മമ്മൂട്ടിയെ കുറിച്ച് ഗോസിപ്പ്! അദ്ദേഹം തന്നെ സമ്മതിക്കുമെന്ന് ദേവയാനി; അജിതിനെ ആദ്യമായി കണ്ടതിനെപ്പറ്റിയും നടി
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലൊക്കെ നിറഞ്ഞു നിന്ന നടിയാണ് ദേവയാനി. കൂടുതലും തമിഴ് സിനിമകളിലാണ് ദേവയാനി അഭിനയിച്ചത്. കുടുംബിനിയായ നായികാ വേഷങ്ങളാണ് ദേവയാനി തേടി എത്തിയിരുന്നത്. അതിനാൽ തന്നെ കുടുംബ പ്രേക്ഷകർക്കൊക്കെ ഏറെ പ്രിയങ്കരിയായിരുന്നു ദേവയാനി. സിനിമയ്ക്ക് പുറമെ സീരിയലുകളിൽ തിളങ്ങിയതും നടിയ്ക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകുകയായിരുന്നു.
തെന്നിന്ത്യൻ സിനിമകളിലാണ് തിളങ്ങിയതെങ്കിലും മുംബൈ സ്വദേശിനിയാണ് ദേവയാനി. നടിയുടെ അമ്മ മലയാളി പശ്ചാത്തലമുള്ള ആളായിരുന്നു. ബംഗാളി സിനിമയിലൂടെ ആയിരുന്നു ദേവയാനിയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലൂടെയാണ് ആദ്യമായി ദേവയാനി തെന്നിന്ത്യൻ ഭാഷ സിനിമകളുടെ ഭാഗമാകുന്നത്. കിന്നരിപ്പുഴയോരം ആയിരുന്നു ആദ്യ സിനിമ. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമായി.

തമിഴിൽ നിനൈത്തെയ്ൻ വന്തെയ്, നീ വരുവായ എന, തെനാലി, ഫ്രണ്ട്സ്, അനന്തം, മറുമലർച്ചി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായതോടെയാണ് ദേവയാനി ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ മരുമലർച്ചിയിൽ മമ്മൂട്ടി ആയിരുന്നു നായകൻ. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച ബാലേട്ടൻ ഉൾപ്പടെയുള്ള സിനിമയിലെ വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സുന്ദര പുരുഷൻ, നരൻ, ഒരു നാൾ വരും, തുടങ്ങിയ മലയാളം സിനിമകളിലൊക്കെ ദേവയാനി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലും തമിഴിലുമുള്ള മിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി ഉൾപ്പെടെയുള്ള തന്റെ സഹ പ്രവർത്തകരേക്കുറിച്ച് സംസാരിക്കുന്ന ദേവയാനിയുടെ അഭിമുഖം ശ്രദ്ധ നേടുകയാണ്. നടി സുഹാസിനി അവതാരകയായിട്ടുള്ള സൈൻ ഉലകം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവയാനി. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാർ തുടങ്ങി ഒരുപിടി സഹ പ്രവർത്തകരേ കുറിച്ചാണ് ദേവയാനി സംസാരിക്കുന്നത്.
അഭിമുഖത്തിനിടെ ഒരു പ്രത്യേക സെഗ്മെന്റിലാണ് ഇവരെ കുറിച്ച് സംസാരിച്ചത്. മേശപ്പുറത്തുവെച്ച ചില ഫോട്ടോകൾ എടുക്കാൻ ദേവയാനിയോട് സുഹാസിനി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ ആദ്യം തിരഞ്ഞെടുത്ത ചിത്രം നടൻ അജിത്തിന്റെ ആയിരുന്നു. തങ്ങൾക്കൊന്നും അറിയാത്ത ഒരു കാര്യം, ഗോസിപ്പ് പോലെ എന്തെങ്കിലും പറയണമെന്നായിരുന്നു സുഹാസിനി താരത്തോട് ആവശ്യപ്പെട്ടത്. അജിത്തിനെ ആദ്യമായി കണ്ടതിനെ കുറിച്ചാണ് ദേവയാനി പറഞ്ഞത്.
കല്ലൂരി വാസൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഊട്ടിയിൽ വെച്ചാണ് അജിത്തിനെ ആദ്യമായി കണ്ടതെന്ന് ദേവയാനി പറഞ്ഞു. 'കാണാനും കൊള്ളാം, ഹിന്ദിയും ഇംഗ്ലീഷുമെല്ലാം നന്നായി സംസാരിക്കുന്നു. ഇയാൾ കൊള്ളാലോ' എന്നായിരുന്നു അന്ന് മനസ്സിൽ തോന്നിയത് എന്ന് ദേവയാനി പറഞ്ഞു. ബൈക്കുകളോടുള്ള ഇഷ്ടത്തേക്കുറിച്ചെല്ലാം പറഞ്ഞെന്നും ദേവയാനി പറഞ്ഞു.

മമ്മൂട്ടി സാറിനെ കാണാൻ ഇപ്പോഴും നല്ല ഭംഗി ആണെന്നും ഇതിനിടെ ദേവയാനി പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ സുന്ദരൻ എന്ന് ചോദിച്ചപ്പോൾ രണ്ടുപേരും എന്നായിരുന്നു ദേവയാനിയുടെ മറുപടി. എന്നാലും ഒരുപടി മുന്നിൽ നിൽക്കുന്നത് മമ്മൂട്ടിയാണെന്നും നടി കൂട്ടിച്ചേർത്തു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താൻ മമ്മൂട്ടിയോട് പറയുമെന്നും സുഹാസിനി പറഞ്ഞപ്പോൾ താൻ പറഞ്ഞ കാര്യം അദ്ദേഹം സമ്മതിക്കുമെന്ന് ആയിരുന്നു ദേവയാനിയുടെ മറുപടി.
ജയറാമിന്റെ ചിത്രം കണ്ട് നല്ല തമാശക്കാരനാണ് ജയറാമെന്നാണ് ദേവയാനി പറഞ്ഞത്. പൊന്നിയിൻ സെൽവനിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഒരിക്കലും മറക്കില്ലെന്നും നടി പറഞ്ഞു. അതേസമയം, ഇപ്പോൾ സിനിമകളിലും സീരിയലുകളിലും ഒന്നും അത്ര സജീവമല്ല ദേവയാനി. സ്വന്തമായി കൃഷികളും മറ്റുമൊക്കെ താരം ചെയ്യുന്നുണ്ട് എന്നാണ് വിവരം.


Click it and Unblock the Notifications