അടി കിട്ടിയ അവന്‍ എഴുന്നേറ്റ് ഓടി; 25 ലക്ഷത്തിന്റെ കാര്‍ ഓഫര്‍ ചെയ്തത് പട്ടാമ്പിക്കാരന്‍; വെളിപ്പെടുത്തി അഷിക
സോഷ്യല്‍ മീഡിയയില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് അഷിക അശോകന്‍. തന്റെ അരങ്ങേറ്റ സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ അഷികയെ തേടി പുരസ്‌കാര നേട്ടവും എത്തിയിരുന്നു. നവാഗത നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരമായിരുന്നു അഷികയെ തേടിയെത്തിയത്. ഇപ്പോഴിതാ അഷികയുടെ ആദ്യത്തെ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ ദിവസം തനിക്കുണ്ടായൊരു ദുരനുഭവം അഷിക വെളിപ്പെടുത്തിയിരുന്നു. മിസ്സിങ് ഗേള്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ അഭിനയിക്കാന്‍ പോയ തമിഴ് സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവമാണ് താരം പങ്കുവെച്ചത്. 25 ലക്ഷത്തിന്റെ കാര്‍ വാഗ്ദാനം ചെയ്തുവെന്നും സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു അഷികയുടെ വെളിപ്പെടുത്തല്‍.

ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയ വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ് അഷിക. തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും താരം വിശദമായി സംസാരിക്കുന്നുണ്ട്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഷിക മനസ് തുറന്നത്.
സിനിമ എന്നത് ഒരു കരുവായിട്ട് ഉപയോഗിക്കുകയായിരുന്നുവെന്നാണ് അഷിക പറയുന്നത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ഒരാളല്ല. ഇന്‍ഡസ്ട്രിയില്‍ ഇത്ര ക്രൂരമനോഭാവമുള്ള ഒരാളുമില്ല. സിനിമ എന്ന് പറഞ്ഞാണ് തന്നെ ബന്ധപ്പെട്ടത്. സിനിമാ മോഹിയെന്ന നിലയില്‍ പിടിച്ചു നിര്‍ത്താന്‍ പറ്റുന്ന കാര്യം സിനിമയാണ്. അതൊരു കരുവാക്കി. പക്ഷെ പിന്നീട് അത് മനസിലാക്കിയെന്നും താരം പറയുന്നു.
തന്റെ നാട്ടില്‍ വച്ചാണ് അയാളെ കണ്ടത്. അമ്മയും കൂടെയുണ്ടായിരുന്നു. അന്ന് നല്ല സംസാരമായിരുന്നു. തനിക്ക് സിനിമയില്‍ ബന്ധങ്ങളില്ല. അതിനാല്‍ പറഞ്ഞു തരാന്‍ ആരുമില്ല. അമ്മയോടൊക്കെ വളരെ മാന്യമായിട്ടാണ് സംസാരിച്ചത്. പിന്നീടുള്ള ഘട്ടങ്ങൡലാണ് ഭാവ്യ വ്യത്യാസങ്ങള്‍ തോന്നി തുടങ്ങിയതെന്നാണ് അഷിക പറയുന്നത്.
മുഖത്ത് നോക്കി തന്നെ പറയുകയായിരുന്നുവെന്നാണ് താരം പറയുന്നത്. കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അങ്ങനെ കേട്ട് ശീലമില്ല. ആരോടും പറയുന്നതും കേട്ടിട്ടില്ല. സങ്കടം തോന്നി. ആദ്യം അവഗണിച്ചു. നോ പറഞ്ഞു. പിന്നൊരു ദിവസം താന്‍ സങ്കടം സഹിക്കാന്‍ പറ്റാതെ കാരവനില്‍ വച്ച് പൊട്ടിക്കരഞ്ഞു. കരഞ്ഞു കൊണ്ട് തന്നോട് ഇക്കാര്യം സംസാരിക്കരുത്, തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. സിനിമ സ്വപ്‌നമാണ്. അതിനെ ഇത്ര വിലകുറച്ച് കളയരുതെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.
എന്നാല്‍ അപ്പോഴും അയാളുടെ ഭാവം ഇതൊക്കെ എത്ര കണ്ടിരിക്കുന്നവെന്നായിരുന്നു. തനിക്ക് വിശ്വസിക്കാനായില്ല. ഇത്രയും നികൃഷ്ടമായി സംസാരിക്കുന്നവരുണ്ടല്ലോ എന്ന് ചിന്തിച്ചു പോയി. നിങ്ങളെ ഞാന്‍ സഹോദരനെ പോലെയാണെന്ന് കാണുന്നത് എന്ന് പറയുമ്പോള്‍ പോലും മനസലിവ് വരാത്തവര്‍ എന്ത് മനുഷ്യരാണെന്നും അഷിക ചോദിക്കുന്നുണ്ട്.
അയാളുടെ വീട് പട്ടാമ്പിയാണ്. കൊച്ചിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് താന്‍ മനസിലാക്കിയിട്ടുള്ളതെന്നും അഷിക പറയുന്നു. തന്റെ തമിഴ് സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു കാരവാനിലെ സംഭവമുണ്ടാകുന്നത്. ആ സിനിമയിലേക്ക് അവസരം കിട്ടിയത് അവര്‍ വഴിയായിരുന്നുവെന്നും അതിന് ശേഷമാണ് ഇയാള്‍ ഇത്തരം ഡിമാന്റുകള്‍ മുന്നോട്ട് വെക്കാന്‍ തുടങ്ങിയതെന്നും അഷിക പറയുന്നുണ്ട്.

