നിങ്ങള്‍ കാണിക്കുന്നത് പുരുഷാധിപത്യം! രാത്രി ഗൗരി കിഷനും പോലീസുകാരും തമ്മില്‍ വാക്കുതര്‍ക്കം
തമിഴിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിലും പിന്നീട് മലയാളികള്‍ക്കും സുപരിചതിയായ മാറിയ നടിയാണ് ഗൗരി ജി കിഷന്‍. മലയാളിയായ ഗൗരി താരമാകുന്നത് 96 എന്ന ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചതാണ്. അന്ന് മുതല്‍ സിനിമാ പ്രേമികളുടെ ജാനുവാണ് ഗൗരി. പിന്നീട് അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തില്‍ നായികയായി എത്തുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഗൗരി.
ഇതിനിടെ ഇപ്പോഴിതാ ഗൗരിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഗൗരിയും പോലീസുകാരും തമ്മില്‍ നടന്ന വാക്ക് പോരിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. നടിയും സുഹൃത്തായ നടനും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്.

ഗൗരി കിഷന്‍ നായികയാകുന്ന പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകന്‍ ഷെര്‍ഷ ഷെരീഫ് ആണ് കാറില്‍ നടിയോടൊപ്പമുണ്ടായിരുന്നു. ഗൗരിയും ഷെര്‍ഷയും സഞ്ചരിച്ച വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി തീര്‍ന്നതിന്റെ പേരിലാണ് താരവും പോലീസും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്. കാലാവധി തീര്‍ന്ന കാര്യം താന്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ രാത്രി ഒരു പുരുഷനൊപ്പം യാത്ര ചെയ്യുമ്പോള്‍ ഇങ്ങനെയാണ് പെരുമാറുന്നതെന്നാണ് ഗൗരി പോലീസിനോട് ചോദിക്കുന്നത്.
രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താല്‍ തന്നെ അപമാനിക്കുന്ന പ്രവണത നല്ലതല്ലെന്ന് ഗൗരി പറയുന്നുണ്ട്. താരവും പോലീസുകാരും തമ്മില്‍ വളരെ രൂക്ഷമായ രീതിയില്‍ തന്നെ വാക് പോര്് നടക്കുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വീഡിയോയുടെ ഒടുവില്‍ ഗൗരി കരയുന്നതും കാണാം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
''രാത്രി പതിനൊന്ന് മണിക്ക് ഒരു സ്ത്രീയുമായി പുറത്തു പോയി എന്നുകരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങള്‍ സംസാരിക്കുന്നത്? എന്നെ ടാര്‍ഗറ്റ് ചെയ്ത് ഒരു തരം പുരുഷാധിപത്യ സ്വഭാവമാണ് നിങ്ങള്‍ കാണിക്കുന്നത്. ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത് എന്നാണ് എന്റെ പ്രാര്‍ഥന'' എന്നാണ് താരം പറയുന്നത്.

ഞാന്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കുട്ടിയാണ്. എനിക്ക് നിങ്ങള്‍ ആണുങ്ങളുടെ അത്ര എന്താണെന്ന് വച്ചാല്‍ ഇല്ലായിരിക്കും. എനിക്ക് തെറ്റ് മനസ്സിലാക്കാന്‍ കുറച്ചു താമസം വന്നു അതാണ് ഈ കാര്യം ഇത്രയും വഷളായത്. ആര്‍സി ബുക്കിന്റെ ഡേറ്റ് തീര്‍ന്നു എന്നുള്ളത് ഞങ്ങള്‍ ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു. അതിന്റെ ഫൈന്‍ അടക്കാന്‍ തയാറാണ്.'' എന്നും താരം വ്യക്തമാക്കുന്നുണ്ട്.
അതേസമയം വീഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ താരവും പോലീസും തമ്മില്‍ നടന്ന വാക്കുതര്‍ക്കം തന്നെയാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്. 'ലിറ്റില്‍ മിസ് റാവുത്തര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണിതെന്നും സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള പ്രാങ്ക് ആണിതെന്നും സൂചനകളുണ്ട്. എന്നാല്‍ വീഡിയോ വൈറലായി ഇതുവരെയായിട്ടും താരങ്ങളോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.


Click it and Unblock the Notifications











