അന്ന് ഞാൻ അഞ്ചാം ക്ലാസിലാണ്; അയാൾ ചെയ്തത് എന്താണെന്ന് പോലും മനസിലായിരുന്നില്ല; മോശം അനുഭവത്തെ പറ്റി അനശ്വര
ചെറിയ കുട്ടി ആയിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി അനശ്വര രാജൻ
ബാലതാരമായി എത്തി വളരെ ചെറിയ കാലം കൊണ്ട് തന്നെ നായിക നടിമാരുടെ നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ. മലയാളത്തിലെ യുവനായികമാരിലെ പ്രധാനികളിൽ ഒരാളാണ് അനശ്വരയെന്ന് വേണമെങ്കിൽ പറയാം. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്.
മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മഞ്ജുവിന്റെ മകളുടെ വേഷത്തിലാണ് അനശ്വര അഭിനയിച്ചത്. തുടർന്ന് അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയ്ക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്. ചിത്രം സൂപ്പർ ഹിറ്റായതോടെ അനശ്വരയും താരമായി മാറി.

അതിനു ശേഷം വാങ്ക്, സൂപ്പർ ശരണ്യ. മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വര നായിക നടിയായി മാറുകയായിരുന്നു. ഇതിനിടെ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലും അനശ്വര അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് അനശ്വര. ബാംഗ്ലൂർ ഡെയ്‌സ് സിനിമയുടെ ഹിന്ദി പതിപ്പായ യാരിയാന് 2 ലൂടെയാണ് അനശ്വര ബോളിവുഡിൽ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുന്നത്.
മലയാളത്തിൽ പ്രണയ വിലാസം എന്ന ചിത്രമാണ് അനശ്വരയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. അർജുൻ അശോകൻ നായകനായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. അനശ്വരയ്ക്ക് പുറമെ മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അതിനിടെ, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഒരു അഭിമുഖത്തിൽ അനശ്വര പറഞ്ഞ ഒരു കാര്യം ശ്രദ്ധനേടുകയാണ്. താൻ കുട്ടി ആയിരിക്കെ ബസിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചാണ് അനശ്വര അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. വിശദമായി വായിക്കാം.
'ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി,'
'എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും. അതിനു മുൻപ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു,'
'പക്ഷെ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാൻ അപ്പോൾ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുനേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ് അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും,'

'അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അത് അങ്ങനെ എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്. വലുതായി കഴിഞ്ഞപ്പോൾ അത്തരം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാൻ കഴിയും. അവർ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവുമുണ്ട്,' അനശ്വര പറഞ്ഞു.
താൻ മാറിപ്പോയെന്ന് നാട്ടുകാരൊക്കെ പറയാറുണ്ടെന്നും നടി പറഞ്ഞു. അതിനെ ഞാൻ പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നത്. ജീവിതാനുഭവങ്ങൾ വരുമ്പോൾ ആരായാലും മാറും. നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ. ആ മാറ്റത്തെ നന്നായി കാണുന്ന ആളാണ് ഞാൻ. ചിലപ്പോൾ രണ്ടു വർഷം കഴിയുമ്പോൾ ഞാൻ ഇതിലും മാറുമായിരിക്കുമെന്നും അനശ്വര പറഞ്ഞു.


Click it and Unblock the Notifications