അമ്മയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിട്ട് അച്ഛൻ നാടുവിട്ടു; മരിച്ചെന്ന് കേട്ടിട്ടും അമ്മ കാത്തിരുന്നു: വിജയരാഘവൻ
തന്റെ അച്ഛൻ എൻ എൻ പിള്ളയെ വിവാഹം കഴിക്കാനായി പത്ത് വർഷക്കാലം അമ്മ കാത്തിരുന്നതിനെ കുറിച്ച് പറയുകയാണ് നടൻ വിജയരാഘവൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവൻ. നാടകാചാര്യൻ എൻഎൻ പിള്ളയുടെ മകനായ നടൻ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്.
അച്ഛന്റെ പാത പിന്തുടർന്ന് നാടകത്തിലെത്തിയ വിജയരാഘവൻ അവിടെ നിന്നും പിന്നീട് സിനിമകളിലേക്കും ചുവടുവെക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം.
പലപ്പോഴും അഭിമുഖങ്ങളിൽ തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് നടൻ വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ, അമ്മയെ കുറിച്ച് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വിജയരാഘവൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ഈശ്വര ഭക്തിയെ കുറിച്ച് പറയുന്നതിനിടെയാണ് വിജയരാഘവൻ തന്റെ അമ്മയെ കുറിച്ചും വാചാലനായത്. അച്ഛനെ വിവാഹം കഴിക്കാനായി പത്ത് വർഷത്തിലധികം അമ്മ കാത്തിരുന്നതിനെ പറ്റിയാണ് നടൻ പറഞ്ഞത്.

