മമ്മൂക്ക സൂപ്പർമാർക്കറ്റിൽ പണിക്ക് പോകേണ്ടി വരുമെന്ന് എഴുതിയവരുണ്ട്; ശവങ്ങളെ തിന്നുന്ന പുഴുക്കളാണവർ: ടിനി ടോം
ജീവിതത്തിൽ ഒന്നുമാകാൻ കഴിയാത്തവരാണ് നെഗറ്റീവ് കമന്റുകളിലൂടെ ഫ്രസ്‌ട്രേഷൻ തീർക്കുന്നതെന്ന് പറയുകയാണ് ടിനി ടോം
മലയാളികൾക്ക് സുപരിചിതനാണ് നടൻ ടിനി ടോം. മിമിക്രി വേദികളിൽ നിന്നെത്തി മലയാള സിനിമ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. സിനിമകളിലെല്ലാം സജീവമാണ് നടൻ. അതേസമയം, സമീപകാലത്ത് സോഷ്യൽ മീഡിയയിൽ നിരന്തരം ആക്രമിക്കപ്പെട്ടിട്ടുള്ള നടൻ കൂടിയാണ് ടിനി ടോം.
നെഗറ്റീവ് കമന്റുകൾക്കും സൈബർ ആക്രമങ്ങൾക്കും എതിരെ പലപ്പോഴും നടൻ രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നെഗറ്റീവ് കമന്റിടുന്നവർക്കെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുകയാണ് നടൻ. ഒന്നുമാവാൻ സാധിക്കാത്തവരാണ് നെഗറ്റീവ് കമന്റിലൂടെ ഫ്രസ്ട്രേഷൻ തീർക്കുന്നതെന്ന് ടിനി പറയുന്നു.
നെഗറ്റീവ് കമന്റിടുന്നവർ ഉദിച്ചുയരുന്ന താരങ്ങളെ നോക്കി കുരക്കുന്ന കൊടിച്ചി പട്ടികളാകാതിരിക്കുക എന്നുള്ളതാണ് ചെയ്യേണ്ടതെന്നും അവർ ശവം തിന്നുന്ന പുഴുക്കളാണെന്നും ടിനി ടോം അഭിമുഖത്തിൽ പറയുന്നുണ്ട്. പുതിയ സിനിമയായ ഓപ്പറേഷൻ അരാപയ്‌മയുടെ റിലീസിന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു നടന്റെ ഈ പരാമർശങ്ങൾ.

