വീട്ടിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന യൂട്യൂബർ?, വിചാരിക്കും പോലെ അത്ര എളുപ്പമുള്ള പരിപാടിയല്ലെന്നും അഹാന
മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന. വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവ നായികമാരിൽ ഒരാളാണ് താരം. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ. നടിയെന്നതിലുപരി യൂട്യൂബ് വ്‌ളോഗറായും അഹാന പേരെടുത്തിട്ടുണ്ട്. കോവിഡ് സമയത്താണ് അഹാന യൂട്യൂബിൽ സജീവമായത്.
അഹാനയ്ക്ക് പുറമെ നടിയുടെ മൂന്ന് സഹോദരിമാരും മാതാപിതാക്കളായ കൃഷ്ണ കുമാറും സിന്ധുവും എല്ലാം സ്വന്തം യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരു കുടുംബത്തിലുള്ളവരാണെങ്കിലും ഓരോരുത്തരും വ്യത്യസ്തമായ യൂട്യൂബ് കണ്ടന്റുകൾ ആണ് പങ്കുവയ്ക്കാറുള്ളത്. അഹാന മ്യൂസിക് ആൽബം, ഷോർട്ട് ഫിലിമുകൾ എന്നിവയുൾപ്പടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സഹോദരിമാരും അമ്മയുമൊക്കെ ലൈഫ് സ്റ്റെെൽ വ്ലോഗുകളിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്.

വീട്ടിലെ കൂടുതൽ വിശേഷങ്ങളും പൊതുവെ അമ്മ സിന്ധു കൃഷ്ണയിലൂടെയാണ് പ്രേക്ഷകരില്ലേക്ക് എത്താറുള്ളത്. ഇപ്പോഴും ഇവർ എല്ലാവരും യൂട്യൂബ് ചാനലുകളുമായി സജീവമാണ്. ഇപ്പോഴിതാ, ഇവരുടെ യൂട്യൂബ് ചാനലുകളെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചില രസകരമായ സംഭവങ്ങളും പങ്കുവച്ചിരിക്കുകയാണ് അഹാന. സിനിമ ഡാഡിയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
വീട്ടിലെ മികച്ച യൂട്യൂബർ ഞാൻ തന്നെയാണെന്നാണ് അഹാന പറയുന്നത്. അത് അമ്മയും അച്ഛനും സഹോദരിമാരും പറയാറുണ്ടെന്ന് അഹാന പറയുന്നു. ഞാൻ മാത്രമാണ് ചെയ്യുന്ന വീഡിയോയുടെ ക്വാളിറ്റി അങ്ങനെ ശ്രദ്ധിക്കാറുള്ളത്. എല്ലാവരും ക്വാളിറ്റി നോക്കണം എന്നൊന്നും ഞാൻ പറയില്ല. അത് എന്റെ താൽപര്യമാണ്. എന്റെ അമ്മയുടെ വീഡിയോസ് ഒക്കെ നോക്കിയാൽ വളരെ ഓർഗാനിക്കാണ്.
അമ്മ വെറുതെ നൈറ്റി ഒക്കെ ഇട്ട് നിന്ന് ചെടിക്ക് വെള്ളം ഒഴിക്കുമ്പോഴാകും വീഡിയോ ചെയ്യുന്നത്. അത് കണ്ട് റിലീഫ് കിട്ടുന്ന എത്ര പേർ ഉണ്ടെന്ന് അറിയാമോ. അതുകൊണ്ട് ഇതാണ് ശരിയെന്ന് ഇല്ല. പക്ഷെ എനിക്ക് എന്റെ കണ്ടന്റ് ആണ് കൂടുതൽ ഇഷ്ടമെന്ന് അഹാന കൃഷ്ണ പറഞ്ഞു. കൂട്ടത്തിലെ മടിച്ചി കണ്ടന്റ് ക്രിയേറ്റർ ഹൻസു ആകും.
പക്ഷെ അങ്ങനെ പറയാൻ പറ്റില്ല. അവൾ സ്‌കൂളിൽ ഒക്കെ ആയത് കൊണ്ട് പാവം അതിന്റെ കൂടെയാണ് ചെയ്യുന്നത്. എന്നാലും ചെറുതായിട്ട് മടിയുള്ളത് അവൾക്കാണെന്നും അഹാന പറഞ്ഞു.
ഒരു മാസം കൂടുതൽ വീഡിയോ ആര് ഇടുന്നു അയാൾക്ക് ആവും കൂടുതൽ വരുമാനം വന്നിട്ടുണ്ടാവുക. അതുകൊണ്ട് ഓരോ മാസത്തെ ആശ്രയിച്ചാണ് ഞങ്ങളിൽ ആരാണ് മുന്നിൽ എന്നത് വരുക. പണ്ടൊരു സമയത്ത് എപ്പോഴും ദിയ ആയിരുന്നു. ഇപ്പോൾ ഞാനും അമ്മയുമാണ്. ഞങ്ങളാണ് കുറച്ചു കൂടി കൃത്യതയോടെ വീഡിയോ ഇടുന്നത്. പിന്നെ ആർക്ക് കിട്ടിയാലും ഒരേ വീട്ടിലേക്ക് തന്നെ വരുന്നത് കൊണ്ട് കുഴപ്പമില്ലെന്നും അഹാന പറയുന്നു.
വീട്ടിൽ ഇതുവരെ ആറ് സിൽവർ പ്ലേ ബട്ടണുകൾ കിട്ടിയിട്ടുണ്ട്. ഗോൾഡൻ കിട്ടാനുള്ള കാത്തിരിപ്പിലാണ്. ഒരു ഒന്നര ലക്ഷം സബ്സ്ക്രൈബേർസ് കൂടിയാവണം അതിനായുള്ള കാത്തിരിപ്പിൽ ആന്നെനും അഹാന കൂട്ടിച്ചേർത്തു. യൂട്യൂബ് എളുപ്പമുള്ള പരിപാടിയാണ് ലക്ഷക്കണക്കിന് കാശ് കിട്ടുമെന്ന് ഒക്കെ പലരും വിചാരിക്കാറുണ്ട്. ഒരു അഞ്ച് ലക്ഷം വ്യൂ കിട്ടിയാൽ രണ്ടു ലക്ഷം കിട്ടിയിട്ടുണ്ടാകും എന്നൊക്കെയാണ് പലരും കരുതുക.

പക്ഷെ അങ്ങനെയല്ല. ഒരു വീഡിയോയിൽ നിന്ന് നല്ലൊരു തുക ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള പരിപാടി അല്ല. അത് ഒരു ടാസ്‌ക് തന്നെയാണ്. ഒരുപാട് പേർക്ക് തെറ്റിദ്ധാരണയുള്ള കാര്യമാണത്. നല്ലൊരു തുക യൂട്യൂബിൽ നിന്ന് കിട്ടാൻ അതിന് പല കാരണങ്ങളും ഉണ്ടെന്നും അഹാന പറഞ്ഞു.
അതേസമയം, അടിയാണ് അഹാന റിലീസിനെത്തുന്ന പുതിയ ചിത്രം. ഷൈൻ ടോം ചാക്കോ, അഹാന, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഏപ്രിൽ 14ന് വിഷു റിലീസായാണ് എത്തുന്നത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയനാണ്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.


Click it and Unblock the Notifications