'അച്ഛന് ശകലം പോലും വിശ്വാസം ഉണ്ടായിരുന്നില്ല. ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവം ഞാൻ ഭീരുവല്ല എന്നാണ് അച്ഛൻ പറഞ്ഞിരുന്നത്,'
'പക്ഷെ ഞാൻ കുറച്ചു ഭീരുവാണ്. എന്നാൽ ഏത് ദൈവം എന്ത് ശക്തി എന്നൊന്നും എനിക്ക് അറിയില്ല. അമ്മ അമ്പലത്തിൽ പോകുമായിരുന്നു. അമ്മയ്‌ക്കൊപ്പം ഞാനും പോയിരുന്നു,'
'അമ്മ എനിക്ക് ഭയങ്കര ബലമായിരുന്നു. ഒന്നും പറയാത്ത എന്നാൽ എല്ലാം പറയുന്ന ഒരു അമ്മ ആയിരുന്നു എന്റേത്, സർവ്വസഹിയായ ഒരു അമ്മ എന്നൊക്കെ പറയുന്നത് പോലെ,'
'അമ്മയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിട്ട് അച്ഛൻ പത്തൊമ്പതാമത്തെ വയസിൽ നാടുവിട്ടു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് അച്ഛൻ വരുന്നത്,'
'അതിനിടയ്ക്ക് അമ്മയുടെ അനുജത്തിമാരെല്ലാം കല്യാണം കഴിച്ചു. അവർക്കെല്ലാം മക്കളായി. അമ്മ കല്യാണം കഴിക്കുന്നില്ല എന്ന് പറഞ്ഞ് അച്ഛനെയും കാത്തിരിക്കുകയായിരുന്നു,'
'അതിനിടയ്ക്ക് അച്ഛൻ മരിച്ചുവെന്ന് നാട്ടിലൊക്കെ സംസാരമായി. യുദ്ധത്തിൽ പങ്കെടുത്തതായി ഒക്കെ വിവരമുണ്ടായിരുന്നു അപ്പോൾ മരിച്ചെന്ന് തന്നെ എല്ലാവരും കരുതി,'
'പിന്നെ എഴുത്തുകൾ ഒന്നും വന്നിരുന്നില്ല. അന്ന് ഈ യുദ്ധത്തിൽ പങ്കെടുക്കുന്നവരൊക്കെ രഹസ്യമായിട്ടാണ് കഴിഞ്ഞിരുന്നത് ഒരു ഗറില്ലാ വാർഫെയർ പോലെയാണ്,'
'അപ്പോൾ എഴുത്തുകൾ ഒന്നും അയക്കില്ല. അങ്ങനെ മരിച്ചു പോയെന്ന് തന്നെ എല്ലാവരും വിശ്വസിച്ചിരുന്ന സമയത്താണ് അച്ഛൻ വരുന്നത്,'
'അത്രയും കാലം അച്ഛന് വേണ്ടി കാത്തിരുന്ന അത്രയും നിഷ്കളങ്കയായ അമ്മയാണ്. ഞാൻ ഇടയ്ക്ക് അമ്മയോട് പറയുമായിരുന്നു, പത്ത് വർഷക്കാലം അവിടെ പോയി നിന്ന അച്ഛന് എത്രമാത്രം ബന്ധങ്ങൾ ഉണ്ടായി കാണുമെന്ന്,'
'ആത്മകഥയിൽ പോലും എഴുതിയിട്ടുണ്ട് അത്. അപ്പോൾ അമ്മ പറയും അതൊക്കെ വെറുതെ പറയുന്നത് ആണെന്ന്,'
'അങ്ങനെയുള്ള അമ്മ ആയിരുന്നു. അമ്മ 98 ൽ ആണ് മരിക്കുന്നത്. ആ മരണം എനിക്ക് വലിയ ഷോക്കായിരുന്നു. എവിടെയോ ഒരു ശൂന്യത തോന്നി,'
'അങ്ങനെയിരിക്കുമ്പോൾ ആണ് മൂത്തമകനെയും കൊണ്ട് ഒരു യാത്ര എന്ന പോലെ മൂകാംബികയ്ക്ക് പോകുന്നത്. അവിടെ ചെന്നപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു ബലം തോന്നി,'
'എനിക്ക് ആണെങ്കിൽ പ്രാർത്ഥനയോ നാമജപമോ എന്താണ് അവിടെ ചെയ്യേണ്ടത് എന്ന് പോലും അറിയില്ല. പക്ഷെ എന്തോ ബലം അന്ന് തോന്നി,' വിജയരാഘവൻ പറഞ്ഞു.
അച്ഛനെ കുറിച്ചും വിജയരാഘവൻ സംസാരിക്കുന്നുണ്ട്. അച്ചനെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം ഒരു ആരാധന നിറഞ്ഞ സ്നേഹം അതിൽ ഉണ്ടാകുമല്ലോ എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.
'ഞാൻ എന്ത് സംസാരിച്ചാലും അതിൽ അച്ഛനുണ്ടാവുമെന്ന് എല്ലാവരും പറയാറുണ്ട്. അത് ശരിയാണ്, അച്ഛനെ കുറിച്ച് പറയാത്തതോ ചിന്തിക്കാത്തതോ ആയ ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല,'
'റോൾ മോഡൽ എന്ന് പറയുകയല്ല. എന്റെ എല്ലാമെല്ലാമായിരുന്നു അച്ഛൻ. സുഹൃത്തും വഴികാട്ടിയും അങ്ങനെ എല്ലാം,'

'ഞാൻ സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിലോ അല്ലാതെ കിട്ടിയിട്ടുള്ള അറിവുകൾ ആണെങ്കിലോ എല്ലാം അച്ഛനിൽ നിന്നാണ്. അച്ഛൻ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് അതുകൊണ്ട് അറിയാതെ അച്ഛനെ കുറിച്ച് പറഞ്ഞ് പോകുന്നതാണ്,' എന്നാണ് വിജയരാഘവൻ പറഞ്ഞത്.
അതേസമയം, പൂക്കാലം ആണ് വിജയരാഘവന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ആനന്ദം സിനിമയ്ക്ക് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നൂറ് വയസുകാരനായാണ് നടൻ വേഷമിടുന്നത്.
വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസർ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു.


Click it and Unblock the Notifications