നയൻതാരയെ പോലെ ആവണം, തലൈവി എന്നൊക്കെ പറയണം; അക്കാര്യം എന്തായാലും നടക്കും!: ഗായത്രി സുരേഷ്
മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഗായത്രി സുരേഷ്. മിസ് കേരളയായി സിനിമയിലേക്ക് എത്തിയ താരമാണ് ഗായത്രി. കുഞ്ചാക്കോ ബോബൻ നായകനായ ജംനപ്യാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലും ആയി നിരവധി സിനിമകളിൽ ഗായത്രി സുരേഷ് അഭിനയിച്ചു.
സിനിമയിലേതിനേക്കാൾ അഭിമുഖങ്ങളിലൂടെയാണ് ഗായത്രി പ്രേക്ഷക ശ്രദ്ധനേടിയിട്ടുള്ളത് എന്ന് വേണമെങ്കിൽ പറയാം. തൃശൂർക്കാരിയായ ഗായത്രിയുടെ ആ സ്ലാങിലെ സംസാരവും മറ്റും പലപ്പോഴും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

ഒപ്പം, മറയില്ലാതെ എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന ഗായത്രിയുടെ സ്വഭാവവും ശ്രദ്ധ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. മിക്കപ്പോഴും ഓരോ അഭിമുഖങ്ങൾക്ക് ശേഷവും ട്രോളുകള്‍ക്ക് ഇരയായി മാറാറുമുണ്ട് ഗായത്രി. ഗായത്രി നടത്തുന്ന ചില പരാമർശങ്ങളാണ് ട്രോളുകൾക്ക് കാരണമായിട്ടുള്ളത്.
ഗായത്രിയുടെ സംസാരത്തിലെ നിഷ്കളങ്കതയും പലരും മുതലെടുത്തിട്ടുണ്ട്. പലപ്പോഴും തനിക്കെതിരെ ഉണ്ടാകുന്ന സൈബർ പരിഹാസങ്ങളോടും ആക്രമങ്ങളോടും നടി പ്രതികരിച്ചിട്ടുണ്ട്. ആദ്യമൊക്കെ തന്നെ ഇത് ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ അതൊന്നും തന്നെ ബാധിക്കുന്നിലെന്നാണ് നടി ഒരിക്കൽ പറഞ്ഞത്.

ഇപ്പോഴിതാ, ഗായത്രി മറ്റൊരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. നയൻതാരയെ പോലൊരു നടി ആവണമെന്ന ആഗ്രഹമാണ് നടി ഗായത്രി സുരേഷ് പങ്കുവച്ചിരിക്കുന്നത്. ഉടനെ ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ടെന്നും കല്യാണരാമൻ സിനിമയുടെ ഒരു ഫീമെയിൽ വേർഷൻ എടുക്കാൻ ആണ് ആഗ്രഹമെന്നുമാണ് ഗായത്രി പറഞ്ഞിരിക്കുന്നത്. നടിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'നയൻതാരയെ പോലൊരു നടി ആവണം എന്നതാണ് എന്റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആവണം. അതുപോലെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് ചെറുപ്പം മുതലേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് എന്തായാലും നടക്കും,'

'ഞാൻ സിനിമ ചെയ്യുമ്പോൾ എന്റെ ആഗ്രഹം കല്യാണരാമൻ പോലെ ഒരു ഫീമെയിൽ വേർഷൻ എടുക്കണം എന്നാണ്. ഫീമെയിൽ ഓറിയന്റഡ് സിനിമകൾ പലപ്പോഴും സ്ത്രീകൾ ബുദ്ധിമുട്ടുന്നത് ആയിട്ടാണ്,'
'എന്നാൽ അതുപോലെ സീരിയസ് റോളുകൾ അല്ലാതെ കല്യാണരാമൻ, പാണ്ടിപ്പട പോലെയുള്ള സിനിമകളുടെ ഫീമെയിൽ വേർഷൻ എനിക്ക് എടുക്കണം. ഞാൻ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു,' ഗായത്രി പറഞ്ഞു.

നേരത്തെ ഒരു അഭിമുഖത്തിൽ ഗംഗുഭായ് കത്ത്യാവാടി എന്ന സിനിമയിലെ ആലിയ ഭട്ടിന്റെ വേഷവും അതുപോലെ പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിലെ കല്യാണിയുടെ വേഷം ചെയ്യണമെന്നും തനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട് ഗായത്രി പറഞ്ഞിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ നായകനായ ജംനാപ്യാരിക്ക് ശേഷം, കരിങ്കുന്നം സിക്സസ്, ഒരേമുഖം, ഒരു മെക്സിക്കൻ അപരത, സഖാവ് തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ ഗായത്രി അഭിനയിച്ചിരുന്നു. എന്നാൽ ഒരു സിനിമയിലും അത്ര തിളങ്ങാൻ ഗായത്രിക്ക് സാധിച്ചില്ല.
അതിനിടെ തെലുങ്കിൽ നിന്നടക്കം അവസരങ്ങൾ എത്തിയതോടെ നടി പതിയെ അന്യഭാഷകളിലേക്ക് മാറുകയായിരുന്നു. എങ്കിലും അവിടെയും ശ്രദ്ധയ വേഷങ്ങൾ ഒന്നും നടിക്ക് ലഭിച്ചിട്ടില്ല. ഗാന്ധർവ എന്ന തെലുഗ് സിനിമയിലാണ് ഗായത്രി അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications