾ തന്നെ അന്നയുടെ വേറിട്ടൊരു രൂപം കാണാൻ സാധിക്കും. കുമ്പളങ്ങി നൈറ്റ്സിനു ശേഷം അന്നയെ ഏറ്റവും ആകർഷിച്ച സിനിമ കൊട്ടുകാളി ആണെന്ന് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഹെലൻ, കപ്പേള തുളങ്ങിയ സിനിമകൾ ചെയ്തെങ്കിലും ഒരു പക്കാ ലോക്കൽ ഏരിയയിൽ നിന്നുള്ള കഥാപാത്രം ലഭിക്കുന്നത് വർഷങ്ങൾക്കു ശേഷം ഇപ്പോഴാണെന്ന് അന്ന പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിലൂടെ അന്ന ബെന്നും സൂരിയും സംസാരിക്കുന്നു.

"കുമ്പളങ്ങി നൈറ്റ്സ് ചെയ്യുമ്പോൾ ഒരു മാജിക്ക് ഉണ്ടായിരുന്നു. അതേ മാജിക്കാണ് കൊട്ടുകാളി ചെയ്യുമ്പോഴും എനിക്ക് തോന്നിയത്. അത് വളരെ സത്യസന്ധമായി പറഞ്ഞതാണ്. പിന്നെ ഈ കഥാപാത്രത്തിന് ഒരു ലോക്കൽ ഏരിയയിൽ ജീവിക്കുന്ന പെണ്ണിന്റെ എല്ലാ എലമെന്റ്സും ഉണ്ട്. അതെനിക്ക് ഇഷ്ടമായി. ഇതിന്റെ റിലീസിനു മുന്നെ തന്നെ ഒരുപാട് ആളുകൾ നല്ല രീതിയിൽ കൊട്ടുകാളിയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അതാണ് ഏറ്റവും വലിയ സന്തോഷം." അന്ന ബെൻ പറഞ്ഞു.
പി.എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കൊട്ടുകാളി. ആദ്യ ചിത്രം കൂഴങ്കൾ കണ്ടിട്ട് നടൻ സൂരി വിനോദ് രാജിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെയാണ് സൂരിയെ തേടി കൊട്ടുകാളി എന്ന ചിത്രം എത്തിയത്. ഈ സിനിമ തമിഴ് സിനിമയെ മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് സൂരിയും വിശ്വസിക്കുന്നു. ഒപ്പം തമിഴ് സിനിമയിൽ എല്ലാ തരം സിനിമകളും റിലീസ് ചെയ്യപ്പെടണമെന്നും എല്ലാ തരം വേഷങ്ങളും തനിക്ക് അഭിനയിക്കണമെന്നും സൂരി കൂട്ടിച്ചേർത്തു.

"അന്ന ബെന്നിനെ ആദ്യമായി ഈ സിനിമയിലൂടെയാണ് കാണുന്നത്. ആദ്യം സംവിധായകൻ അന്നയുടെ ഫോട്ടോസ് കാണിച്ചു തന്നു. ലൊക്കേഷനിൽ എത്തിയപ്പോൾ അന്ന ബെൻ ഉണ്ടോ എന്ന് തിരക്കി. കാരണം എല്ലാ ആർട്ടിസ്റ്റുകളും എത്തിയിട്ടുണ്ടായിരുന്നു. സംവിധായകൻ പറഞ്ഞു അന്ന ബെൻ അവിടെ ഇരിക്കുന്നുണ്ട്. അന്നയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റിയും അതാണ്. അന്ന എങ്ങനെ വന്നാലും ആ ടീമുമായി സിങ്ക് ആവും. അന്നയെ ആദ്യം കണ്ടപ്പോൾ മേക്കപ്പ് ചെയ്ത് ഇരിക്കുകയായിരുന്നു. മുടിയെല്ലാം ഒതുക്കി വെച്ച് ഒരു നാടൻ ലുക്കിൽ.
എന്നാൽ ഇപ്പോഴത്തെ ലുക്ക് കണ്ടാൽ സിനിമയിൽ ഉണ്ടായിരുന്നത് അന്ന ആണെന്ന് വിശ്വസിക്കില്ല. ഞാൻ മാത്രമല്ല അന്നയുടെ വീട്ടുകാർ വന്നാൽ പോലും ചിലപ്പോൾ അന്ന എവിടെ എന്നാവും അവരും തിരക്കുന്നത്. അത്രക്കും മാറ്റമാണ് ആ കഥാപാത്രമായി മാറിയപ്പോൾ അന്നയിൽ ഉണ്ടായത്." അന്ന ബെന്നിനെ കുറിച്ച് സൂരി പറയുന്നു. ഈ ചിത്രത്തിലെ അന്നയുടെ ലുക്ക് തികച്ചും വ്യത്യസ്തമാണ്. അന്നയുടെ സിനിമാ കരിയറിലെ മികച്ച വേഷമാണ് കൊട്ടുകാളിയിലെ മീന എന്നതിൽ സംശയമില്ല. ചിത്രം ആഗസ്റ്റ് 23ന് തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











