കോസ്റ്റ്യൂം കാരണം ആ സിനിമകൾ ഒഴിവാക്കേണ്ടി വന്നു; ചേരാത്ത വസ്ത്രമാണെങ്കിൽ ബുദ്ധിമുട്ട് ആണെന്ന് തന്നെ പറയും: അനു
അന്യഭാഷ സിനിമകൾ അധികം ചെയ്യാത്തതിനെ കുറിച്ച് മനസ് തുറക്കുകയാണ് അനു സിത്താര
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിത്താര. ശാലീന സുന്ദരി ആയിട്ടൊക്കെയാണ് പലപ്പോഴും അനുവിനെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അനു സിത്താരയുടെ അരങ്ങേറ്റം.
പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ചെറിയ വേഷങ്ങളിൽ അനു അഭിനയിച്ചിരുന്നെങ്കിലും ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു നടി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ ഷാഹിന എന്ന കഥാപാത്രമായാണ് അനു എത്തിയത്. ഹാപ്പി വെഡിങ്ങിന് ശേഷം കൂടുതൽ അവസരങ്ങൾ അനുവിനെ തേടി എത്തുകയായിരുന്നു.

അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാൻസർ കൂടിയാണ് താരം. കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് അനു. കരിയറിൽ ഇതുവരെ ഏകദേശം 25 ലധികം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അതിൽ രാമൻറെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

എന്നാൽ ഇത്രയേറെ വർഷങ്ങൾ ആയെങ്കിലും ഇതുവരെ മൂന്ന് അന്യഭാഷ അനു അഭിനയിച്ചിട്ടുള്ളത്. അതും തമിഴിൽ. മറ്റു ഭാഷകളിൽ നിന്ന് അവസരം ലഭിക്കാഞ്ഞിട്ടല്ല, വന്ന അവസരങ്ങൾ വേണ്ടെന്ന് വെച്ചതാണെന്ന് പറയുകയാണ് അനു ഇപ്പോൾ. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട് താരം. പുതിയ ചിത്രമായ സന്തോഷത്തിന്റെ പ്രമോഷന്റെ ഭാഗമായി ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് അനു ഇക്കാര്യം പറഞ്ഞത്.

ഒരു സിനിമ തിരഞ്ഞെടുക്കുന്നതും വേണ്ടന്ന് വെയ്ക്കുന്നതിനും തന്റെ മാനദണ്ഡമെന്താണെന്ന് പറയുകയായിരുന്നു അനു സിത്താര. കഥാപാത്രം നോക്കിയാണ് താന്‍ എപ്പോഴും സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. അതിന് ചെറിയ വേഷമെന്നോ വലിയ വേഷമെന്നോ നോക്കാറില്ലെന്നും നായികയായ ശേഷവും സഹതാര വേഷങ്ങൾ ചെയ്തിട്ടുള്ള അനു പറഞ്ഞു.
സിനിമകള്‍ കൂടുതല്‍ ചെയ്യുക ലഭിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക, ഇത്ര മാത്രമായിരുന്നു ചെയ്തു കൊണ്ടിരുന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് വളരെ സന്തോഷം നിറഞ്ഞ കാര്യമാണെന്നും അനു പറയുന്നു. അനാര്‍ക്കലിയില്‍ വളരെ ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അത്തരം ചെറിയ കഥാപാത്രങ്ങളെ പോലും വിട്ടുകളയാത്തത് അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്ന ചിന്തകൊണ്ടാണെന്നും അനു കൂട്ടിച്ചേർത്തു.

അന്യ ഭാഷകളില്‍ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും അതൊന്നും ചെയ്യാതെ ഇരുന്നതിനെ കുറിച്ചും അനു സംസാരിക്കുന്നുണ്ട്. തെലുങ്കില്‍ നിന്നാണ് എനിക്ക് കൂടുതലും അവസരങ്ങള്‍ വന്നിട്ടുള്ളത്. പക്ഷേ അവർ പറയുന്ന കോസ്റ്റ്യൂം എനിക്ക് ധരിക്കാൻ കഴിയാത്തത് കൊണ്ട് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഒരു കഥ കേള്‍ക്കുമ്പോള്‍ ആദ്യം ആ കഥാപാത്രം എനിക്ക് ചേരുമോ എന്നാണ് ചിന്തിക്കാറുള്ളത്.

സംവിധായകൻ ഉദ്ദേശിക്കുന്ന തരത്തില്‍ അത് ചെയ്യാന്‍ പറ്റുമോ എന്നൊക്കെയാണ് ആദ്യം ചിന്തിക്കുക. കഥ നല്ലതാണെങ്കിലും അവര്‍ പറയുന്ന കോസ്റ്റ്യൂം ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ളപ്പോൾ ഞാന്‍ അത് പറയും. എനിക്ക് അത് ചേരില്ല, ബുദ്ധിമുട്ടാണ് എന്ന് പറയും. അതൊരിക്കലും എനിക്ക് ആ വേഷം ഇടുന്നതോ ഇഷ്ടമല്ലാത്തുകൊണ്ടോ അല്ല, മറിച്ച് അത് എനിക്ക് ചേരില്ല എന്ന് തോന്നുന്നതു കൊണ്ടാണ്.
ഞാനൊരു വസ്ത്രം ധരിക്കുമ്പോള്‍ അത് എനിക്ക് ചേരുന്നതാകണ്ടേ? ഞാന്‍ കണ്ണാടിയ്ക്ക് മുന്നില്‍ നോക്കുമ്പോള്‍ അത് എനിക്ക് തന്നെ ചേരുന്നതായി തോന്നണം. അങ്ങനെ തോന്നിയില്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് ക്യാമറയ്ക്ക് മുന്നില്‍ പോയി നില്‍ക്കുന്നത്. പിന്നീട് അത് ആ സംവിധായകന് കൂടി ബുദ്ധിമുട്ടാകും. അത്തരം സാഹചര്യങ്ങള്‍ വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ നോ പറയുന്നതെന്നും അനു പറഞ്ഞു.


Click it and Unblock the Notifications











