ഒരു സ്ലീവ്‌ലെസ് ടോപ്പിടാൻ പോലും പേടി! എന്റെ അറിവില്ലായ്മയായിരുന്നു അത്; ഇന്ന് ഒരുപാട് മാറി: ഹണി റോസ്
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി ഹണി റോസ്. 2005ൽ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണിയുടെ അരങ്ങേറ്റം. ആ യാത്ര ഇപ്പോൾ പതിനെട്ടാം വർഷത്തിൽ എത്തിനിൽക്കുകയാണ്. അതിനിടെ മലയാളത്തിന് പുറമെ ഇതര ഭാഷകളിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും താരമാണ് ഹണി റോസ്.
ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരത്തിന്റെ ഫാഷൻ സെൻസിന് ആരാധകർ ഏറെയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന നടിയായിട്ടാണ് ഹണിയെ ഇപ്പോൾ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം ട്രോളുകയും ചെയ്യാറുണ്ട്. ഒരുപാട് ബോഡി ഷേമിങ് കമന്റുകളും താരത്തിന് കേൾക്കേണ്ടി വരാറുണ്ട്.

എങ്കിലും പോസിറ്റീവായി തന്നെ മുന്നോട്ട് പോവുകയാണ് ഹണി റോസ്. അടുത്തകാലത്തായാണ് ഹണി റോസ് ശക്തമായ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ നൽകി തുടങ്ങിയത്. ഓരോ തവണയും ഏറ്റവും മനോഹരി ആയാണ് ഹണി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അഭിമുഖങ്ങളിൽ എല്ലാം കൃത്യമായി സംസാരിക്കുന്ന ഹണിയെയും ഇപ്പോൾ കാണാൻ കഴിയും. ഇപ്പോഴിതാ, വസ്ത്രധാരണത്തിൽ അടക്കം വന്നിട്ടുള്ള തന്റെ നല്ല മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ഹണി റോസ്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
സമയമെടുത്താണു താൻ മാറിയതെന്നാണ് ഹണി റോസ് പറയുന്നത്. തുടക്കത്തിൽ തനിക്ക് സംസാരിക്കാൻ പോലും അറിയില്ലായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഭിമുഖങ്ങൾക്കു പോയിരിക്കുമ്പോൾ ചോദ്യങ്ങളോട് ഒറ്റ വാക്കിലാണു പ്രതികരിച്ചിരുന്നത്. വളരെ അന്തർമുഖയായിരുന്നു ഞാൻ. ഒരു സ്ലീവ്ലെസ് ടോപ്പിടാനോ മര്യാദയ്ക്കു സംസാരിക്കാനോ ഒക്കെ അന്നുണ്ടായിരുന്ന പേടി സത്യത്തിൽ തന്റെ അറിവില്ലായ്മയായിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്ന് ഹണി റോസ് പറയുന്നു.
ആളുകൾ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു. മറ്റു സ്ഥലങ്ങളിൽ യാത്ര ചെയ്ത്, കൂടുതൽ ആളുകളെ കണ്ട് തുടങ്ങിയപ്പോഴാണ് ഇതൊന്നും തെറ്റല്ല, ഇതിലൊന്നും മോശമെന്ന് കരുതാൻ ഒന്നുമില്ലെന്ന് മനസ്സിലായത്. നാട്ടിൻപുറത്തു ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. അതിൽനിന്ന് ഒരുപാടു മാറി. ഇപ്പോൾ ഇഷ്ടമുള്ള കംഫർട്ടബിളായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നതെന്നും ഹണി റോസ് പറയുന്നു.
തന്റെ പതിനെട്ടു വർഷമായ കരിയറിനെ കുറിച്ചും ഹണി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പതിനെട്ടു വർഷമായിട്ടും അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹണി പറയുന്നു. ഉയർച്ചകളും താഴ്ചകളും ഒരുപാട് ഉണ്ടായിട്ടുണ്ട്. വിഷമം തോന്നിയ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇവിടെ ഉണ്ടെന്നതാണ് സന്തോഷം. ഒരു നായികയെ സംബന്ധിച്ച് ഇത്രയും വർഷങ്ങൾ നിലനിൽക്കുക എളുപ്പമല്ല. ഞാൻ വന്നതിനുശേഷം വന്ന പലരും ഫീൽഡിൽ ഇപ്പോൾ ഇല്ല, ഹണി പറയുന്നു.

ട്രിവാൻഡ്രം ലോഡ്ജ് മുതലാണ് സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയതും നല്ല സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയതും. ആ സിനിമ എനിക്കൊരു സ്കൂൾ പോലെയായിരുന്നു. അതിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ഇന്നും പ്രിയപ്പെട്ടതാണ്. അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് വൺ ബൈ ടു എന്ന സിനിമയിലെ ഡോ. പ്രേമ. എന്റെയൊരു സിനിമ തിയേറ്ററിൽ ആഘോഷിക്കപ്പെടുന്നത് കണ്ടത് ചങ്ക്സ് എന്ന സിനിമയാണെന്നും ഹണി റോസ് പറഞ്ഞു.
വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രമാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. മോൺസ്റ്റർ ആയിരുന്നു മലയാളത്തിലെ അവസാന ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിലെ പ്രകടനത്തിന് ഹണിക്ക് ലഭിച്ചത്. ഹണിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് മോൺസ്റ്ററിലെ ഭാമിനി വിശേഷിപ്പിക്കപ്പെട്ടത്.


Click it and Unblock the Notifications