ലൈംഗിക അതിക്രമം: സിദ്ധീഖിനെതിരെ പരാതി നല്‍കി രേവതി സമ്പത്ത്; പരാതികള്‍ തുടരുന്നു
നടന്‍ സിദ്ധീഖിനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നല്‍കി യുവ നടി രേവതി സമ്പത്ത്. പൊലീസ് മേധാവിയ്ക്ക് ഇ-മെയില്‍ വഴിയാണ് രേവതി സമ്പത്ത് പരാതി നല്‍കിയിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നതായിരിക്കും. നേരത്തെ രേവതിയുടെ ആരോപണത്തിന് പിന്നാലെ സിദ്ധീഖ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു.
നേരത്തെ രേവതിയ്‌ക്കെതിരെ സിദ്ധീഖ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരെയുള്ള രേവതിയുടെ ആരോപണത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നായിരുന്നു സിദ്ധീഖിന്റെ പരാതി. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നതായിരുന്നു സിദ്ധീഖ് പരാതിയില്‍ ചൂണ്ടിക്കാണിച്ച കാര്യം.

അതേസമയം ആരോപണത്തെ പരാതിയിലേക്ക് എത്തിക്കാനില്ലെന്നായിരുന്നു നേരത്തെ രേവതി പറഞ്ഞിരുന്നത്. നീതി ലഭിക്കുമെന്ന് സര്‍ക്കാരില്‍ നിന്നും ഉറപ്പ് ലഭിക്കണമെന്നായിരുന്നു രേവതി പറഞ്ഞത്. സിദ്ധീഖിനെതിരെ തന്റെ പക്കല്‍ തെളിവുണ്ടെന്നും ആലോചിച്ച ശേഷം പരാതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നുമായിരുന്നു രേവതി പറഞ്ഞത്. പിന്നാലെയായിരുന്നു നടിക്കെതിരെ സിദ്ധീഖ് പരാതി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു രേവതി സിദ്ധീഖിനെതിരെ ആരോപണവുമായെത്തുന്നത്. നേരത്തെ 2019 ല്‍ തന്നെ രേവതി സിദ്ധീഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നതാണ് എന്നതും ശ്രദ്ധേയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അമ്മ നടത്തിയ പത്ര സമ്മേളനത്തില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന് സിദ്ധീഖ് പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു രേവതി മാധ്യമങ്ങളിലൂടെ താരത്തിനെതിരെ രംഗത്തെത്തിയത്.
തുടര്‍ന്നാണ് സിദ്ധീഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകണമെങ്കില്‍ തനിക്കുള്ള ആശങ്ക രേവതി പങ്കുവച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘവുമായി രേവതി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. നാളെ രേവതിയുടെ മൊഴിയെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ സിദ്ധീഖിനെതിരെ കേസ് ചാര്‍ജ് ചെയ്യും.
ഹേമ്മ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയാകെ ആടിയുലഞ്ഞിരിക്കുകയാണ്. നടന്മാരായ സിദ്ധീഖ്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ, റിയാസ് ഖാന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ നിരവധി നടിമാരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ നടി മിനു മുനീര്‍ പരാതി നല്‍കിയിരുന്നു. പ്രേത്യക അന്വേഷണ സംഘത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തു നിന്നും രാജിവച്ചിരുന്നു. പിന്നാലെ നടി രഞ്ജിത്തിനെതിരെ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. രഞ്ജിത്തിന് പുറമെ സംവിധായകരായ തുളസീദാസ്, വികെ പ്രകാശ് തുടങ്ങിയവര്‍ക്കെതിരേയും ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വികെ പ്രകാശിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ജുബിത, മിനു മുനീര്‍ എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഇടവേള ബാബു. ഗൂഢാലോചന ആരോപിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിയോഗിച്ച പുതിയ അന്വേഷണ സംഘത്തിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications











