ദേശീയ പുരസ്‌കാരം കിട്ടി അടുത്ത ദിവസം എന്നോട് ചോദിക്കുന്നത് അതാണ്; ഉത്തരം മുട്ടിയ ചോദ്യത്തെക്കുറിച്ച് അപർണ
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ നടിയാണ് അപർണ ബാലമുരളി. വളരെ കുറച്ചു സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു അപർണയുടെ അരങ്ങേറ്റം. ഫഹദിന്റെ നായികയായി ഗംഭീര പ്രകടനം നടത്തിയ അപർണയെ തേടി പിന്നീട് കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു.
കഴിഞ്ഞ വർഷം സുരരൈ പൊട്ര് എന്ന സിനിമയിലൂടെ തമിഴിലും അപർണ അരങ്ങേറ്റം കുറിച്ചിരുന്നു. തമിഴ് സൂപ്പർ താരം സൂര്യയുടെ നായികയായിട്ടാണ് അപർണ തിളങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നടിയെ തേടി എത്തിയിരുന്നു. ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപർണ ചിത്രത്തിൽ അവതരിപ്പിച്ചത്.

'ഇനി ഉത്തരം' ആണ് അപർണയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അപർണ തന്നെയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ അപർണ പങ്കെടുത്തിരുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ അപർണയോട് ചോദിച്ച ചോദ്യവും അതിന് അപർണ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്നെ സ്റ്റാക്കാക്കിയ ഒരു ചോദ്യമുണ്ടെങ്കിൽ അത് ഏതാണെന്നായിരുന്നു അവതാരക അപർണയോട് ചോദിച്ചത്. അതിന് ദേശീയ പുരസ്‌കാരം കിട്ടിയതിന്റെ അടുത്ത ദിവസം നൽകിയ ഒരു അഭിമുഖത്തിൽ തന്നോട് തന്നോട് ചോദിച്ച ഒരു ചോദ്യമാണ് തന്നെ ഞെട്ടിച്ചത് എന്നാണ് അപർണ പറഞ്ഞാൽ. അപർണയുടെ വാക്കുകൾ ഇങ്ങനെ.

'നാഷണൽ അവാർഡ് കിട്ടിയതിന്റെ പിറ്റേദിവസം രാവിലെ തന്നെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. ഒരു എട്ട് മണിക്ക് തന്നെ വന്ന് അവർ ഇന്റർവ്യൂ എടുത്തു. അപ്പോഴാണ് മനസിലായത് റെക്കോഡിങ്ങാണ്, ഓക്കെ, കുഴപ്പമില്ല, നമുക്ക് തീർക്കാം എന്ന് ഞാൻ പറഞ്ഞു. കാരണം അതിന് ശേഷം എനിക്ക് ഷൂട്ടുണ്ടായിരുന്നു,'
'നാഷണൽ അവാർഡ് കിട്ടിയിരിക്കുന്ന സമയമാണ്. എന്റെ ലൈഫിലെ ഏറ്റവും വലിയ അംഗീകാരമായി ഞാൻ കാണുന്ന കാര്യമാണ് അത്. അങ്ങനെ ഇന്റർവ്യൂ തുടങ്ങി ആദ്യത്തെ കുറച്ച് ചോദ്യങ്ങളൊക്കെ കഴിഞ്ഞപ്പോൾ പുള്ളി എന്നോട് ചോദിച്ചത്, ആരോടെങ്കിലും ക്രഷുണ്ടോ എന്നാണ്,'

'ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ എന്നാണ് ഞാനപ്പോൾ ചിന്തിച്ചത്. ഇല്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ ഞാൻ കേട്ടിട്ടുണ്ടല്ലോ അങ്ങനെയെന്ന് പുള്ളി പറഞ്ഞു. എന്നാൽ നിങ്ങൾ തന്നെ പറ ആരാണെന്ന് എന്ന് ഞാൻ പറഞ്ഞു. എന്റെ ലൈഫിലെ ആ പോയിന്റിൽ ഒട്ടും പ്രാധാന്യമില്ലാത്ത കാര്യമാണ്. പുള്ളിക്കാരൻ ഇങ്ങനെയൊരു കാര്യം ചോദിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എങ്ങനെ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ പറ്റുന്നു. ഞാൻ അതൊക്കെ എങ്ങനെയെങ്കിലും പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുക,' അപർണ പറഞ്ഞു.
നേരത്തെയും നിലവാരമില്ലാത്ത ചോദ്യങ്ങളോട് അപർണ തന്റെ നിലപാട് അറിയിച്ചിരുന്നു. 'ചോദ്യം ചോദിക്കുന്നതിലല്ല പ്രശ്നം, ഒരു നിലവാരം സൂക്ഷിക്കണം. ചിലപ്പോൾ വളരെ മോശമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഉദാഹരണത്തിന്, എന്നോട് ആദ്യം ചോദിക്കുന്നത് ഇപ്പോൾ 27 വയസായില്ലേ, ആരോടെങ്കിലും പ്രേമമുണ്ടോ, ക്രഷുണ്ടോ എന്നൊക്കെയാണ്. ഇതൊന്നും അവർ അറിഞ്ഞിട്ട് കാര്യമില്ല. അവരല്ലല്ലോ എന്റെ കല്യാണം നടത്തുന്നത്,' എന്നാണ് ദേശാഭിമാനിക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ അപർണ പറഞ്ഞത്.


Click it and Unblock the Notifications











