മക്കൾക്ക് കൺഫ്യൂഷൻ പാടില്ല! വലുതാകുമ്പോൾ എന്ത് വേണമെന്ന് അവർക്ക് തീരുമാനിക്കാം; മതംമാറിയതിനെ കുറിച്ച് ജോമോൾ
ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ജോമോൾ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും പ്രേക്ഷകർക്ക് താരത്തോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയെ അവതരിപ്പിച്ചാണ് ജോമോൾ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് കുട്ടിമണിയും ജാനകിക്കുട്ടിയും വർഷയുമൊക്കെയായി മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു.
എന്നാൽ വളരെ കുറച്ചുകാലം മാത്രമാണ് ജോമോൾ സിനിമയിൽ സജീവമായി തുടർന്നത്. 2002ൽ ചന്ദ്രശേഖര്‍ പിള്ളയെ വിവാഹം ചെയ്തതൊടെ താരം സിനിമയിൽ നിന്നും ഇടവേളയെടുത്തു. വീട്ടുകാരുടെ എതിർപ്പുകളെയും മതത്തിന്റെ അതിർവരമ്പുകളെയും മറികടന്നുള്ള സംഭവബഹുലമായ ഒളിച്ചോട്ട കല്യാണമായിരുന്നു ഇവരുടേത്. ഇന്ന് രണ്ട് പെണ്‍മക്കളുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഗൗരിയും ചന്ദ്രശേഖറും.

ആര്യ, ആർജ എന്നിങ്ങനെയാണ് മക്കളുടെ പേര്. രണ്ടുപേരും അമ്മയോളം വളർന്നു കഴിഞ്ഞു. മൂത്തയാൾ ഡിഗ്രിക്കും ഇളയയാൾ പത്തിലുമാണ് പഠിക്കുന്നത്. വിവാഹശേഷം മതം മാറിയ ജോമോൾ ഗൗരി ചന്ദ്രശേഖർ പിള്ള എന്ന പേര് സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ മതം മാറാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജോമോൾ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താരം.
വീടിനെ കുറിച്ച് ചോദിച്ചപ്പോൾ രണ്ടു സംസ്കാരങ്ങളുടെ സംഗമഭൂമിയാണല്ലോ എന്നായിരുന്നു ജോമോളിന്റെ മറുപടി. വിവാഹത്തിന് മുൻപേ തന്നെ ഹൈന്ദവ ആചാരങ്ങൾ ഇഷ്ടമായിരുന്നു. വിവാഹത്തിനുശേഷം ഞാൻ ഹിന്ദുവായി. മക്കൾക്ക് ഭാവിയിൽ കൺഫ്യൂഷൻ ആകാതെയിരിക്കാൻ ആയിരുന്നു ആ തീരുമാനമെന്ന് ജോമോൾ പറയുന്നു. എന്നാൽ വലുതാകുമ്പോൾ എന്ത് വേണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും ജോമോൾ വ്യക്തമാക്കി.
ചന്ദ്രശേഖർ എന്ന ചന്തുവുമായി ജോമോളിന്റെ വിവാഹം കഴിഞ്ഞിട്ട് ഇരുപത് വർഷത്തിലേറെയായി. എന്റെ സിനിമകളൊന്നും ചന്തു കണ്ടിരുന്നില്ല. 'അന്ന് നിന്നെ കണ്ടിരുന്നുവെങ്കില്‍ ഞാന്‍ കെട്ടില്ലായിരുന്നു' എന്നൊക്കെ ചന്തു ഇടയ്ക്ക് പറയാറുണ്ട്. കാണാതെ ഇഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. പബ്ലിക് ചാറ്റ് പ്രൈവറ്റായി മാറ്റുകയായിരുന്നു. പിന്നീട് പ്രണയത്തിലുമായി. ഡിസംബര്‍ 31നായിരുന്നു ആ നിർണ്ണായക ദിവസമെന്നും ജോമോൾ അഭിമുഖത്തിൽ പറഞ്ഞു.
രണ്ടു മക്കളുടെ അമ്മയായെങ്കിലും പണ്ട് നിറത്തിൽ അഭിനയിച്ച ആ കോളേജ് കുമാരിയായിൽ നിന്നും ജോമോളിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും പഴയ ലുക്കിൽ തുടരുകയാണ് ജോമോൾ. കഴിഞ്ഞ ദിവസം ഗൃഹാലക്ഷ്മിയിൽ നിന്നുള്ള മക്കൾക്കൊപ്പമുള്ള ചിത്രം വൈറലായപ്പോൾ സന്തൂർ മമ്മി എന്നായിരുന്നു ആരാധകർ താരത്തെ വിശേഷിപ്പിച്ചത്. തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യവും ജോമോൾ അഭിമുഖത്തിൽ പങ്കുവയ്ക്കുകയുണ്ടായി.

'എല്ലാ ദിവസവും യോഗ ചെയ്യും. മടിപിടിച്ചിരിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കും. ഭാവിയിൽ മടിവരുമോ എന്ന് അറിയില്ല. പണ്ടൊക്കെ അത്യാവശ്യം മടി ഉണ്ടായിരുന്നു, അതിന് എക്സ്ക്യൂസുകളും. ഇപ്പോൾ സ്വന്തം ആരോഗ്യത്തെപ്പറ്റിയൊക്കെ കൂടുതൽ ബോധമുള്ള പ്രായമായല്ലോ. കുറച്ചുകൂടി സ്വയം സ്നേഹിക്കാൻ തുടങ്ങി', ജോമോൾ പറഞ്ഞു.
ഇന്ന് സിനിമകളിൽ നിന്നും വീട്ടുനിൽക്കുകയാണെങ്കിലും നല്ലൊരു അവസരം ലഭിച്ചാൽ ഉറപ്പായും അഭിനയത്തിലേക്ക് മടങ്ങിവരുമെന്നും ജോമോൾ വ്യക്തമാക്കി. അതേസമയം ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിലൂടെ ജോമോൾ തിരിച്ചുവരവ് നടത്തിയിരുന്നു. 2017 കെയർഫുൾ എന്നൊരു സിനിമയിലും അഭിനയിച്ചു. എന്നാൽ താരം തുടർന്ന് അഭിനയിച്ചിരുന്നില്ല. ഇപ്പോൾ റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായി ജോമോൾ എത്താറുണ്ട്. വീണ്ടും ജോമോളെ വെള്ളിത്തിരയിൽ കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകർ.


Click it and Unblock the Notifications











