ഏതെങ്കിലും അമ്മമാർ അങ്ങനെ ചെയ്യുമോ? പേടികാരണം ഒരു ടാറ്റൂ പോലും ചെയ്യാൻ കഴിഞ്ഞിട്ടില്ല; പ്രതികരിച്ച് ഹൻസിക!
തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഹൻസിക മോട്‍വാനി. ബാലതാരമായി സിനിമയിൽ എത്തിയതാണ് ഹൻസിക. ഹിന്ദി സിനിമകളിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. മൂന്ന് നാല് വർഷങ്ങൾക്കപ്പുറം ഒരു തെലുങ്ക് സിനിമയിലൂടെ ഹൻസിക നായികയുമായി. പിന്നീട് പതിയെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ നടി സിനിമയിൽ സജീവമാവുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റെതായ ഇടം നേടിയെടുക്കാൻ ഹൻസികയ്ക്ക് കഴിഞ്ഞു. ഗ്ലാമറസ് റോളുകളിലായിരുന്ന നടി കൂടുതലും അഭിനയിച്ചത്.
അതേസമയം, ഹിന്ദിയിൽ നിന്ന് കാര്യമായ അവസരങ്ങൾ നടിക്ക് ലഭിച്ചിരുന്നില്ല. അടുത്തിടെ ഹൻസികയുടെ വിവാഹവും കഴിഞ്ഞിരുന്നു. ബിസിനസുകാരനായ സൊഹൈൽ കാട്ടൂരിയയെ ആണ് നടി വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവരുടെ വിവാഹം. ഇടയ്ക്ക് സിനിമകളിൽ അത്ര സജീവമല്ലാതിരുന്ന ഹൻസിക വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് നിരവധി സിനിമകൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം, ഹൻസികയുടെ കരിയറിൽ ഉടനീളം കേട്ട ഒരു ഗോസ്സിപ്പായിരുന്നു, കുട്ടിക്കാലത്ത് തന്നെ താരത്തിന്റെ വളർച്ച വർധിപ്പിക്കുന്നതിനായി ഹോർമോൺ കുത്തിവെപ്പുകൾ നടത്തിയെന്നത്. 2003 ൽ ബാലതാരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ഹൻസിക 2007 ൽ നായിക നടിയായി മാറിയതിന് പിന്നാലെ ആയിരുന്നു ഈ അഭ്യൂഹം. ഹൻസികയുടെ കരിയറിൽ ഉടനീളം ഈ ഗോസിപ്പ് തുടർന്നിരുന്നു. നടിയുടെ അമ്മ ഒരു ഡെർമറ്റോളജിസ്റ്റ് ആണെന്നതും ഈ ഗോസിപ്പിന്റെ ആക്കം കൂട്ടി.
എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ഹൻസിക ഈ ഗോസിപ്പിനോട് പ്രതികരിക്കുകയുണ്ടായി. തനിക്ക് ശരിക്കും സൂചി പേടിയാണെന്നും ഒരു ടാറ്റൂ കുത്താനുള്ള ധൈര്യം പോലും തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നുമാണ് ഹൻസിക പറഞ്ഞത്. ഹൻസികയുടെ അമ്മയും ഇതേ കുറിച്ച് സംസാരിച്ചിരുന്നു. ആദ്യ വർഷങ്ങളിൽ ഇത് തങ്ങളെ വളരെയധികം വേദനിപ്പിച്ചിരുന്നു എന്നായിരുന്നു അമ്മ പറഞ്ഞത്. ബോളിവുഡ് ബബിളിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഇത്.
'ഹൻസികയ്ക്ക് വളർച്ചയ്ക്കായി കുത്തിവയ്പ്പ് നൽകിയെന്ന് പലരും ആരോപിച്ചു. എന്താണ് ആ കുത്തിവയ്പ്പ്? എന്നോട് പറയൂ, അങ്ങനെയെങ്കിൽ ഞാൻ ടാറ്റയേക്കാളും ബിർളയേക്കാളും സമ്പന്നയാകും. ഏത് അമ്മയ്ക്കാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുക? നിങ്ങൾ പറയൂ. ഇനി അങ്ങനെ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു കുത്തിവയ്പ്പ് ഉണ്ടോ? ആരോ എവിടെയോ ഇരുന്ന് എന്തോ എഴുതി വിടുന്നതാണ്. ആരോ അതിന് പണം നൽകുന്നു. അത് ആരാണെന്നോ എന്താണെന്നോ ഞങ്ങൾക്ക് അറിയില്ല,' അമ്മ മോന പറഞ്ഞു.
സെലിബ്രിറ്റി എന്ന നിലയിൽ ഇതൊക്കെ അതിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്ന് ഹൻസികയും പറഞ്ഞു. 'സോഷ്യൽ മീഡിയ സജീവമാകുന്നതിന് മുൻപ് ആയിരുന്നതിനാൽ ഇതേ കുറിച്ച് അറിഞ്ഞിരുന്നില്ല. വിവാഹ വിശേഷങ്ങൾ പങ്കുവച്ച് തുടങ്ങിയതിന് പിന്നാലെയാണ് ഈ ആരോപണങ്ങളും ഗോസിപ്പുകളും വീണ്ടും ഉയർന്നു വന്നത്', എന്നും ഹൻസിക പറഞ്ഞു.

'ഞങ്ങൾ അത് മറച്ചുവയ്ക്കാനൊന്നും പോകുന്നില്ല, കാരണം അതിൽ സത്യമില്ല. ഇന്നുവരെ, എനിക്ക് ഒരു കുത്തിവയ്പ്പ് എടുക്കാൻ ധൈര്യം വന്നിട്ടില്ല. സൂചി പേടിയുള്ളതിനാൽ എനിക്കൊരു ടാറ്റൂ പോലും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒരു അമ്മ അങ്ങനെ ചെയ്യുമോ? എന്റെ വളർച്ചയിൽ ആളുകൾക്ക് അസൂയ ഉണ്ടെന്നത് വ്യക്തമാണ്. ഞാൻ എവിടെയോ എന്തോ ശരിയായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ആണ് ആളുകൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. പറഞ്ഞു കൊണ്ടേ ഇരിക്കൂ,' എന്ന് ഹൻസിക പറയുന്നു.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം മഹാ എന്നൊരു ചിത്രം ഹൻസികയുടേതായി പുറത്തിറങ്ങിയിരുന്നു. ഇനി തമിഴിലും തെലുങ്കിലുമായി ഏകദേശം ഏഴ് സിനിമകളാണ് ഹൻസികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ശക്തമായ തിരിച്ചുവരവിനാണ് ഹൻസിക തയ്യാറെടുക്കുന്നത്.


Click it and Unblock the Notifications