നടിയുടെ അടുത്ത് ഞാന്‍ ഇരിക്കില്ല! തട്ടരുതെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ദേഷ്യപ്പെട്ടു; നടന്നത് പറഞ്ഞ് ദിവ്യപ്രഭ
കഴിഞ്ഞ ദിവസം വിമാനത്തില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം നടി ദിവ്യ പ്രഭ പങ്കുവച്ചിരുന്നു. അടുത്തിരുന്ന വ്യക്തിയില്‍ നിന്നുമാണ് ദിവ്യ പ്രഭയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ പ്രഭ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ദിവ്യ പ്രഭയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''കഴിഞ്ഞ ദിവസം വിമാനത്തില്‍ വച്ചുണ്ടായ മോശം അനുഭവം ഞാന്‍ പങ്കുവച്ചിരുന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടപ്പോള്‍ എന്റെ ഭാഗത്തു നിന്നും വ്യക്തത വരുത്തണം എന്നു കരുതി. എന്റെ സീറ്റ് നമ്പര്‍ 12 എ ആയിരുന്നു. അത് വിന്‍ഡോ സീറ്റായിരുന്നു. അവിടെ എത്തിയപ്പോള്‍ എന്റെ സീറ്റില്‍ എത്താന്‍ പറ്റാത്ത രീതിയില്‍ അയാള്‍ അവിടെ നില്‍ക്കുകയായിരുന്നു. ഒന്ന് മാറി തന്നാല്‍ എനിക്ക് ഇരിക്കാമെന്ന് ഞാന്‍ പറഞ്ഞു. അയാളെ കണ്ടപ്പോള്‍ തന്നെ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. വളരെ മോശം ലുക്കും ആംഗ്യവുമൊക്കെയായിരുന്നു അയാളുടേത്.'' ദിവ്യ പ്രഭ പറയുന്നു.

''പല പ്രാവശ്യം പറഞ്ഞ് മനസിലാക്കേണ്ടി വന്നു എന്റെ സീറ്റിലേക്ക് കയറിയിരിക്കാന്‍. അത് കഴിഞ്ഞ് അയാള്‍ എന്റെ അടുത്ത് 12 ബിയില്‍ ഇരുന്നു. അയാള്‍ ശരിയായിട്ടല്ല ഇരുന്നിരുന്നത്. അതിനാല്‍ എനിക്കും ശരിയായി ഇരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അതിന് ശേഷം ഇയാള്‍ എന്റെ പേരും ജോലിയും ചോദിച്ചു. പിന്നെ ഗൂഗിളില്‍ എന്റെ പേരടിച്ചു നോക്കി എന്റെ ഫോട്ടോ കണ്ടെത്തി. അത് കാണിച്ച് ഇതു പോലെയല്ലല്ലോ കാണാന്‍ എന്ന് എന്നോട് ചോദിച്ചു''.
''സിനിമാ നടിയാണെന്ന് മനസിലായപ്പോള്‍ അടുത്തിരിക്കുന്ന സുഹൃത്തിനോട് പരിഹസിക്കുന്ന തരത്തില്‍, അപമാനിക്കുന്ന തരത്തില്‍, വലിയ നടിയാണല്ലോ നീ വേണമെങ്കില്‍ ഇവിടെ ഇരുന്നോ ഞാന്‍ അപ്പുറത്ത് ഇരിക്കാം, നടിയൂടെ അടുത്തൊക്കെ ഞാന്‍ ഇരിക്കണമോ എന്നൊക്കെ അയാള്‍ സംസാരിച്ചു. എന്നേയും എന്റെ പ്രൊഫഷനേയും അപമാനിച്ചത് പോലെ എനിക്ക് തോന്നി''.
''അയാള്‍ മര്യാദയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നില്ല. തന്റെ സുഹൃത്തിനോട് സംസാരിക്കുമ്പോഴും എന്റെ ദേഹത്തേക്ക് ചാങ്ങാണ് ഇരുന്നിരുന്നത്. എന്റെ ശരീരത്തില്‍ തട്ടിയിരുന്നു. ആദ്യത്തെ തവണ തട്ടിയപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. രണ്ടാമതും തട്ടിയപ്പോള്‍ മര്യാദയ്ക്ക് ഇരിക്കണമെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ അയാള്‍ ശബ്ദമുയര്‍ത്തി. ഇവളെ ഞാന്‍ തൊട്ടിട്ടില്ല എന്നൊക്കെ പറഞ്ഞു. വളരെ മോശമായാണ് സംസാരിച്ചത്. ഇതോടെ എനിക്ക് എന്റെ സീറ്റില്‍ സ്വസ്ഥമായി ഇരിക്കാനായില്ല''.
''അപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് പോയി എയര്‍ഹോസ്റ്റസിനോട് കാര്യം പറയുന്നത്. അയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. സ്റ്റാഫ് വരികയും മൂന്നാലഞ്ച് റോ മുമ്പിലുള്ള മിഡില്‍ സീറ്റ് എനിക്ക് തന്നു. എനിക്ക് അവിടെ നിന്നും മാറേണ്ടി വന്നു. പിന്നീട് എനിക്കൊരു സമാധാനം ഉണ്ടായിട്ടില്ല. എല്ലാ ആള്‍ക്കാരേയും പോലെ, നമ്മളുടെ സീറ്റില്‍ കംഫര്‍ട്ടബിള്‍ ആയിട്ട് ഇരുന്ന് പോകാനുള്ള അവകാശം എനിക്കുമുണ്ട്. അയാള്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്ത എന്നെയാണ് ആ സീറ്റില്‍ നിന്നും മാറ്റിയിരുത്തിയത്. അതെനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി''.
''ലാന്റ് ചെയ്ത ശേഷം പരാതിപ്പൊടമെന്ന് കരുതി. അയാള്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിരുന്നില്ല. അയാള്‍ ആ സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ തന്നെ ഒരു ഓഫീസറോട് കാര്യം പറഞ്ഞു. ഇതിനിടെ അയാളുടെ സുഹൃത്തുക്കള്‍ വരികയും മാപ്പ് പറയുകയും ചെയ്തു. അയാള്‍ മദ്യപിച്ചിരുന്നുവെന്നും പറഞ്ഞു. അയാളുടെ സീറ്റ് വേറെയാണെന്നും അവര്‍ പറഞ്ഞു'' എന്നും താരം പറയുന്നു.
തുടര്‍ന്ന് ഞാന്‍ എയര്‍ ഇന്ത്യയുടെ സ്റ്റാഫിന്റെ അടുത്തെത്തി. കാര്യം പറപ്പോള്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ പോയി പരാതിപ്പെടാന്‍ പറഞ്ഞു. അവരെ കണ്ടപ്പോള്‍ പരാതി മെയില്‍ ചെയ്യാന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ആളുകള്‍ അയാളെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞാന്‍ പരാതിയുമായി പോകില്ലായിരുന്നു. പക്ഷെ അവരുടെ ഭാഗത്തു നിന്നുമുണ്ടായ ഉത്തരവാദിത്തമില്ലായ്മയാണ് പരാതി കൊടുക്കണം എന്ന് ഞാന്‍ ചിന്തിക്കാന്‍ കാരണം.

വീട്ടിലെത്തിയ ശേഷം പരാതികള്‍ അയക്കുകയും പോസ്റ്റിടുകയും ചെയ്തു. പിറ്റേദിവസം തന്നെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പ്രതികരണം ലഭിച്ചു. ഞാന്‍ എന്റെ മൊഴി അവര്‍ക്ക് നല്‍കുകയും ചെയ്തു. ഉടനെ തന്നെ അവരുടെ തുടര്‍നടപടി എന്താണെന്ന് അറിയാനാകും. എയര്‍ ഇന്ത്യ എങ്ങനെയാണ് പരാതിയെ സമീപിക്കുന്നതെന്നും എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും അറിയില്ല. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ഇതുവരേയും അവര്‍ പ്രതികരിച്ചിട്ടില്ല.
സ്ഥിരമായി യാത്ര ചെയ്യുന്നവരാണ്. അപരിചിതരായ ആളുകളോട് പെരുമാറുമ്പോള്‍ ഒരു പരിധിയുണ്ട്. അത് ഇവിടെ ലംഘിക്കപ്പെട്ടു. ആ പരിധി എവിടെ വരെയുണ്ടെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കണം. എന്റെ സഹയാത്രികന്‍ അത് മറി കടന്നതു കൊണ്ടാണ് എനിക്ക് പരാതിപ്പെടേണ്ടി വന്നത്. പിന്തുണച്ച എല്ലാവര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദിയെന്ന് പറഞ്ഞാണ് ദിവ്യ പ്രഭ വീഡിയോ അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