സൈബർ ആക്രമങ്ങളിൽ പ്രതികരിക്കുന്നതിന് തനിക്ക് ഭയം ഒന്നുമില്ലെന്ന് ടിനി വ്യക്തമാക്കുന്നുണ്ട്. ഇവരൊന്നും നേരിട്ട് വന്ന് പറയാൻ പോകുന്നില്ല. ഇവർക്ക് കമന്റുകളിലൂടെയും ട്രോളുകളിലൂടെയും മാത്രമേ പറ്റൂവെന്ന് ടിനി പറയുന്നു. എന്നാൽ ട്രോൾ നല്ലൊരു കലാരൂപമാണെന്നും നടൻ സമ്മതിക്കുന്നുണ്ട്.
നെഗറ്റീവ് കമന്റുകൾ പലതും ഫ്രസ്ട്രേഷനിൽ നിന്നും വരുന്നതാണ്. അവർക്കൊന്നും ഒന്നുമാകാൻ സാധിച്ചുമില്ല, അതിനുള്ള ശ്രമവും നടത്തുന്നില്ല. ചുരുങ്ങിയത് ഒരു ആങ്കറെങ്കിലുമാകണം. ആങ്കറിങ് നിസാര കാര്യമല്ല. അവരൊരു ശ്രമം നടത്തുകയാണ്.അതിന് പോലും ശ്രമിക്കില്ല. ഉദിച്ചുയരുന്ന താരങ്ങളെ നോക്കി കുരക്കുന്ന കൊടിച്ചി പട്ടികളാകാതിരിക്കുക. അതാണ് തനിക്ക് പറയാനുള്ളതെന്ന് ടിനി പറയുന്നു.
നമ്മൾ വഴിയിലൂടെ പോകുമ്പോൾ പട്ടി കുരച്ചുകൊണ്ടിരിക്കും. പട്ടി മുകളിലേക്ക് നോക്കുമ്പോൾ മേഘം നീങ്ങുന്നത് കാണാം. പട്ടിയുടെ വിചാരം ഞാൻ കുരച്ചത് കൊണ്ടാണ് മാറിയതെന്നാണ്. ഇവർക്കൊന്നും ചെയ്ഞ്ച് ചെയ്യാൻ പറ്റില്ല. അതൊരു ഫ്രസ്ട്രേറ്റഡ് മൈൻഡിൽ നിന്നും വരുന്നതാണ്. ശവങ്ങളെ തിന്നുന്ന പുഴുക്കളാണവരെന്നും ടിനി പറഞ്ഞു.
ഇതിപ്പോ ട്രോളാവുമെന്ന് അവതാരകൻ നടനോട് പറയുന്നുണ്ട്. മോശം കമന്റിടുന്നത് ഒരാളെ വേദനിപ്പിക്കാനല്ലേ. ഒരു ചെടി വളർന്ന് വരുമ്പോൾ ഇവിടെ കേടുണ്ടെന്ന് പറഞ്ഞ് മരുന്നടിക്കാം. അതിന്റെ കൂമ്പൊടിച്ച് കളഞ്ഞിട്ട് വളർത്താനാണെന്ന് പറയുന്നത് ശരിയല്ല. അവർ ക്രിട്ടിക്സല്ല. കുശുമ്പും അസൂയയുമൊക്കെയുള്ളവരാണ്. ഒരാൾ നന്നായി കാണുമ്പോൾ കണ്ണ് പിടിക്കില്ല. ആ കടിക്ക് കേരളത്തിൽ മരുന്നില്ല. ബാക്കിയെല്ലാ കടികൾക്കും മരുന്നുണ്ടെന്നും ടിനി ടോം പറഞ്ഞു.
അതേസമയം, അടുത്തിടെ ടിനി ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് അനുകരണത്തിൽ വരുന്ന പോരായ്മകളുടെ പേരിലാണ്. അതിനും ടിനി മറുപടി നൽകുന്നുണ്ട്. ഞാൻ എല്ലാം നേടിയതും സിനിമയിൽ എത്തിയതുമൊക്കെ മിമിക്രിയിലൂടെയാണ്. ഞാൻ ആ ഒരു കാലഘട്ടത്തിൽ ചെയ്യേണ്ടതെല്ലാം നല്ല വൃത്തിയായിട്ട് ചെയ്‌തിട്ടുണ്ട്. ഇപ്പോഴും ഞാൻ നല്ലൊരു എന്റർടെയ്നറാണ്.
ഇപ്പോൾ പ്രേം നസീറിന്റെ അഭിനയം ഒന്നും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. അത് ആ കാലത്തെയാണ്. ഓരോ കാലഘട്ടങ്ങൾ ഉണ്ട്. ഇപ്പോൾ പുതിയ പിള്ളേർ വന്നു. അവർ ചെയ്യട്ടെ. ഞാൻ പത്തും ഡിഗ്രിയും എല്ലാം കഴിഞ്ഞിട്ട്, വീണ്ടും അഞ്ചിൽ പോയി ഇരിക്കണം എന്ന് പറഞ്ഞാൽ അത് നടക്കില്ല.
ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചതും ആദ്യം സമ്പാദിച്ചതുമെല്ലാം മിമിക്രി കൊണ്ടാണ്. ഇപ്പോൾ എന്നെ കളിയാക്കിയാൽ എൻ്റെ മൂക്കിലെ രോമം പോലും നഷ്ടപ്പെടില്ല എന്നാണ് ടിനി പറഞ്ഞത്.
താരങ്ങളോട് മലയാളികൾക്കുള്ള മനോഭാവത്തെ കുറിച്ചും ടിനി സംസാരിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഒക്കെ ചെന്നപ്പോൾ ഭയങ്കര സ്നേഹം ആയിരുന്നു. എന്നെ അവർ ദൈവത്തെ പോലെയാണ് കാണുന്നതെന്ന് മണി ചേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇവിടെയാണ് ആളുകൾക്ക് അംഗീകരിക്കാം ബുദ്ധിമുട്ട്.

ചിലർക്കാണ് പ്രശ്‌നം. കോവിഡ് സമയത്ത് വന്ന കമന്റുകൾ, ഇവരൊക്കെ ഇനി എങ്ങനെ ജീവിക്കും. മമ്മൂക്കയ്ക്ക് സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകേണ്ടി വരും എന്നൊക്കെയാണ്. ഇതൊക്കെയാണ് ഇവരുടെ മനസ്സിൽ എന്നും ടിനി ടോം പറയുന്നു.
അതേസമയം, ഓപ്പറേഷൻ അരാപയ്‌മയിൽ ട്രാൻസ്‌ജെൻഡർ കഥാപാത്രമായിട്ടാണ് ടിനി ടോം എത്തുന്നത്. തമിഴിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടിനിയെ കൂടാതെ റഹ്മാൻ, അഭിനയ, അനൂപ് ചന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ടിനിയുടെ സിനിമാ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണിത്.


Click it and Unblock the Notifications