ക്ഷമ ചോദിച്ചത് ആ മനസിന്റെ വലിപ്പം; പൊന്നോമനയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ പേറുന്ന അച്ഛന്‍
നടന്‍ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചായിരുന്നു സംഭവം. മാധ്യമങ്ങളെ കാണുന്നതിനിടയില്‍ ചോദ്യം ചോദിച്ച വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ അനുവാദമില്ലാതെ പിടിക്കുകയായിരുന്നു സുരേഷ് ഗോപി. ആദ്യ തവണ തന്നെ മാധ്യമപ്രവര്‍ത്തക അതില്‍ അസ്വസ്ഥയായി കൈ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്‍ വീണ്ടും തോളില്‍ പിടിച്ചു. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തക നടന്റെ കൈകള്‍ എടുത്തു മാറ്റുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നടന്റെ ഈ പ്രവര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംഭവത്തില്‍ സുരേഷ് ഗോപിയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയെന്നതാണ് മാധ്യമ പ്രവര്‍ത്തകയുടെ തീരുമാനം. എന്നാല്‍ ഈ സംഭവത്തില്‍ നടനെ ന്യായീകരിച്ചും പിന്തുണ പ്രഖ്യാപിച്ചും ചിലര്‍ എത്തുന്നുണ്ട്. മിമിക്രി താരങ്ങളുടെ സംഘടനയായ മായും നടന്‍ ബാബുരാജുമുള്‍പ്പടെയുള്ളവര്‍ സുരേഷ് ഗോപിയെ പിന്തുണച്ചെത്തിയിരുന്നു.

ഇപ്പോഴിതാ നടി അശ്വതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സീരിയല്‍ രംഗത്തിലൂടെയാണ് അശ്വതി ശ്രദ്ധ നേടുന്നത്. താരം ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവാണ്. ബിഗ് ബോസ് കാലത്തുള്ള അശ്വതിയുടെ കുറിപ്പുകള്‍ ശ്രദ്ധ നേടാറുണ്ട്. സുരേഷ് ഗോപി നല്ല മനുഷ്യനും മനുഷ്യ സ്‌നേഹിയും ആണെന്നാണ് അശ്വതി പറയുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണഅടി അദ്ദേഹത്തെ ചെളി വാരി എറിയരുതെന്നും അശ്വതി കുറിപ്പില്‍ പറയുന്നുണ്ട്.
''ഒരു നല്ല മനുഷ്യന്‍. ഒരു നല്ല മനുഷ്യ സ്‌നേഹി. അകാലത്തില്‍ വിധി അടര്‍ത്തി മാറ്റിയ പൊന്നോമനയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ പേറുന്ന ഒരു നല്ല അച്ഛന്‍. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത്. തന്റെ പ്രവര്‍ത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പം. സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ വ്യക്തി ഹത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കുക. അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരം അല്ല'' എന്നാണ് അശ്വതിയുടെ കുറിപ്പില്‍ പറയുന്നത്.
അതേസമയം സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ക്കൊക്കെ അറിയാം സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ലെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. സുരേഷ് ഗോപിയെന്ന സിനിമാക്കാരനായിട്ടേ എനിക്ക് അദ്ദേഹത്തെ കാണാന്‍ പറ്റുള്ളൂവെന്നും അവര്‍ പറയുന്നു.

സുരേഷ് ഗോപി എന്ന വ്യക്തിയുടെ ഓരോ പ്രസ്താവനയ്ക്കും എതിരാണ് ഞാന്‍.പലപ്പോഴും ഞങ്ങള്‍ നേരിട്ട് കാണുമ്പോള്‍ അതിന്റെയൊക്കെ പേരില്‍ തര്‍ക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ വീഡിയോ കണ്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് പലപ്പോഴും അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതെന്നും അവര്‍ പറയുന്നു.
ആ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ സിനിമകയ്ക്കുള്ളിലെ സ്ത്രീകളോട് സംസാരിക്കുന്നത് പോലെ സൗഹൃദത്തോടെ അവരോട് സംസാരിച്ചുവെന്നാണ് തനിക്ക് തോന്നിയതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരന് ഒരു രാഷ്ട്രീയക്കാരന്റെ തഴക്കവും വഴക്കവും വന്നിട്ടില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അദ്ദേഹം ഞാന്‍ ബ്രാഹ്‌മണനായി ജനിക്കാന്‍ ആഗ്രഹിക്കുന്നുവെന്നൊക്കെയുള്ള പ്രസ്താവനകള്‍. അദ്ദേഹം ഒരു തെറ്റായ ചിന്ത മനസില്‍ വെച്ചല്ല പെരുമാറിയത് എന്നാണ് എനിക്ക് തോന്നിയതെന്നും അവര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications