അടുക്കളയിൽ സാധനങ്ങൾ ഇല്ലെങ്കിൽ ഞങ്ങളങ്ങ് സഹിക്കും; ആ സമയത്തും മറ്റുവിഷയങ്ങൾ സംസാരിക്കാനാണ് ഇഷ്ടം!: ശ്രീകാന്ത്
മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ശ്രീകാന്ത് മുരളി. ഒരു നടൻ എന്ന നിലയിലാകും പലർക്കും അദ്ദേഹത്തെ പരിചയം. എന്നാൽ സംവിധായകനായിട്ടാണ് ശ്രീകാന്ത് മുരളി സിനിമയിൽ തുടക്കം കുറിക്കുന്നത്. സംവിധായകൻ പ്രിയദര്‍ശന്റെ അസിസ്റ്റന്റും അസോസിയേറ്റുമായാണ് ശ്രീകാന്തിന്റെ തുടക്കം. ഒരുപാട് വർഷം അദ്ദേഹത്തിന് കീഴിൽ പ്രവര്‍ത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനായത്. 2017 ല്‍ പുറത്തിറങ്ങിയ എബി ആയിരുന്നു ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ആദ്യ ചിത്രം.
തുടർന്നാണ് അഭിനയിക്കാനുള്ള അവസരങ്ങൾ ശ്രീകാന്തിനെ തേടിയെത്തുന്നത്. ഇന്ന് തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം കഴിഞ്ഞ വർഷം മാത്രം പത്തിലധികം സിനിമകളിലാണ് ശ്രീകാന്ത് മുരളി അഭിനയിച്ചത്. അതിനിടെ ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് നടൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

വക്കീല്‍ വേഷങ്ങളില്‍ സ്ഥിരം കണ്ട് കണ്ട്, താൻ റിയല്‍ ലൈഫിലും വക്കീലാണെന്ന് തെറ്റിദ്ധരിച്ച സിനിമക്കാർ ഉണ്ടെന്ന് ശ്രീകാന്ത് പറയുന്നു. അതുപോലെ ഡോക്ടറാണ് എന്ന് തെറ്റിദ്ധരിച്ചവരും ഉണ്ട്. എന്നാൽ ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് അഭിമാനമാണെന്നും ശ്രീകാന്ത് പറയുന്നു. ഇലഞ്ഞി എന്ന തന്റെ ഗ്രാമത്തെ കുറിച്ചും നടൻ വാചാലനായി.
ഇപ്പോഴും എനിക്ക് ആ ഗ്രാമം വിട്ട് വരാന്‍ സാധിച്ചിട്ടില്ല, ഞാനിപ്പോഴും ആ നാട്ടിന്‍പുറം ഇഷ്ടപ്പെടുന്ന ആളാണ്. നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് അവിടം വല്ലാതെ മിസ്സ് ചെയ്യുന്നതും, ഇഷ്ടം കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇഷ്ടങ്ങളെ കുറിച്ചും നടൻ മനസുതുറന്നു. അഭിനയവും സംവിധാനവുമല്ലാതെ വായനയും തനിക്ക് ഇഷ്ടമാണെന്ന് ശ്രീകാന്ത് പറഞ്ഞു. എന്നാല്‍ കൂട്ടുകാര്‍ക്കിടയിലെ ഏറ്റവും മോശം വായനക്കാര്‍ താനായിരിക്കുമെന്നാണ് അദ്ദേഹം സ്വയം വിലയിരുത്തുന്നത്.
വര്‍ത്തമാനം പറയാനും, എന്തെങ്കിലും ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാനും ഇഷ്ടമുള്ള ആളാണ് ഞാന്‍. അല്ലാത്തപ്പോള്‍ ഉറക്കമായിരിക്കും. ഉറക്കമല്ലെങ്കില്‍ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും എന്നും ശ്രീകാന്ത് പറയുന്നു. ഭാര്യ സംഗീതയ്ക്കും തനിക്കും സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഗീത ഒരു പാട്ടുകാരിയായതുകൊണ്ട് പാട്ടും സിനിമയുമൊക്കെയാണ് ഞങ്ങളുടെ വിശേഷം. എവിടെ പുറത്തു പോയാലും അവിടെയുള്ള വിശേഷങ്ങളൊക്കെ പരസ്പരം പങ്കുവെക്കും. ഞങ്ങളെ സംബന്ധിച്ച് അടുക്കള വിഷയങ്ങള്‍ വലിയ കാര്യമുള്ളതല്ല. അടുക്കളയില്‍ ഉപ്പ് കുറഞ്ഞാലും മുളക് കൂടായിലും അങ്ങ് പോട്ടെ എന്ന് വയ്ക്കും. ആ സമയങ്ങളിലും മറ്റ് വിഷയങ്ങള്‍ സംസാരിക്കാനാണ് ഇഷ്ടം. അങ്ങനെ തങ്ങളുടെ രാത്രിയും പകലുമെല്ലാം മനോഹരമാണെന്നും ശ്രീകാന്ത് മുരളി പറയുന്നു.
അതേസമയം പ്രണയവിവാഹമായിരുന്നു ശ്രീകണത്തിന്റെയും ഭാര്യ സംഗീതയുടെയും. മുൻപൊരിക്കൽ വിവാഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏകദേശം പത്ത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മിൽ ഉള്ളത്. രണ്ട് പേരും കൂടി ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനമെടുത്ത് രക്ഷിതാക്കളോട് പറയുകയായിരുന്നു. രണ്ട് പേരെയും നന്നായിട്ട് അറിയാവുന്നത് കൊണ്ട് വീട്ടുകാർ സമ്മതം നൽകി. അങ്ങനെയാണ് വിവാഹം നടന്നതെന്നാണ് ശ്രീകാന്ത് മുരളി മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications











