'ഗ്ലാമറസാകുന്നത് ജോലിയുടെ ഭാഗം; എന്തിനും തയ്യാറായി നിൽക്കുന്നവരാണ് അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്': ഇനിയ
മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെ താരമായി മാറിയ നടിയാണ് ഇനിയ. മോഡലിങ് രംഗത്ത് നിന്നുമാണ് ഇനിയ സിനിമയിലേക്ക് എത്തുന്നത്. തമിഴിൽ നായികയായ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഇനിയ പിന്നീട് തമിഴിലെ നിറസാന്നിധ്യമാവുകയായിരുന്നു. മലയാളത്തിലും നിരവധി സിനിമകളിൽ അഭിയിച്ചെങ്കിലും ഇനിയക്ക് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത് തമിഴകത്ത് നിന്നാണ്.
ഗ്ലാമറസ് വേഷങ്ങളിലടക്കം ഇനിയ തിളങ്ങിയിട്ടുണ്ട്. അത്തരം വേഷങ്ങൾ ചെയ്യുന്നതിൽ നിന്ന് പൊതുവെ മലയാള നടിമാർ മാറിനിൽക്കുമ്പോൾ അവരിൽ നിന്ന് വ്യത്യസ്തയാവുകയായിരുന്നു ഇനിയ. എന്നാൽ ഗ്ലാമറസ് വേഷങ്ങളുടെ പേരിൽ ഒരുപാട് വിമർശനങ്ങളും സൈബർ ബുള്ളിയിങ്ങുമൊക്കെ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഇനിയ അതിനോട് നോ പറയാറില്ല.

ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിന് ആത്മവിശ്വാസം ആവശ്യമാണെന്നാണ് ഇനിയ പറയുന്നത്. മോഡലിങ് രംഗത്തുനിന്ന് വന്നതുകൊണ്ടാണ് തനിക്ക് അത് എളുപ്പമായതെന്ന് ഇനിയ പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഗ്ലാമറസ് കഥാപാത്രങ്ങൾ ഏത് ലെവൽ വരെ പോകണം എന്നത് നമ്മൾ തീരുമാനിക്കുന്നത് അനുസരിച്ചാണ്. അതിൽ നമ്മുടെ കോൺഫിഡൻസ് ആണ് പ്രധാനം അല്ലാതെ അക്കാര്യത്തിൽ ആരും നിർബന്ധിക്കില്ലെന്ന് ഇനിയ പറയുന്നു. കംഫർട്ട് ആണെങ്കിൽ ചെയ്യുക. ഗ്ലാമറും വൾഗറും രണ്ടും വേറെ വേറെയാണ്. ആദ്യമൊക്കെ തമിഴ് ഇൻഡസ്ട്രയിൽ ഫെയിമാകണമെങ്കിൽ അൽപമൊക്കെ വയർ കാണിക്കണം, ഗ്ലാമർ ആയാൽ മാത്രമേ ടോപ്പ് ലെവലിലേക്ക് എത്താൻ കഴിയൂ എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്.
എന്നാൽ അതൊക്കെ ജോലിയുടെ ഭാഗമാണെന്ന് കുറെ കഴിഞ്ഞ് മനസിലായി. അതിനെ മോശമായി നമ്മൾ കാണുമ്പോൾ ആണ് പ്രശ്‌നം. ഒരു കഥയ്ക്ക് വേണ്ടിയോ അല്ലെങ്കിൽ ഒരു ഗാനരംഗത്തിന് വേണ്ടിയോ ഗ്ലാമറസ് ആയി ചെയ്യുന്നതിൽ തെറ്റില്ലെന്ന് തന്നെയാണ് അഭിപ്രായമെന്നും ഇനിയ പറഞ്ഞു. നേരത്തെ മുതൽ മോഡലിങ് രംഗത്ത് സജീവമായത് കൊണ്ട് വസ്ത്രങ്ങളുടെ കാര്യത്തിൽ പ്രശ്നമുണ്ടായിരുന്നില്ല. ഏത് തരം വസ്ത്രങ്ങളിലും കംഫർട്ടബിൾ ആയിരുന്നു. അതിനെ ജോലിയുടെ ഭാഗമായേ കണ്ടിട്ടുള്ളുവെന്നും ഇനിയ വ്യക്തമാക്കി.
ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് നടിമാർ നേരിടേണ്ടി വരുന്ന സൈബർ ബുള്ളിയിങ്ങിലും ഇനിയ പ്രതികരിച്ചു. കലയെ കലയായി കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ ഒരിക്കലും മോശം കമന്റുകൾ ഇടില്ല. ഒരു പണിയുമില്ലാതെയിരിക്കുന്ന ആളുകളാണ് മോശം കമന്റുകൾ ഇടുന്നതെന്നായിരുന്നു ഇനിയയുടെ പ്രതികരണം. തനിക്കെതിരെ വരുന്ന ഗോസിപ്പുകളും ശ്രദ്ധിക്കാറില്ലെന്ന് താരം വ്യക്തമാക്കി.
സിനിമയിൽ നിന്നും ഇതുവരെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഇനിയ പറഞ്ഞു. നമ്മുടെ പ്രൈവറ്റ് സ്‌പേസിലേക്ക് പുറത്തുനിന്നും ഒരാളെ കടക്കാൻ അനുവദിച്ചാൽ മാത്രമേ നെഗറ്റീവ് ഇഷ്യൂസ് ഉണ്ടാവുകയുള്ളു എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. നമ്മൾ നമ്മളെ തന്നെ സൂക്ഷിച്ചാൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല. എവിടെ പോയാലും അച്ഛനോടും അമ്മയോടും സംഭവിച്ച കാര്യങ്ങളെല്ലാം പറയും. അടുത്ത കാലത്തായാണ് ഒറ്റയ്ക്ക് ഓരോ ഇടങ്ങളിൽ പോകാൻ തുടങ്ങിയത്. അതിനു മുൻപ് അമ്മ കൂടെയുണ്ടാകുമായിരുന്നെനും ഇനിയ പറഞ്ഞു.

