സിനിമയിലെ ലിപ് ലോക്ക് കണ്ട് എന്നെ ജഡ്‌ജ് ചെയ്യരുത്; ഇത്തരം പ്രണയങ്ങൾ 20 വയസ്സിന് മുൻപും ഉണ്ടാവും: അനിഖ
ബാലതാരമായി എത്തി തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയതാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അനിഖ ഇപ്പോഴിതാ, മലയാളത്തിലൂടെ ആദ്യമായി നായികയാവാൻ ഒരുങ്ങുകയാണ്.
തമിഴിൽ ഉൾപ്പെടെ അഭിനയിച്ച നായിക നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി തിളങ്ങിയിട്ടുള്ള അനിഖ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. യുവ താരം മെൽവിൻ നായകനാകുന്ന ചിത്രം ഫെബ്രുവരി 24 ന് തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലറുകൾ ഇതിനകം വൈറലായി മാറിയിരുന്നു. ട്രെയിലറിലെ അനിഖയുടെ ലിപ് ലോക്ക് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ അടക്കം അനിഖയ്ക്ക് ആരാധകരുള്ളത് കൊണ്ട് തന്നെ അവിടെയും ട്രെയ്‌ലർ ചർച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ, വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ താൻ ആദ്യമായി നായികയാവുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അനിഖ. ഒപ്പം ലിപ് ലോക്ക് രംഗത്തോടുള്ള ആളുകളുടെ പ്രതികരണത്തെ കുറിച്ചൊക്കെ അനിഖ സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

'ആദ്യമായിട്ടാണ് ഒരു സിനിമയിൽ നായികയായിട്ട് വരുന്നത്. അതിന്റെ നേർവസ്‌നസും എക്സൈറ്റ്മെന്റുമെല്ലാം ഉണ്ട്. കാരണം ചെറുപ്പത്തിലേ വന്ന് എല്ലാവരും കണ്ട് വളർന്നതാണ്. അതുകൊണ്ട് തന്നെ നായികാ വേഷത്തിൽ എത്തുന്ന അൽപം പ്രഷറാണ്. പക്ഷെ എല്ലാവർക്കും സിനിമ ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു,' എന്ന് അനിഖ പറഞ്ഞു.
ലിപ് ലോക്ക് രംഗം അംഗീകരിക്കാൻ പറ്റാത്ത പ്രേക്ഷകരെ കുറിച്ച് ചോദിച്ചപ്പോൾ, മലയാളത്തിൽ ആണെങ്കിലും തമിഴിൽ ആണെങ്കിലും അവർ എന്നെ ചെറുപ്പത്തിലേ കാണാൻ തുടങ്ങിയതാണ്. ആ വളർച്ച അങ്ങോട്ട് അംഗീകരിക്കാനുള്ള ഒരു ബുദ്ധിമുട്ടായിരിക്കും എന്നാണ് അനിഖ പറഞ്ഞത്.

'അവർക്കത് പെട്ടെന്ന് അക്സെപ്റ്റ് ചെയ്യാൻ പറ്റിയില്ല. മുൻപ് ചെയ്ത ക്യാരക്ടറുകളോടുള്ള കണക്ഷൻ കൊണ്ടൊക്കെയാണ് അവർക്ക് അത് അംഗീകരിക്കാൻ പറ്റാതെ വരുന്നത് എന്ന് എനിക്ക് തോന്നുന്നത്. കഥാപാത്രത്തിന് വേണ്ടിയാണ് ആ സീൻ ചെയ്തത്.കഥയ്ക്ക് ആവശ്യമായിരുന്നു. സിനിമ കാണുമ്പോൾ മനസിലാകും എന്തുകൊണ്ടാണ് സിനിമയിൽ അത്തരം രംഗങ്ങൾ എന്ന്,' അനിഖ പറഞ്ഞു.
നേരത്തെ ഫെയ്‌സ്‌ബുക്ക് അമ്മാവന്മാർ ആണ് ഉപയോഗിക്കുന്നത് എന്ന് അനിഖ ഒരു പരാമർശം നടത്തിയിരുന്നു. അതിന് ശേഷം അനിഖയുടെ പ്രൊഫൈലിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ അത് ട്രോളായി മാറിയിരുന്നു. അതിനോട് താരം പ്രതികരിച്ചു.

'ആളുകൾക്ക് അറിയാമെന്ന് തോന്നുന്നു. ആ ഫെയ്‌സ്‌ബുക്ക് ഞാൻ അല്ല ഉപയോഗിക്കുന്നത്. ഞാൻ ഇതൊന്നും അറിയുന്നില്ല. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് ആയ ആളല്ല. എനിക്ക് അങ്ങനെ കയറാൻ ഒന്നും താത്പര്യമില്ല. അതുകൊണ്ട് ഞാൻ അതൊന്നും നോക്കാറില്ല. മറ്റുള്ള ആളുകളാണ് പ്രൊഫൈലുകൾ ഒക്കെ കൈകാര്യം ചെയ്യുന്നത്. പ്രൊഫൈൽ ഫോട്ടോയൊക്കെ മാറ്റുന്നതും അവരാണ്,' അനിഖ വ്യക്തമാക്കി.
തന്നെ നായികയായി തോന്നുന്നില്ല എന്ന കമന്റുകളോട് അനിഖ [പ്രതികരിച്ചത് ഇങ്ങനെയാണ്, 'നായികാ എന്നൊക്കെ പറയുമ്പോൾ എല്ലാവർക്കും 25 വയസ്സ് എന്നൊക്കെ ഉള്ള കാഴ്ചപ്പാടാണ്. പക്ഷെ എന്റെ കഥാപാത്രം കോളേജിൽ പോകുന്ന ഒരു വിദ്യാർത്ഥിയാണ്. എന്റെ പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രമാണ്. സിനിമ കാണുമ്പോൾ മനസിലാകും. ഇത്തരം പ്രണയങ്ങൾ ട്വന്റീസിൽ ഉള്ളവർക്ക് മാത്രമല്ല. അതിനു മുൻപും ഉണ്ടാവും. അങ്ങനെയൊരു കഥാപാത്രമാണ് ചെയ്യുന്നത്,'

സിനിമ വിമർശനങ്ങളെ കുറിച്ചും നടി സംസാരിച്ചു. 'ക്രിയാത്മകമായ വിമർശനങ്ങൾ എപ്പോഴും നല്ലതാണ്. തിയേറ്ററുകളിൽ ആളുകൾ അവരുടെ സ്വന്തം അഭിപ്രായങ്ങളാണ് പറയുന്നത്. അതിൽ നമ്മുക്ക് ഒന്നും പറയാൻ പറ്റില്ല. അതിൽ തെറ്റുമില്ല. പക്ഷെ അത് കണ്ടാലും എല്ലാവരും തിയേറ്ററിൽ പോയി അനുഭവിച്ചറിയണം എന്നിട്ട് നമ്മുടെ അഭിപ്രായം പറയുകയാണ് വേണ്ടത്. അത് ഒരു മോശം കാര്യമായി തോന്നുന്നില്ല,'
തനിക്ക് നായിക ആയി തന്നെ അഭിനയിക്കണമെന്ന് ഇല്ല. അഭിനയിച്ചാൽ മതി. റോൾ എന്തായാലും പ്രശ്‌നമില്ല. അങ്ങനെ അഭിനയിക്കണം എന്ന് തോന്നിയിട്ടുള്ളത് ടോവിനോയുടെ കൂടെയാണെന്നും അനിഖ പറഞ്ഞു.


Click it and Unblock the Notifications