തമിഴില്‍ അഭിനയിക്കാന്‍ പോകുന്നത് വരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം നടക്കുന്നത്. അന്ന് തനിക്ക് പരാതി നല്‍കാനായില്ല. അവിടെ വച്ചൊരു സീന്‍ ക്രിയേറ്റ് ചെയ്യുന്നത് സിനിമയെ ബാധിക്കുമെന്ന് കരുതിയെന്നും താരം പറയുന്നു. അതിനാല്‍ കഴിയുന്നത് വരെ പിടിച്ച് നിന്നു. പാക്കപ്പിന്റെ അവസാന ദിവസം വാക്ക് തര്‍ക്കമാവുകയും അവനെ പിടിച്ച് രണ്ടെണ്ണം കൊടുത്തുവെന്നും അഷിക പറയുന്നു.
താന്‍ അവഗണിച്ചതാണ്. എന്നാല്‍ പരിധി വിട്ട് പെരുമാറിയപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നാണ് അഷിക പറയുന്നത്. കൈയില്‍ കയറി പിടിച്ചുവെന്നും മേല്‍ തൊട്ട് സംസാരിക്കാന്‍ അവന്‍ ആരാണെന്നും താരം ചോദിക്കുന്നു. നോ എന്നാല്‍ നോ എന്നാണ്. താല്‍പര്യമില്ലെന്ന് താന്‍ വ്യക്തമാക്കിയതായിരുന്നുവെന്നും അഷിക പറയുന്നു.
താന്‍ നല്ല അടി തന്നെ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. അതോടെ സെറ്റിലുള്ളവരെല്ലാം കാര്യം അറിഞ്ഞുവെന്നും താരം പറഞ്ഞു. അതോടെ അയാള്‍ എഴുന്നേറ്റ് ഓടിയെന്നും പക്ഷെ എഡികള്‍ ഓടിച്ച് പിടിച്ച് തല്ലിയെന്നും പിന്നെ അവന്‍ വന്നിട്ടില്ലെന്നും താരം പറയുന്നു. സിയോണ്‍ ക്രിയേഷന്‍സ് എന്നാണ് അയാളുടെ ഏജന്‍സിയുടെ പേരെന്നും എന്നാല്‍ അവര്‍ക്ക് ഓഫീസൊന്നുമില്ലെന്നും താരം പറയുന്നു. സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ അനുഭവം തുറന്ന് പറഞ്ഞതെന്നും അഷിക പറയുന്നുണ്ട്.


Click it and Unblock the Notifications