ഇതുവരെ എല്ലാം ജാനുവിനായ പ്രോജക്റ്റുകളാണ് വന്നിട്ടുള്ളത്. അവസരത്തിനായി ആരും ഉപയോഗിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. അത് സിനിമയോട് കാണിക്കുന്ന പാഷൻ കൊണ്ടും അത്രയും ഡെഡിക്കേറ്റഡായി നിൽക്കുന്നതും കൊണ്ടാകാം. സിനിമ തനിക്ക് ഒരു ടൈം പാസ്സല്ല. അത് ഒരു പ്രൊഫഷനാണ്. അതല്ലാതെ പൈസയ്ക്ക് വേണ്ടി മാത്രം സിനിമ ചെയ്യുന്ന, എന്തിനും തയ്യാറായി നിൽക്കുന്നവരാകാം അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്. അവർക്കാണ് അത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതെന്നും ഇനിയ പറഞ്ഞു.
തന്റെ കരിയറിൽ വലിയ പങ്കുവഹിച്ചത് കുടുംബമാണെന്നും ഇനിയ പറഞ്ഞു. അച്ഛൻ മുസ്ലീമും അമ്മ ഹിന്ദുവും ആണ്. അവർക്ക് കുടുംബത്തിന്റെ സപ്പോർട്ട് ഒന്നും ലഭിച്ചിട്ടില്ല. തന്റെയും സഹോദരിയുടെയും എല്ലാ കാര്യങ്ങളും അവർ നോക്കി. വലിയ സ്‌കൂളിൽ പഠിപ്പിക്കാനും ഡാൻസ് പഠിപ്പിക്കാനും എല്ലാത്തിനും വിട്ടു. ഇപ്പോഴും എന്ത് ചെയ്യാനും സ്വാതന്ത്ര്യം നൽകുന്ന അച്ഛനും അമ്മയുമാണെന്ന് ഇനിയ പറയുന്നു.


Click it and Unblock the Notifications











