മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്ര ഹൈപ്പ് എന്തിന്? വിമര്‍ശിച്ച ആ നടി ആരാണ്?
മലയാള സിനിമയുടെ സീന്‍ മാറ്റിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം തന്നെ കുറിച്ചിരിക്കുകയാണ്. അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തേയും വലിയ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തിന് പുറത്തും മഞ്ഞുമ്മല്‍ ബോയ്‌സ് അമ്പരപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ഇതിനോടകം തന്നെ 25 കോടി പിന്നിട്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴ്‌നാട്ടില്‍ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ വിജയമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. അതിനിടെ തമിഴ് നടി മേഘ്‌ന മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം റിലീസായ അരിമാപ്പട്ടി ശക്തിവേല്‍ എന്ന സിനിമയിലെ നായികയാണ് മേഘ്‌ന എല്ലെന്‍. തന്റെ സിനിമയുടെ റിലീസ് ഷോയ്ക്ക് പിന്നാലെയായിരുന്നു മേഘ്‌നയുടെ വിവാദമായി മാറിയ പ്രതികരണം.

ഞാന്‍ ഒരു മലയാളിയാണ്. നിങ്ങളെല്ലാം പറയുന്ന ആ ചെറിയ സിനിമയുണ്ടല്ലോ മഞ്ഞുമ്മല്‍ ബോയ്‌സ്. ഫ്രാങ്കായി പറയുകയാണെങ്കില്‍, കേരളത്തില്‍ ഇത്രയൊന്നും പ്രതികരണമില്ല. എന്തുകൊണ്ടാണ് തമിഴ്‌നാട്ടില്‍ ഈ സിനിമ ഇങ്ങനെ ആഘോഷിക്കപ്പെടുന്നത് എന്ന് മനസിലാകുന്നില്ല. ചിലപ്പോള്‍ വ്യത്യസ്തമായ എന്തെങ്കിലും കൊടുത്തോ എന്നറിയില്ല. ഞാനും സിനിമ കണ്ടിരുന്നു. പക്ഷെ ഈ പറയുന്ന അത്രയൊന്നും തൃപ്തികരമായിരുന്നില്ല. അങ്ങനെയൊന്നും കിട്ടിയിരുന്നില്ല എന്നാണ് നടി പറയുന്നത്.
ഇതുപോലെയുള്ള ചെറിയ സിനിമകളേയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ മാത്രമേ മറ്റുള്ളവര്‍ക്കും ഇഷ്ടമാകൂ. എന്തെങ്കിലുമൊരു കണ്ടന്റ് ലഭിച്ചാല്‍ എല്ലാവരും അത് ഫോളോ ചെയ്യും. അത് തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഒരാള്‍ ഹൈപ്പ് കേറ്റിവിട്ടെന്ന് കരുതി എല്ലാവരും ഹൈപ്പ് കൊടുക്കുകയാണ്. അതില്‍ എന്താണ് ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു.
അതുപോലെയുള്ള ചെറിയ സിനിമകളെ പിന്തുണയ്ക്കുമ്പോള്‍ ഞങ്ങളുടെ സിനിമയേയും പിന്തുണയ്ക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഫ്രാങ്കായി പറയാനുള്ളത്, ഇവിടെ മലയാളം സിനിമ ആഘോഷിക്കുന്നത് പോലെ അവിടെ ആരും തമിഴ് സിനിമകള്‍ ആഘോഷിക്കാറില്ല. ചെറിയ സിനിമകള്‍ വരുന്നതും പോകുന്നതും അറിയില്ല. വിജയ് സിനിമ മാത്രമാണ് തമിഴില്‍ നിന്നും വന്ന് ഹിറ്റാകാറുള്ളത്. മറ്റ് തമിഴ് സിനിമകളൊന്നും ഞങ്ങള്‍ കാണാറേയില്ല എന്നും നടി പറയുന്നുണ്ട്.
ഞാന്‍ പോലും തമിഴ് സിനിമ കാണാനായി കൊയമ്പത്തൂര്‍ വരെ പോവാറാണ് പതിവ്. അവര്‍ തമിഴ് സിനിമയെ പ്രോത്സാഹിപ്പിക്കില്ല. പിന്നെ എന്തിനാണ് ഇവിടെ മലയാളം സിനിമകളെ ഇത്രത്തോളം പ്രോത്സാഹിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും നടി പറയുന്നുണ്ട്. എന്നാല്‍ ഈ സമയം മേഘ്‌നയുടെ സിനിമയുടെ സംവിധായകന്‍ നടിയുടെ വാക്കുകളെ തിരുത്തുകയായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഇമോഷന്‍സ് കണക്ട് ആകുന്നുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്. സംവിധായകന്റെ വാക്കുകളെ ചുറ്റുമുണ്ടായിരുന്ന ആള്‍ക്കൂട്ടം കയ്യടികളോടെ വരവേല്‍ക്കുന്നതും കാണാം.

മേഘ്‌നയുടെ വീഡിയോ വൈറലായി മാറിയതോടെ ആരാണ് ഈ നടിയെന്ന് തേടി മലയാളികളും ഇറങ്ങിത്തിരിക്കുകയായിരുന്നു. ട്രോളുകളിലെല്ലാം മേഘ്‌നയാണ് ഇപ്പോള്‍ താരം. സംവിധായകന്‍ കാണിച്ച വിവേകം നടി കണ്ടു പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തമിഴ് സിനിമകളിലൂടെയാണ് മേഘ്‌ന ശ്രദ്ധ നേടിയത്. 2017 ല്‍ പുറത്തിറങ്ങിയ ഉരുതിക്കോല്‍ എന്ന സിനിമയുടെയാണ് മേഘ്‌ന അഭിനയത്തില്‍ അരങ്ങേറുന്നത്. പിന്നീട് ബൈരി, ഐപിസി 376 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അതേസമയം മേഘ്‌നയുടെ വാക്കുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്ന കയ്യടിയില്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും ഇനി അങ്ങനെ തോന്നിയെങ്കില്‍ പോലും ഒരു സിനിമയെ മോശമാക്കിയല്ല സ്വന്തം സിനിമയ്ക്ക് വേണ്ടി സംസാരിക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കേരളത്തില്‍ മലയാള സിനിമള്‍ ആഘോഷിക്കുന്നില്ലെന്ന ആരോപണം തീര്‍ത്തും വസ്തുതാരഹിതമാണെന്നും ചെറിയ തമിഴ് സിനിമകള്‍ പോലും കേരളത്തില്‍ വിജയമുണ്ടാക്കാറുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.


Click it and Unblock the Notifications