മമ്മൂക്കയെ അന്ന് പത്തടി മാറിനിന്നേ നോക്കുമായിരുന്നുള്ളൂ; ആ സംഭവത്തിന് ശേഷം സ്വന്തമെന്ന ഫീലാണ്: അഞ്ജു അരവിന്ദ്
സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള അപൂർവം നായികമാരിൽ ഒരാളാണ് അഞ്ജു അരവിന്ദ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ അടക്കമുള്ള ഭാഷകളിലും അഞ്ജു തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ അഞ്ജു ചെയ്ത ദോസ്ത്, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമകലെ വേഷങ്ങൾ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നവയാണ്. അതുപോലെ തന്നെ സീരിയലുകളിലും ഒരുപിടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ അഞ്ജു അരവിന്ദിന് സാധിച്ചു.
പതിനാറാം വയസിൽ സിനിമയിലൂടെയാണ് അഞ്ജു അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീടായിരുന്നു സീരിയലിലേക്കുള്ള പ്രവേശനം. ഇരുപത്തഞ്ച് വർഷത്തിലേറെയായി സിനിമയിൽ സജീവമായ അഞ്ജു മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. തമിഴിൽ വിജയുടെ നായികയായി അരങ്ങേറ്റം കുറിച്ച അഞ്ജു രജനികാന്തിന്റെ സഹോദരിയായടക്കം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവർക്കൊപ്പവും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് അഞ്ജു. അഴകിയ രാവണൻ എന്ന ചിത്രത്തിലാണ് അഞ്ജു മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് പത്തേമാരി അടക്കം ഒരുപിടി സിനിമകളിൽ അഭിനയിച്ചു. അഴകിയ രാവണൻ സെറ്റിൽ മമ്മൂട്ടിയെ ആദ്യമായി കാണുമ്പോൾ പേടി ആയിരുന്നുവെന്നും പത്തടി മാറി നിന്നാണ് കണ്ടിരുന്നതെന്നും അഞ്ജു പറയുന്നു. പിന്നീട് ആ പേടി മാറിയതിനെ കുറിച്ചും താരം പറഞ്ഞു.
'മമ്മൂക്ക എന്ന് പറഞ്ഞാൽ സ്നേഹമാണ്. മമ്മൂക്കയെ കുറിച്ച് പറയുമ്പോൾ അഭിമാനമോ അഹങ്കാരമോ എന്തൊക്കെയോ ആണ്. മമ്മൂക്കയോടൊപ്പം ഞാൻ ആദ്യമായി അഭിനയിക്കുന്നത് അഴകിയ രാവണൻ എന്ന സിനിമയിലാണ്. ആ സിനിമ നല്ല ഹിറ്റായി. അതിനു ശേഷം ഞാൻ മമ്മൂക്കയെ കണ്ടപ്പോൾ അടുത്ത സിനിമയിലേയ്ക്ക് വിളിക്കണമെന്ന് പറഞ്ഞു. അതിനുശേഷം പത്തേമാരി, സിദ്ധാർത്ഥ എന്നിങ്ങനെ കുറെ സിനിമകൾ ചെയ്തു',
'അഴകിയ രാവണൻ ചെയ്യുന്ന സമയത്ത് ഭയങ്കര പേടി ആയിരുന്നു. ഒരു പത്തടി മാറി നിന്നിട്ടേ നോക്കുകയുള്ളു. ഞാനും നടനും സംവിധായകനുമായ വിനീതും ആണ് ആ സെറ്റിൽ ഒന്നിച്ചിരുന്നിരുന്നത്. അവൻ അന്ന് കുട്ടിയാണ്. കണ്ണൂർക്കാർ ആയത് കൊണ്ട് ഞങ്ങൾക്ക് നേരത്തെ അറിയാം. അങ്ങനെ ഒരു ദിവസം ഞങ്ങൾ അവിടെ ഇരിക്കുന്ന സമയത്ത് മമ്മൂക്ക ഞങ്ങളെ നോക്കുന്ന കണ്ടു. അപ്പോൾ തന്നെ പേടിയായി. പിന്നീട് ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ഞങ്ങൾ അറിയാതെ എഴുന്നേറ്റ് പോയി',

'എവിടെ പോണ്. അവിടെ ഇരിക്കെന്ന് പറഞ്ഞു പിടിച്ചിരുത്തി. ഞാൻ നിങ്ങളോടൊപ്പം ഇരിക്കാൻ വന്നതല്ലേയെന്ന് അദ്ദേഹം പറഞ്ഞു. അത്രയും സിംപിൾ ആയ വ്യക്തിയാണ്. മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്താലേ അദ്ദേഹത്തെ അറിയൂ. അതിനു ശേഷം മമ്മൂക്കയെ കാണുമ്പോൾ നമ്മുടെ സ്വന്തം എന്ന ഫീലാണ്. അദ്ദേഹം വളരെ സ്വീറ്റാണ്. ഭയങ്കര സ്നേഹമാണ് നമ്മളോട്', അഞ്ജു അരവിന്ദ് പറഞ്ഞു.
അതേസമയം ഇടക്കാലത്ത് സീരിയലുകളിൽ നിന്ന് വിട്ടുനിന്ന അഞ്ജു ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. നിലവിൽ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സുധാമണി സൂപ്പറാ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. മരതകം ആണ് അഞ്ജു അവസാനമായി അഭിനയിച്ച സിനിമ.


Click it and Unblock the Notifications











